നടിക്കെതിരായ മോശം പരാമര്‍ശം; സെന്‍കുമാറിനെതിരെ അന്വേഷണം തുടങ്ങി, ഡബ്ല്യുസിസി യുടെ പരാതിയില്‍

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറിനെതിരെ അന്വേഷണം തുടങ്ങി. ചലചിത്ര മേഖലയിലെ വനിതാ കൂട്ടായമയുടെ പരാതിയില്‍ ഡി.ജി.പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

എ.ഡി.ജി.പി. ബി. സന്ധ്യക്കാണ് അന്വേഷണച്ചുമതല. നടിക്കെതിരെ സെന്‍കുമാര്‍ അതീവ മോശം പരാമര്‍ശം നടത്തിയതായി സമകാലിക മലയാളം വാരിക പത്രാധിപര്‍ വെളിപ്പെടുത്തിയിരുന്നു.

വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് സെന്‍കുമാറിന്റെ പരാതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് പത്രാധിപര്‍ സജി ജയിംസ് സെന്‍കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുള്ള കത്ത് പോലീസ് മേധാവിയ്ക്ക് കൈമാറിയത്.

അഭിമുഖത്തിനിടെ സെന്‍കുമാറിന് വന്ന ഒരു ഫോണ്‍ കോളിനിടെ നടിയെക്കുറിച്ച് മോശമായി സംസാരിച്ചെന്നും എന്നാല്‍ തങ്ങളുടെ ലേഖകനോട് പറഞ്ഞ കാര്യമല്ലാത്തതിനാല്‍ അത് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.