കോവളം കൊട്ടാരം ആര്‍ക്കുസ്വന്തം? കൊട്ടാരം കൈമാറുന്നതുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം…

അങ്ങനെ കോവളം കൊട്ടാരം രവിപിള്ളയെ ഏല്‍പ്പിക്കാന്‍ ഇടതുപക്ഷമന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. പ്രതീക്ഷിച്ചതു പോലെതന്നെ, മുമ്പ് പ്രതിപക്ഷത്തായിരുന്ന ഇപ്പോഴത്തെ ഭരണപക്ഷം,പഴയ ഭരണപക്ഷത്തിന്റെ വാദമുഖങ്ങളുമായി തങ്ങളുടെ നടപടിയെ ന്യായീകരിക്കുന്നു. മറ്റുവഴിയൊന്നും ഇല്ലായിരുന്നു എന്നും, കേരളസര്‍ക്കാരല്ല, കേന്ദ്രമാണ് യഥാര്‍ത്ഥ കുറ്റവാളി എന്നും സ്ഥാപിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നു.

ഇപ്പോള്‍ പ്രതിപക്ഷത്തുള്ള പഴയ ഭരണപക്ഷമാകട്ടെ, പണ്ടത്തെ പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും പൂര്‍വാധികം ശക്തിയായി ഏറ്റുപിടിക്കുന്നു. ചാനല്‍ ചര്‍ച്ചകളിലും പത്രത്താളുകളിലും കത്തിക്കയറുന്നു. സാധാരണ പോലെത്തന്നെ ഇരുവിഭാഗങ്ങളിലുമുള്ള ചാവേറുകള്‍ ന്യായീകരണ ദൗത്യവുമായി പതിനെട്ടടവും പയറ്റിത്തളരുന്നു.

പ്രശ്‌നങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തി നിലപാടെടുക്കുക; ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ആ നിലപാടില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുക തുടങ്ങിയ മൂല്യങ്ങളൊന്നും നമ്മുടെ രാഷ്ട്രീയരംഗത്ത് ഒരു കാലത്തും ഉണ്ടായിരുന്നില്ല. പക്ഷേ നമ്മുടെ ജനാധിപത്യത്തിന് അത്രയൊന്നും പക്വത കൈവരാത്തതുകൊണ്ടാവാം. എന്നാലും ആളുകള്‍ക്ക് സത്യം മനസ്സിലാകണമല്ലോ. ആരാണ് കൊട്ടാരത്തിന്റെയും ചുറ്റുപാടുമുള്ള 65ഏക്കര്‍ഭൂമിയുടെയും യഥാര്‍ത്ഥ ഉടമസ്ഥര്‍? എന്തുകൊണ്ടാണ് കൊട്ടാരം സ്വകാര്യവ്യക്തികള്‍ക്ക് വിട്ടുകൊടുക്കണം എന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും ഉത്തരവിടാന്‍ കാരണം?

കൊട്ടാരവും വസ്തുവകകളും ഏറ്റെടുത്തുകൊണ്ട് കേരളനിയമസഭ പാസ്സാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണ് എന്നുപ റയാന്‍ കാരണമെന്താണ്? കൊട്ടാരം രവിപിള്ളയ്ക്ക് ഏല്‍പ്പിച്ചു കൊടുക്കുകയല്ലാതെ കേരളസര്‍ക്കാറിന്റെ മുന്നില്‍ മറ്റുവഴിയൊന്നും ഇല്ലായിരുന്നോ? അങ്ങനെയെങ്കില്‍എന്തുകൊണ്ടാണ് പിണറായിക്കും കൂട്ടര്‍ക്കും പണ്ട് പ്രതിപക്ഷത്തായിരുന്നപ്പോള്‍ അക്കാര്യം ബോധ്യപ്പെടാതെ പോയത്? ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ഈ വസ്തുത ഓര്‍മ്മയില്‍ വരാന്‍ വീണ്ടും അവര്‍ക്ക് ഭരണം കിട്ടേണ്ടി വരുമോ? എന്താണ് കോവളം കൊട്ടാരം സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകള്‍?

1930 മെയ്25ന് കൊല്ലം ബിഷപ്പ് റവ.അലോഷിയസ് ബെന്‍ജിഗര്‍ എന്നയാളുടെ കയ്യില്‍ നിന്ന്, കോവളത്തുള്ള 18ഏക്കര്‍ 10സെന്റ് ഭൂമി, മകയീര്യം തിരുനാള്‍ രാമവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ അഥവാ എം.ടി. രാമവര്‍മ്മ വിലകൊടുത്തുവാങ്ങുന്നതോടെയാണ് കോവളം കൊട്ടാരത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. രാമവര്‍മ്മയാണ് അവിടെ കൊട്ടാരം പണിയുന്നത്. രാമവര്‍മ്മ പണിതതുകൊണ്ട് അതിന്റെ പേര് കൊട്ടാരം എന്നായി. ബിഷപ്പാണ് പണിതിരുന്നതെങ്കില്‍ അരമനയോ പള്ളിമേടയോ ആയേനേ. പൈതൃകസ്വത്ത് എന്ന് മുറവിളി കൂട്ടാനുള്ള സാധ്യതയും നഷ്ടമായേനേ…!

ടൂറിസം വികസന പദ്ധതി നടപ്പിലാക്കുന്നതിനായി 1962ല്‍, കൊട്ടാരവും 19ഏക്കര്‍13സെന്റ് സ്ഥലവും, കേരളസര്‍ക്കാര്‍ ഏറ്റെടുത്തു. പ്രതിഫലമായി 526431രൂപ എം.ടി. രാമവര്‍മ്മയ്ക്ക് നല്കുകയും ചെയ്തു. 1964ല്‍ ഈ സ്ഥലം കേരളാടൂറിസം ഡിപ്പാര്‍ട്‌മെന്റ് ഏറ്റെടുത്ത് കോവളം പാലസ് ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി കോവളത്തെ വികസിപ്പിക്കാന്‍ ഇതിനിടയില്‍ കേന്ദ്രഗവണ്മെന്റിന്നു കീഴിലുള്ള ഐ.ടി.ഡി.സി. പദ്ധതിതയാറാക്കി.

കോവളത്ത് ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ആരംഭിക്കുന്നതിനും അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്രഗവണ്മെന്റ് മുഖാന്തിരം ഐ.ടി.ഡി.സി. കേരള ഗവണ്മെന്റിനോട് സ്ഥലം ആവശ്യപ്പെട്ടു. സംസ്ഥാനസര്‍ക്കാര്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കുകയും 950534.30രൂപ പ്രതിഫലം കൈപ്പറ്റിക്കൊണ്ട്, കോവളം കൊട്ടാരവും സമീപത്തുള്ള 43ഏക്കര്‍സ്ഥലവും ഐ.ടി.ഡി.സി.ക്കു കൈമാറാന്‍ തീരുമാനിക്കുകയും ചെയ്തു. 29-11-1969ന് ഈ തീരുമാനത്തിന് പ്രസിഡണ്ടിന്റെ അനുമതി ലഭിച്ചു.

കൈമാറ്റത്തിന്റെ വിശദാംശങ്ങള്‍ (ടേംസ്ആന്റ്കണ്ടീഷന്‍സ്) പിന്നീട് തീരുമാനിക്കുന്നതാണ് എന്ന വ്യവസ്ഥയോടെ, 18-7-1970ന് കേരള സര്‍ക്കാര്‍ ഈ ഭൂമി ഐ.ടി.ഡി.സിക്കു കൈമാറി. ഇതേ ആവശ്യത്തിനായി 1972നും 1976നും ഇടയില്‍ 8ഏക്കര്‍ 48സെന്റ് സ്ഥലം വീണ്ടും കേരളാ സര്‍ക്കാര്‍ ഏറ്റെടുത്തു നല്കുകയുണ്ടായി. 1976ലും 1994ലുമായി കേന്ദ്രടൂറിസം ഡിപ്പാര്‍ട്‌മെന്റ് ഈ സ്ഥലത്ത് നിരവധി കെട്ടിടങ്ങളും മറ്റുവികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. സ്ഥലത്തിന്റെ കൈമാറ്റം രണ്ടു സര്‍ക്കാറുകള്‍ തമ്മിലായതുകൊണ്ട്, ഭൂമി കൈമാറ്റത്തിനു സാധാരണ ചെയ്യുന്നതുപോലെയുള്ള രേഖകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇങ്ങനെ ഐ.ടി.ഡി.സി. 64.5ഏക്കര്‍ സ്ഥലം കൈവശം വെച്ച് അനുഭവിച്ചു പോന്നു.

ഇക്കാലത്താണ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യഏജന്‍സികള്‍ക്ക് വില്‍ക്കുക എന്നൊരുനയം കേന്ദ്രഗവണ്മെന്റ് നടപ്പിലാക്കുകയും ഇതിനുവേണ്ടി ഡി ഇന്‍വസ്റ്റ്‌മെന്റ് കമ്മീഷനെ നിയമിക്കുകയും ചെയ്തത്. ഹോട്ടല്‍ വ്യവസായം അത്ര ദേശീയ പ്രാധാന്യം ഉള്ളതല്ല എന്നും, ഈ രംഗത്ത് കേന്ദ്രഗവണ്മെന്റ് നിര്‍വഹിക്കേണ്ട കര്‍ത്തവ്യം നിര്‍വഹിച്ചു കഴിഞ്ഞു എന്നുമായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍.ഇതനുസരിച്ച് ഇന്ത്യയുടെ വിവിധഭാഗങ്ങളിലായി കേന്ദ്രഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ഹോട്ടല്‍ വ്യവസായ സംരംഭങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചു.

2002 ജനുവരിയില്‍ കോവളം ഹോട്ടലും ചുറ്റുമുള്ള 65ഏക്കര്‍ സ്ഥലവുമടക്കം ഇന്ത്യയിലെ 9 ഹോട്ടലുകള്‍ വില്‍ക്കാന്‍ കേന്ദ്രഗവണ്മെന്റ് ആഗോള ടെന്റര്‍ പരസ്യപ്പെടുത്തി. 436876000 (നാല്‍പ്പത്തിമൂന്നുകോടി, അറുപത്തിയെട്ടു ലക്ഷത്തി എഴുപത്തി ആറായിരം) രൂപയ്ക്ക് കോവളം ഹോട്ടലും അശോക് ബീച്ച് റിസോര്‍ട്ടുംചുറ്റുമുള്ള സ്ഥലവും കേന്ദ്രഗവണ്മെന്റില്‍ നിന്നും ഗള്‍ഫാര്‍ ഗ്രൂപ്പ് വാങ്ങിച്ചു. പിന്നീട് ഗള്‍ഫാര്‍ ഗ്രൂപ്പില്‍ നിന്ന് ലീലാ ഗ്രൂപ്പും അവരില്‍ നിന്ന് രവിപിള്ളയുടെ ആര്‍.പി. ഗ്രൂപ്പും കൊട്ടാരത്തിന്റെയും സ്വത്തിന്റെയും ഉടമസ്ഥാവകാശം വിലകൊടുത്തുവാങ്ങി.

ശ്രീ.എം.ടി. രാമവര്‍മ്മയുടെ പേരക്കുട്ടിയില്‍ നിന്ന് 2004 ജൂണ്‍ മാസത്തില്‍, കേരളസര്‍ക്കാരിന് ഒരു പരാതി ലഭിക്കുന്നതോടെയാണ് കോവളം കൊട്ടാരം വീണ്ടും ചര്‍ച്ചാവിഷയമാകുന്നത്. കോവളം കൊട്ടാരവും ചുറ്റുമുള്ള സ്ഥലവും രാജ്യത്തിന്റെ പൈതൃകസ്വത്തായി നിലനിര്‍ത്തണം എന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് കൊട്ടാരം സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സംരക്ഷണ സമിതിയും മാധ്യമങ്ങളും രാഷ്ട്രീയക്കാരുമൊക്കെ രംഗത്തുവന്നു.

കോവളം കൊട്ടാരവും അത് സ്ഥിതിചെയ്യുന്ന സര്‍വെ നമ്പര്‍385/1ലെ10.19ഏക്കര്‍ ഭൂമിയുംഏറ്റെടുത്തു കൊണ്ട്18-4-2004ന് കേരളസര്‍ക്കാര്‍ ഉത്തരവിറക്കി. 25-9-2004ന് ഇതേ കാര്യത്തില്‍, കുറച്ചുകൂടി വിശദമായി മറ്റൊരു ഉത്തരവുകൂടി ഇറക്കുകയും അന്നുതന്നെ കൈവശക്കാര്‍ക്ക് നോട്ടീസ് നല്കുകയും ചെയ്തു.കൈവശക്കാര്‍ കോടതിയെ സമീപിക്കുകയും കൊട്ടാരം ഏറ്റടുത്ത കേരളസര്‍ക്കാര്‍ നടപടി, 1-10-2004ന് കോടതി റദ്ദാക്കുകയും ചെയ്തു. ആര്‍ബിട്രറി ആന്റ് വിത്തൗട്ട് അതോറിറ്റി ഓഫ് ലോ (നിയമ സാധുതയില്ലാതെ തന്നിഷ്ടപ്രകാരമുള്ള നടപടി) എന്നാണ് സര്‍ക്കാര്‍ നടപടിയെ കോടതി വിശേഷിപ്പിച്ചത്.

ഇതേത്തുടര്‍ന്ന് കേരളസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തു. എന്നാല്‍,കേസില്‍ സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിക്കുന്നതിനു മുമ്പുതന്നെ 2005ല്‍, കൊട്ടാരം ഏറ്റെടുത്തു കൊണ്ട് കേരളസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയും, പിന്നീട്12-8-2005ന്, കോവളം പാലസ് ടെയ്ക്കിംഗ് ഓവര്‍ (ബൈറിസംപ്ഷന്‍) ആക്ട് 2005 എന്ന പേരില്‍ അസംബ്ലി നിയമംപാസ്സാക്കുകയും ചെയ്തു. ഈ നിയമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനവും അതുകൊണ്ടു തന്നെ നിലനില്‍ക്കാത്തതുംആണ് എന്നായിരുന്നു സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. റൂള്‍ ഓഫ് ലോ, സെപ്പരേഷന്‍ ഓഫ് പവേഴ്‌സ് എന്നിവയുടെ ലംഘനവും, ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനും ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കും എതിരുമാണ് കേരള നിയമസഭപാസ്സാക്കിയ,കോവളം കൊട്ടാരം ഏറ്റെടുക്കല്‍ നിയമം എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ള (കേന്ദ്രവും സംസ്ഥാനവും തമ്മിലോ, രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലോ) ഉള്ള തര്‍ക്കം തീര്‍ക്കാന്‍ നിയമനിര്‍മ്മാണം കൊണ്ട് ശ്രമിക്കരുത് എന്നഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിന് എതിരായാണ് കേരളനിയമസഭ പ്രവര്‍ത്തിച്ചത് എന്നനിരീക്ഷണം വാസ്തവത്തില്‍ നമ്മുടെ നിയമവകുപ്പിനുതന്നെ നാണക്കേടാണ്.

കോവളം കൊട്ടാരവും ചുറ്റുമുള്ള ഭൂമിയും ഉള്‍പ്പെട്ട സ്വത്തിന്റെ യഥാര്‍ത്ഥ അവകാശം ആര്‍ക്ക് എന്നതു സംബന്ധിച്ച തര്‍ക്കത്തില്‍ ഹൈക്കോടതിയോ സുപ്രീംകോടതിയോ ഇടപെടുകയോതീര്‍പ്പു കല്‍പ്പിക്കുകയോ ചെയ്തിട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. യഥാര്‍ത്ഥത്തില്‍ ഈ കാര്യത്തിലാണ് കേരളത്തിലെ ജനങ്ങള്‍ക്കു താല്പര്യമുള്ളത്.

1973ല്‍, 43ഏക്കര്‍ ഭൂമി കേന്ദ്രസര്‍ക്കാരിന് കൈമാറുമ്പോള്‍ ടേംസ് ആന്റ് കണ്ടീഷന്‍സ് പിന്നീട് തീരുമാനിക്കും എന്ന് പറഞ്ഞുന്നുവെങ്കിലും അക്കാര്യം പിന്നീട് തീരുമാനിക്കുകയുണ്ടായില്ല. കോവളം സ്വത്തിലെ പൂര്‍ണമായ അധികാരം ഐ.ടി.ഡി.സി.യുടെ കൈവശം ഇല്ല എന്ന കാര്യം ഡി ഇന്‍വസ്റ്റ്‌മെന്റ് നടപ്പിലാക്കുന്നതിനു മുമ്പുതന്നെ കേന്ദ്രസര്‍ക്കാരും ഐ.ടി.ഡി.സിയും അംഗീകരിച്ചതാണ്. സ്വത്ത് കൈമാറ്റം ചെയ്യാന്‍ ആവശ്യമായ രേഖകള്‍ തങ്ങളുടെ കൈവശം ഇല്ല എന്നു കാണിച്ചു കൊണ്ട് ഐ.ടി.ഡി.സി. ജോയിന്‍സെക്രട്ടറി കേരള ഗവണ്മെന്റിന്റെ ടൂറിസം സെക്രട്ടറിക്ക് അയച്ച കത്ത് ഇതിനുതെളിവാണ്.

ഈ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് 3-5-2002ന് ഐ.ടി.ഡി.സിയുടെ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയരക്ടര്‍, ടൂറിസം സെക്രട്ടറിക്കു കത്തയയ്ക്കുന്നുണ്ട്.തങ്ങളുടെ മുന്‍ഹരജികളില്‍ പെറ്റീഷണര്‍മാരും അവകാശപ്പെട്ടത് പെര്‍മിസിബിള്‍ പൊസഷന്‍ അഥവാ കൈവശം വെച്ച് അനുഭവിക്കാനുള്ള അര്‍ഹത ഉണ്ട ്എന്നുമാത്രമാണ്. ടൈറ്റില്‍ഡീഡ് അല്ല എന്നര്‍ത്ഥം. കൈവശം വെച്ച് അനുഭവിക്കാനുള്ള അര്‍ഹത മാത്രമാണ് കേരള സര്‍ക്കാര്‍ ഐ.ടി.ഡി.സിക്ക് നല്കിയത് എങ്കില്‍ ആ സ്വത്ത് സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാറിനോ കേന്ദ്രടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിനോ അവകാശമില്ല എന്നര്‍ത്ഥം.

കേരളത്തിലെ ടൂറിസം വികസനത്തിനു വേണ്ടി കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ നടപ്പിലാക്കുന്ന ഒരു പദ്ധതിക്ക് സ്ഥലവും കൊട്ടാരവും വിട്ടു നല്കുന്നു എന്ന നിലയ്ക്കുതന്നെയാണ് ചുരുങ്ങിയ തുകമാത്രം വിലകെട്ടിക്കൊണ്ട് കൊട്ടാരവും 43 ഏക്കര്‍ സ്ഥലവും കേന്ദ്രത്തിനു കൈമാറാന്‍ കേരളസര്‍ക്കാര്‍ തീരുമാനിക്കുന്നതും. കേരള സര്‍ക്കാറിന് പ്രതിഫലമായി കേന്ദ്രം കൊടുത്ത തുകയും, വില്‍പ്പന നടത്തിയപ്പോള്‍ സ്വകാര്യ വ്യക്തികള്‍ കേന്ദ്രത്തിനു നല്കിയതുകയും തമ്മിലുള്ള അന്തരം തന്നെ ഇതിനു തെളിവാണല്ലോ.

ചുരുക്കിപ്പറഞ്ഞല്‍, നിയമ നടപടികളിലൂടെ ഒരു സിവില്‍ കോടതി തീരുമാനിക്കേണ്ട വിഷയത്തില്‍ കോടതിയെ മറികടക്കാന്‍ അനവസരത്തില്‍ അനാവശ്യമായി നിയമം പാസ്സാക്കുക എന്ന മണ്ടത്തരമാണ് കേരളനിയമസഭ കാണിച്ചത്. ജുഡീഷ്യറിയെ മറികടക്കാനും ഭരണഘടനയുടെ ചട്ടങ്ങള്‍ ലംഘിക്കാനും ശ്രമിച്ചു എന്നതായിരുന്നു പെറ്റീഷണര്‍മാരുടെ പ്രധാനവാദം. അതാണ് സുപ്രീംകോടതി ശരിവെച്ചതും. മുല്ലപ്പെരിയാര്‍ വിഷയത്തിലും ഇതേ മണ്ടത്തരമാണ് കേരള നിയമസഭ അനുവര്‍ത്തിച്ചത്.

രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ നിലവിലുള്ളതും, ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്നതുമായ ഒരു വിഷയത്തില്‍ എളുപ്പത്തില്‍ ജയിക്കാന്‍ വേണ്ടിയുള്ള നിയമനിര്‍മ്മാണം നടത്തിയതു കൊണ്ടാണ് മുല്ലപ്പെരിയാര്‍ സംബന്ധിച്ച് കേരളനിയമസഭ പാസ്സാക്കിയ നിയമം സുപ്രീംകോടതി അസാധുവാക്കിയത്.

കോവളം കൊട്ടാരത്തിന്റെയും ചുറ്റുപാടുമുള്ള സ്ഥലത്തിന്റെയും ടൈറ്റില്‍ സംബന്ധിച്ച തര്‍ക്കം സിവില്‍ കോടതിയില്‍ വീണ്ടും ചോദ്യം ചെയ്യാവുന്നതാണ് എന്നര്‍ത്ഥം. ഈ സാധ്യത ഉപയോഗപ്പെടുത്താതെയാണ് കൊട്ടാരം രവിപിള്ളയെ ഏല്‍പ്പിക്കാന്‍ ഇപ്പോള്‍ ഇടതുപക്ഷ മന്ത്രിസഭ വളരെ തിടുക്കപ്പെട്ട് തീരുമാനമെടുത്തിരിക്കുന്നത്.