യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം: അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിട്ടുണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍

സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ തന്റെ അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിട്ടുണ്ടെന്ന് വി.എസ്. അച്യുതാനന്ദന്‍. കേന്ദ്രകമ്മിറ്റിയില്‍ തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്കകത്ത് പറഞ്ഞ കാര്യങ്ങള്‍ പുറത്തുപറയുന്നത് ശരിയല്ലെന്നും വിഎസ് പറഞ്ഞു.
യെച്ചൂരിയെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. കേന്ദ്രകമ്മറ്റി ചേരുന്നതിന് ഇടയിലാണ് രാജ്യസഭാ സീറ്റ് സംബന്ധിച്ച് വി.എസ്. തന്റെ അഭിപ്രായം കുറിപ്പായി നല്‍കിയത്.

ഇതോടെ പിറ്റേ ദിവസത്തെ കേന്ദ്രകമ്മിറ്റി അജന്‍ഡയില്‍ വിഷയം ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുകയും ചെയ്തു. യെച്ചൂരി രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് പിന്തുണയില്‍ മല്‍സരിക്കേണ്ടതില്ലെന്നാണ് കേന്ദ്രകമ്മിറ്റി തീരുമാനം.