ജനാധിപത്യത്തില്‍ സ്വകാര്യതയില്ലാതെ സ്വാതന്ത്ര്യത്തിന് നിലനില്‍പ്പില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍

ജനാധിപത്യത്തില്‍ സ്വകാര്യതയില്ലാതെ സ്വാതന്ത്ര്യത്തിന് നിലനില്‍പ്പില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം. ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നടക്കുന്ന വാദത്തിനിടെയാണ് ജനാധിപത്യത്തെ ഹനിക്കുന്നതാണ് ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുക്കയറ്റം എന്ന് അദ്ദേഹം വാദിച്ചത്.ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്ന ഒന്നാണ് സ്വകാര്യത. ഭരണഘടനയുടെ പ്രസ്താവനയില്‍ പറയുന്ന പരമാധികാരം, ജനാധിപത്യം എന്നീ വാക്കുകള്‍ സ്വകാര്യത ഉറപ്പ് നല്‍കുന്നതാണെന്നും അദ്ദേഹം സുപ്രീംകോടതിയില്‍ വാദിച്ചു.

ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്വകാര്യത മൗലികാവകാശമാണോയെന്നും പരിശോധിക്കുന്ന ബെഞ്ചിന് മുമ്പാകെ ഇന്ന് ആദ്യവാദം നടന്നു. ഗോപാല്‍ സുബ്രഹ്മണ്യം, സോലി സോരാബ്ജി, ശ്യാം ദിവാന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍ക്കായി വാദിക്കുന്നത്. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലാണ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്. ഹര്‍ജിക്കാരുടെ വാദത്തിന് ശേഷം സര്‍ക്കാരിന്റെ വാദം കോടതി കേള്‍ക്കും.
വിശാലമായ ആശയമാണ് സ്വകാര്യതയെന്നും,

വിവരകൈമാറ്റം ഇതിന്റെ ഒരു ഭാഗം മാത്രമാണെന്നും അദ്ദേഹം വാദിച്ചു. ആശയ സ്വാതന്ത്ര്യം, വിവേചനശക്തി, സ്വയം ഭരണം എന്നിങ്ങനെയുള്ളവയെ ബാധിക്കുന്നതാണ് സ്വകാര്യത. സ്വകാര്യത ഉറപ്പ് വരുത്താതെ മറ്റൊരു മൗലികാവകാശവും ഉറപ്പ് വരുത്താനാകില്ലെന്നു അദ്ദേഹം പറഞ്ഞു.