നെറ്റിപ്പട്ടം കെട്ടുന്ന ‘ഇതിഹാസ’ങ്ങളേ കനല്‍വഴി താണ്ടുന്ന ചിത്രയുടെ മാതാവിന്റെ കണ്ണുനീര്‍ എന്തേ കണ്ടില്ല

നിരീക്ഷകന്‍

സിജിന്‍ എന്ന പരിശീലകന് പിന്നില്‍ ഒതുങ്ങി നില്‍ക്കുന്ന നാണം കുണുങ്ങിയായ പെണ്‍കുട്ടി. അവള്‍ ട്രാക്കിലിറങ്ങിയാലോ തീക്കാറ്റായി മാറും. എത്ര ട്രാക്കുകളാണ് ആ കുതിപ്പിന് മുന്നില്‍ നമിച്ചത്. വര്‍ഷം 2013. താപനില മൂന്ന് ഡിഗ്രി സെല്‍ഷസിലേക്ക് താഴ്ന്ന ഇറ്റാവയില്‍ നിന്നും 25 കിലോ മീറ്റര്‍ അകലെയുള്ള സയ്ഫായി അത്‌ലറ്റിക് സ്റ്റേഡിയം.

ദേശീയ സ്‌കൂള്‍ കായികമേളയുടെ ട്രാക്ക്. പുലര്‍ക്കാലം ആറ് മണി. മരംകോച്ചുന്ന കുളിരില്‍ 5000 മീറ്ററില്‍ പെണ്‍കുട്ടികളുടെ പോരാട്ടം. ഓണ്‍ യുവര്‍ മാര്‍ക്ക്…ട്രാക്കില്‍ വെടി പൊട്ടി. പരസ്പരം കാണാതെ മഞ്ഞിന്‍ ആവരണത്തില്‍ മൂടിയ സിന്തറ്റിക് ട്രാക്കിലൂടെ അവള്‍ കുതിച്ചു പാഞ്ഞു. പന്ത്രണ്ടര ലാപ്പ് പിന്നിട്ട ആ കൊലുന്നനെയുള്ള പെണ്‍കുട്ടി സുവര്‍ണ നേട്ടം കൊയ്തു. അവള്‍ പി.യു ചിത്ര. 3000, 1500, ക്രോസ്‌കണ്‍ട്രി. നാല് പൊന്നുമായി ചിത്രതാരകമായി വിരിഞ്ഞു.

നാനോ കാറും കൈനിറയെ പണവും നല്‍കിയാണ് ചിത്രയെ അന്ന് യാദവ രാഷ്ട്രീയത്തിലെ അതികായകന്‍ മുലായം സിംങ് യാദവ് തന്റെ ജന്‍മഗ്രാമത്തില്‍ ആദരിച്ചത്. പിന്നീട് ഒരു ട്രാക്കിലും ചിത്രയ്ക്ക് പിന്തിരിഞ്ഞോടേണ്ടി വന്നിട്ടില്ല. ചിത്ര മെഡലുകളുമായി ജ്വലിച്ചു. അസമില്‍ സാഫ് ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണം. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം. മുണ്ടൂര്‍ ഗ്രാമത്തിലെ ഇല്ലായ്മകളുടെ നടുവില്‍ നിന്നും ജീവിതം കരുപിടിപ്പിക്കാന്‍ രാജ്യാന്തര ട്രാക്കുകളില്‍ അവള്‍ ജ്വലിക്കുകയാണ്.

ഈ മുന്നേറ്റത്തെ ആരൊക്കെയോ ഭയപ്പെടുന്നുവോ. അതില്‍ ഇന്ത്യന്‍ ‘ഇതിഹാസ’ താരമെന്ന് വാഴ്ത്തപ്പെട്ടവരും ഉണ്ടാവുന്നു. തന്റെ ശിഷ്യരല്ലാതെ ഏതൊരു മലയാളി പെണ്‍കൊടിയും മെഡലുകള്‍ നേടിയാല്‍ ആ മുഖം കറുക്കും. എന്തേ ഇതിഹാസങ്ങള്‍ക്ക് ഇങ്ങനെ ചുവടു പിഴക്കുന്നത്. ഓരോ വര്‍ഷവും ലക്ഷങ്ങള്‍ കണക്കു പറഞ്ഞും കരഞ്ഞും വാങ്ങുന്നവര്‍. അത്യാനുധിക സൗകര്യം ഒരുക്കാന്‍ ഖജനാവില്‍ നിന്നും സാധാരണക്കാരന്റെ നികുതി പണം ചിലവിട്ടത് കോടികളാണ്. എന്നിട്ടും സാധാരണ കുടുംബത്തില്‍ നിന്നും പ്രതീക്ഷയോടെ എത്തിയ ചിത്രയുടെ അവസരം തല്ലിക്കെടുത്തി.

ലണ്ടന്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഇവരെല്ലാം വിനോദസഞ്ചാരത്തിന് പോകുന്നുണ്ട്. 24 കായിക താരങ്ങള്‍ക്ക് 13 ഒഫിഷ്യല്‍സ്. മലയാളികളായി പി.ടി ഉഷയും അഞ്ജു ബോബി ജോര്‍ജും ടോണി ദാനിയേലും രാധാകൃഷ്ണന്‍ നായരും. എന്തിനാണ് ഇവരെല്ലാം പോകുന്നതെന്ന് ആര്‍ക്കുമറിയില്ല. ഇന്ത്യയുടെ മെഡല്‍ നേട്ടം എന്താവുമെന്നും. അത്‌ലറ്റിക് ഫെഡറേഷന്‍ സെലക്ടര്‍മാര്‍ ചിത്രയെ പട്ടികയില്‍ നിന്നും വെട്ടിമാറ്റുമ്പോള്‍ മൗനം പാലിച്ചതിനുള്ള സമ്മാനമോ ഈ യാത്ര. അതോ തങ്ങള്‍ക്ക് പോവാനായി ഇവരെല്ലാം ചേര്‍ന്ന് ഗ്രാമീണ താരത്തിന്റെ അവസരം മുടക്കിയതോ. രണ്ടായാലും നിങ്ങളോട് കേരളം ക്ഷമിക്കില്ല.

ചിത്ര നീതിതേടി നീതി പീഠത്തേ സമീപിച്ചിരിക്കുന്നു. എന്നാല്‍, കോടതി നീതി നല്‍കിയാലും ലണ്ടന്‍ ട്രാക്ക് അപ്രാപ്യമാണ്. ചൊവ്വാഴ്ച രാത്രി 12 ഓടെ എന്‍ട്രി സമര്‍പ്പണം അവസാനിച്ചു കഴിഞ്ഞു. രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ ഇനി കനിയാന്‍ സാധ്യത വിരളം. ഇനി കനിയാന്‍ തയ്യാറായാലും ഈ താപ്പാനകള്‍ സമ്മതിക്കുമോ. അവര്‍ വഴി മുടക്കുമെന്ന് ഉറപ്പ്.

ഒരു മാനദണ്ഡവും ടീം സെലക്ഷന്‍ പുലര്‍ത്താത്ത കായിക സംഘടനയാണ് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍. മറ്റു രാജ്യങ്ങള്‍ക്കെല്ലാം വ്യക്തവും സുതാര്യവുമായ മാനദണ്ഡങ്ങള്‍ നടപ്പാക്കി തന്നെയാണ് ടീം സെലക്ഷന്‍ നടത്തുന്നത്. വടക്കേന്ത്യന്‍ ഗോസായിമാര്‍ നയിക്കുന്ന കായിക സംഘടനയിലെ പെട്ടിയെടുപ്പുകാരായി മാറി കേരളത്തില്‍ നിന്നുള്ള ഭാരവാഹികള്‍. അതില്‍ ഒളിംപ്യന്‍മാര്‍വരെ ഉണ്ടെന്നത് കായിക കേരളത്തിന് അപമാനമാണ്.

ചിത്രയെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ കണ്ണുനീര്‍ നിങ്ങള്‍ കണ്ടുവോ. മകള്‍ ട്രാക്കില്‍ ഓടാനിറങ്ങുമ്പോള്‍ ഒരിക്കലും വസന്തയെന്ന ആ അമ്മ അതൊന്നും കണ്ടിട്ടില്ല. പറഞ്ഞു കേട്ടിട്ടേയുള്ളു. മക്കളെ വളര്‍ത്താന്‍ വീട്ടു ജോലിക്ക് പോയും പാടത്തും പറമ്പിലും കൂലിപ്പണിയെടുത്തും

ഉണ്ണിക്കൃഷ്ണനും വസന്തയും മകളെ ഇവിടെ വരെ എത്തിച്ചത്. അല്ലാതെ ഇതിഹാസങ്ങള്‍ കണക്കു പറഞ്ഞ് താരങ്ങളെ പിഴിഞ്ഞെടുക്കുന്നത് പോലല്ല. ആ അമ്മയുടെ കണ്ണീരിനും നിങ്ങള്‍ കാലത്തിന് മറുപടി നല്‍കേണ്ടി വരും.

ചിത്രയുടെ നിയമ പോരാട്ടം ലണ്ടനിലേക്കുള്ള വാതില്‍ തുറക്കാം ഇല്ലാതിരിക്കാം. എങ്കിലും കൃത്യമായ മാനദണ്ഡവും ടീ സെലക്ഷനും നടപ്പാക്കാനുള്ള വിധിയായി ആ നിയമ പോരാട്ടം മാറണം. റിയോയിലേക്ക് യോഗ്യത നേടിയിട്ടും തഴയപ്പെട്ട അനുരാഘവന് സംഭവിച്ചതും ഇതേ ഇടപെടലുകള്‍ തന്നെയായിരുന്നു. അന്നും പ്രതിസ്ഥാനത്ത് ഇതിഹാസ താരവും.

ഇന്ത്യയുടെ ഓരോ കിരീട നേട്ടത്തിനും ട്രാക്കിലും ഫീല്‍ഡിലും വിയര്‍പ്പൊഴുക്കുന്ന ചിത്രയെ പോലുള്ള കായിക താരങ്ങള്‍ക്ക് ഇനി ഇത്തരം ഒഴിവാക്കലുകളെ നേരിടേണ്ടി വരരുത്. ഈ നിയമ പോരാട്ടത്തിന് ചിത്രയുടെ ലണ്ടന്‍ മോഹം പൂവണിയിക്കാന്‍ കേരളീയ സമൂഹം ഒറ്റക്കെട്ടായി പിന്നില്‍ ഉണ്ട്. മുഖം മൂടി അണിഞ്ഞ ഇതിഹാസങ്ങളെ അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

വാല്‍കഷണം: ഗുരുവായൂര്‍ കേശവനെ എഴുന്നെള്ളിക്കുന്നത് മനസിലാക്കാം. എന്നാല്‍ അവന്റെ പാപ്പാനെയും നെറ്റിപ്പട്ടം കെട്ടി മുന്നില്‍ നിര്‍ത്തണോ. പണ്ടെങ്ങോ കിട്ടിയ ഒളിംപിക്‌സിലെ നാലാം സ്ഥാനമാണ് അതിന് ഹേതു. ആ നാലാം സ്ഥാനം രാജ്യത്തെ കായിക താരങ്ങള്‍ക്ക് എന്തൊക്കെ വിനയാണ് വരുത്തി വെയ്ക്കുന്നത്…ശിവ ശിവ…