മെഡിക്കല്‍ കോളേജ്‌ കോഴ ആരോപണമല്ല ; സ്ഥിരീകരിച്ച് അന്വേഷണ കമ്മീഷന്‍ അംഗം എ കെ നസീര്‍

കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം സ്ഥിരീകരിച്ച് ബി.ജെ.പി. അന്വേഷണ കമ്മീഷന്‍ അംഗം എ.കെ. നസീര്‍. പ്രദേശിക നേതാക്കളുടെ മൊഴിയില്‍ എം.ടി. രമേശിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ എം.ടി. രമേശ് പണം വാങ്ങിയെന്ന് റിപ്പോര്‍ട്ടിലില്ലെന്നും അദ്ദേഹം പറഞ്ഞു.

കുമ്മനം രാജശേഖരന് മാത്രം അയച്ച റിപ്പോര്‍ട്ട് ചോര്‍ന്നത് പരിശോധിക്കണമെന്നും പറയാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്തുവെന്നതു തെറ്റായ ആരോപണമാണെന്നും ആര്‍.എസ്. വിനോദ് പണം വാങ്ങിയെന്നു സമ്മതിച്ചതാണെന്നും നസീര്‍ വ്യക്തമാക്കി.

അതേസമയം മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ കോഴ വാങ്ങിയെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. ദേശീയ നേതൃത്വം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഏതൊക്കെ ബി.ജെ.പി. നേതാക്കള്‍ ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉടന്‍ അന്വേഷിക്കുമെന്നും ജെ.പി. നഡ്ഡ പറഞ്ഞു.

അതേസമയം കോഴയാരോപണത്തിനു പിന്നില്‍ മുതിര്‍ന്ന നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്നും താന്‍ പറയാത്ത കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്നും ആര്‍.എസ്. വിനോദ് പ്രതികരിച്ചിരുന്നു.

മെഡിക്കല്‍ കോളേജിനു കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വര്‍ക്കല എസ്.ആര്‍. കോളജ് ഉടമ ആര്‍. ഷാജിയില്‍നിന്നു 5.60 കോടി രൂപ ആര്‍.എസ്. വിനോദ് വാങ്ങിയെന്നാണ് സമിതി കണ്ടെത്തിയത്.