റിലയന്‍സില്‍ 1000 രൂപ നിക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് 16.5 ലക്ഷം; മാസം 153 രൂപ നല്‍കാനില്ലാത്തവര്‍ക്കു ചെറിയ ഡേറ്റാ പ്ലാന്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് കമ്പനിയുടെ 40 വര്‍ഷത്തെ വളര്‍ച്ചാ കണക്കുകള്‍ പുറത്തുവിട്ടു. കമ്പനിയുടെ 40ാമത് വാര്‍ഷിക സമ്മേളനത്തിലാണ് ചെയര്‍മാന്‍ മുകേഷ് അംബാനി ഓഹരി ഉടമകളുമായി ഇക്കാര്യം പങ്കുവെച്ചത്.

1977ല്‍ റിലയന്‍സ് കമ്പനിയുടെ ഓഹരി മൂല്യം 10 കോടിയായിരുന്ന 2017 ആയപ്പോഴേക്കും അത് അഞ്ച് ലക്ഷം കോടിയിലെത്തി.  50,000 ഇരട്ടി വളര്‍ച്ചയാണ് കമ്പനി 40 വര്‍ഷം കൊണ്ട് നേടിയതെന്നും മുകേഷ് അംബാനി അറിയിച്ചു.

കമ്പനിയുടെ വരുമാനം 4700 ഇരട്ടി വര്‍ദ്ധിച്ചിട്ടുണ്ടെന്നും 1977ല്‍ 70 കോടിയായിരന്നത് 2017ല്‍ 3,30,000 കോടിയായി വര്‍ദ്ധിച്ചുവെന്നും ഇതിലൂടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തലാഭം 3 കോടിയില്‍ നിന്ന് 30,000 കോടിയിലെത്തിയതായും മുകേഷ് അംബാനി പറഞ്ഞു.

എല്ലാ രണ്ടര വര്‍ഷം കൂടുമ്പോഴും ഓഹരി ഉടമകളുടെ പണം ഇരട്ടിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. 1977ല്‍ റിലയന്‍സില്‍ 1000 രൂപ നിക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് 16.5 ലക്ഷം രൂപയാണെന്നും മുകേഷ് അംബാനി അറിയിച്ചു. 170 ദിവസത്തിലൂടെ റിലയന്‍സ് ജിയോക്ക് 10 കോടി ഉപഭോക്താക്കളെ ലഭിച്ചു. 10000 ജിയോ ഓഫീസുകളും 10 ലക്ഷം ജിയോ ഔട്ട്‌ലെറ്റുകളും സപ്തംബറോടെ ആരംഭിക്കും.

പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ജിയോ ഫോണിനൊപ്പം ടി.വി. കേബിള്‍ കൂടി ഉപഭോക്താക്കള്‍ക്കു നല്‍കും. ഏതു ടിവിയുമായും ഈ കേബിള്‍ വഴി ജിയോ ഫോണ്‍ ബന്ധിപ്പിക്കാം. മാസം 153 രൂപ നല്‍കാനില്ലാത്തവര്‍ക്കു ചെറിയ ഡേറ്റാ പ്ലാനുകളുമുണ്ട്. രണ്ട് ദിവസത്തേക്ക് 24 രൂപയ്ക്കും ഒരാഴ്ചത്തേക്ക് 54 രൂപയ്ക്കുമുള്ള പ്ലാനുകള്‍ ആണുള്ളത്. ജിയോ ഫോണ്‍ വരുന്നതിലൂടെ 2ജി ഫോണുകള്‍ കാലഹരണപ്പെടും. ജിയോയിലൂടെ പുതിയ ലോക റെക്കോര്‍ഡാണ് ഉണ്ടാകുന്നത്.
40 വര്‍ഷത്തിനിടെ റിലയന്‍സിന്റെ ലാഭം 4,700 മടങ്ങ് വര്‍ധിച്ചു. ഇക്കാലത്തിനിടെ മൂന്നു കോടിയില്‍നിന്നു 30,000 കോടി രൂപയിലേക്കു ആകെ ലാഭം ഉയര്‍ന്നു. 1977ല്‍ 32 കോടി രൂപയായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ആകെ സമ്പാദ്യം. ഇപ്പോള്‍ ഏഴു ലക്ഷം കോടി രൂപയിലെത്തി. വര്‍ധന 20,000 മടങ്ങ്. 1977ല്‍ കമ്പനിയിലെ ജീവനക്കാര്‍ 3500. ഇപ്പോള്‍ ലോകമാകെ രണ്ടര ലക്ഷം ജീവനക്കാര്‍.