യാത്രക്കാര്‍ക്ക് ആശ്വാമാസമായി കൊച്ചി വിമാനത്താവളത്തില്‍ പുതിയ ‘ചിത്രശലഭ ‘ റസ്റ്റോറന്റ് തുറന്നു

ജോര്‍ജ്ജ് ജോണ്‍

ഫ്രാങ്ക്ഫര്‍ട്ട്/കൊച്ചി: കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ പണികഴിപ്പിച്ച, ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള പുതിയ റെസ്റ്റോറന്റ് പ്രവര്‍ത്തനമാനരംഭിച്ചു. സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി. ജെ. കുര്യന്‍ റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു.

രാജ്യാന്തര ടെര്‍മിനലായ ടി 3 യുടെ മുന്‍വശത്തതാണ് ഭക്ഷണ ശാല സ്ഥിതി ചെയ്യുന്നത്. 12,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഭക്ഷണശാല മൂന്നേമുക്കാല്‍ കോടിയോളം രൂപ ചെലവിട്ടാണ് പണികഴിപ്പിച്ചത്. ഇരുന്നൂറിലധികം പേര്‍ക്ക് ഒരുമിച്ച് ഈ റെസ്റ്റോറന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. ലോകത്തിലെ മറ്റ് രാജ്യങ്ങളില്‍ ലഭിക്കുന്ന മിക്കവാറും എല്ലാ വിഭവങ്ങളും ഇവിടെ ലഭിക്കും, ഇത് പ്രവാസികള്‍ക്ക് അനുഗ്രഹപ്രദമാകുമെന്നാണ് വിലയിരുത്തുന്നത്.

ആധുനിക ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സിയാലാണ് നല്‍കിയത്. വളരെ കുറച്ച് വാടക വാങ്ങി പരമാവധി ആനുകൂല്യം ഉപയോക്താക്കള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ടെന്‍ഡര്‍ വിളിച്ച് നടത്തിപ്പുകാരെ കണ്ടെത്തിയത്.

അതേസമയം വിമാനത്താവളത്തില്‍ ജോലിചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള എണ്ണായിരത്തോളം ജീവനക്കാര്‍ക്ക് തുച്ഛമായ നിരക്കില്‍ ഭക്ഷണം നല്‍കാന്‍ കഴിയും. യാത്രക്കാര്‍ക്കും, പൊതുജനങ്ങള്‍ക്കും താരതമ്യേന കുറഞ്ഞ ചെലവില്‍ ഇവിടെ നിന്നും ഭക്ഷണം ലഭിക്കും.