കൊലയുടെ രാഷ്ട്രീയം; സിപിഎം ആര്‍എസ്എസ് കുടിപ്പകയ്ക്ക് പിന്നിലെന്ത്? അക്രമരാഷ്ട്രീയം കേരളത്തില്‍ വേരുറപ്പിച്ചതിങ്ങനെയൊക്കെ

കേരളത്തില്‍ വീണ്ടും ഒരു രാഷ്ട്രീയക്കൊലപാതകം. കൊല്ലപ്പെട്ടത് ആര്‍.എസ്.എസ്സുകാരന്‍. ഇത്തവണ പക്ഷേ കണ്ണൂരിലല്ല. തലസ്ഥാനനഗരമായ തിരുവനന്തപുരത്തുതന്നെ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാമത്തെ സ്ഥാനമുണ്ട് കേരളത്തിന്; നൂറു ശതമാനം സാക്ഷരത നേടിയ, വികസനത്തിന്റെ കാര്യത്തില്‍ ലോകത്തിനുതന്നെ മാതൃകയായ കേരളത്തില്‍. 21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ത്തന്നെ കണ്ണൂര്‍ ജില്ലയില്‍ 56 പേര്‍ പേര്‍ കൊല്ലപ്പെട്ടു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും, ബി.ജെ.പി/ആര്‍എസ്എസ്. വിഭാഗത്തിലും എണ്ണം ഏകദേശം തുല്യം. പാനൂരില്‍ മാത്രം 13. കണ്ണൂര്‍, തളിപ്പറമ്പ്, ഇരിട്ടി, തലശ്ശേരി, ധര്‍മ്മടം, കൂത്തുപറമ്പ്, കോടിയേരി, കൊളവല്ലൂര്‍ എന്നീ സ്ഥലങ്ങളിലായി ബാക്കിയുള്ളവരും. കുറ്റവാളികളായി കോടതിയില്‍ എത്തിയവരില്‍ മിക്കവാറും പേരെ കോടതി വെറുതെ വിട്ടു. ചിലര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ കിട്ടി. ആരെയും വധശിക്ഷയ്ക്കു വിധേയമാക്കിയില്ല. കീഴ്‌ക്കോടതി ശിക്ഷിച്ച പലരെയും മേല്‍ക്കോടതി വെറുതെ വിട്ടു. ഓരോ കൊലപാതകത്തിനുശേഷവും സമാധാനയോഗങ്ങള്‍. പക്ഷേ എല്ലാം വിഫലം. ശിക്ഷിക്കപ്പെട്ടവര്‍ സാമൂഹ്യമായി ബഹിഷ്‌കരിക്കപ്പെട്ടില്ല എന്നതു വളരെ പ്രധാനമാണ്. അവരുടെ എല്ലാ പ്രശ്‌നങ്ങളും കൊലയ്ക്കു നിയോഗിച്ച പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തു. ശിക്ഷയിലൂടെ പരിഷ്‌കൃതസമൂഹം കുറ്റവാളികളില്‍ ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഒറ്റപ്പെടുത്തലും അതുവഴിയുള്ള മാനസികപരിവര്‍ത്തനവും ഒരു കൊലപാതകിയിലും ഉണ്ടായില്ല. കൊന്നവരും കൊല്ലപ്പെട്ടവരും ഒരുപോലെ വാഴ്ത്തപ്പെട്ടവരായി. അവര്‍ രക്തസാക്ഷികളും ബലിദാനികളുമായി വാഴ്ത്തപ്പെട്ടു.

യുദ്ധം, വധശിക്ഷ, കൊല എന്നിവമൂന്നും വ്യത്യസ്തമാകുന്നത് ദേശീയതയ്ക്കും സമൂഹത്തിനും നാം കൊടുക്കുന്ന നിര്‍വചനം മാറുന്നതിനനുസരിച്ചാണല്ലോ. നാം നിശ്ചയിച്ച ദേശാതിര്‍ത്തിക്കു പുറത്തുള്ള ശത്രുവുമായിട്ടാണ് പോരാട്ടമെങ്കില്‍ കൊല യുദ്ധമായി സാധൂകരിക്കപ്പെടും. നമ്മുടെ ദേശം അഥവാ സമൂഹം നിശ്ചയിച്ച നിയമത്തിനകത്താണ് കൊലയെങ്കില്‍ അത് വധശിക്ഷയായി സാധൂകരിക്കപ്പെടും. ഒരു രാജ്യത്തിനകത്തുതന്നെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ അവരവരുടേതായ രീതിയില്‍ ശിക്ഷ വിധിക്കുകയും അതു നടപ്പിലാക്കുകയും ചെയ്യുമ്പോഴാണ് രാഷ്ട്രീയക്കൊലപാതകങ്ങള്‍ സംഭവിക്കുന്നത്. ഒരു രാജ്യത്തിനകത്ത് വ്യത്യസ്തമായ ഭരണഘടനയും അധികാരഘടനയും പോലീസും ഉള്ള നിരവധി രാജ്യങ്ങള്‍ ഉണ്ടായിവരുന്നതുപോലെ അപകടംപിടിച്ച ഒരു ഏര്‍പ്പാടാണ്, അഥവാ നീതിനിര്‍വഹണത്തിന്റെ സ്വകാര്യവല്‍ക്കരണമാണ് ഇത് എന്നര്‍ത്ഥം. ഞങ്ങള്‍ക്ക് ഈ രാജ്യത്തിന്റെ ഭരണകൂടത്തേയും പോലീസിനേയും കോടതികളേയും ഒന്നും വിശ്വാസമില്ല. അതുകൊണ്ട് ഞങ്ങളോട് തെറ്റുചെയ്തവര്‍ക്കുള്ള ശിക്ഷ ഞങ്ങള്‍തന്നെ വിധിക്കുന്നു, ഞങ്ങള്‍തന്നെ നടപ്പിലാക്കുകയും ചെയ്യുന്നു എന്നാണ് ഇക്കൂട്ടര്‍ പറയാതെ പറയുന്നത്.

കേരളത്തില്‍, ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും എല്‍ഡിഎഫും യുഡിഎഫും മാറിമാറി അധികാരം പങ്കിടുന്ന രാഷ്ട്രീയ സാഹചര്യം ആരംഭിച്ചിട്ടു വര്‍ഷങ്ങളായി. ഏറ്റവും അവസാനം ഭരണത്തുടര്‍ച്ച ലഭിച്ചത് അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഭരണത്തിനുശേഷം 1979ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ഐക്യജനാധിപത്യ മുന്നണിക്കു മാത്രമാണ്. അത്രയേറെ ശക്തമാണ് ഇരുമുന്നണികളും തമ്മിലുള്ള ബലാബലം. പക്ഷേ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള അടിപിടി കൊലപാതകത്തില്‍ എത്തുന്ന സാഹചര്യമുണ്ടായത് വളരെ കുറച്ചു സാഹചര്യങ്ങളില്‍ മാത്രം. ഗുണ്ടായിസവും അക്രമരാഷ്ട്രീയവും കൊലപാതകങ്ങളും ഏറെയും നടക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബിജെപി/ആര്‍എസ്എസ് വിഭാഗങ്ങളും തമ്മിലാണ്. കേരളത്തില്‍ എല്‍ഡിഎഫും കേന്ദ്രത്തില്‍ ബിജെപിയും അധികാരം കയ്യാളുന്ന പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ ഈ വൈരുധ്യം കൂടുതല്‍ മൂര്‍ച്ഛിക്കുകയാണ്. കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നാല്‍, സംസ്ഥാത്ത് ക്രമസമാധാനം നഷ്ടപ്പെട്ടു എന്ന് മുറവിളികൂട്ടി പ്രസിഡണ്ടുഭരണം ഏര്‍പ്പെടുത്തുക എന്ന സ്വപ്നംകൂടി ബിജെപി/ആര്‍എസ്എസ് വിഭാഗങ്ങളുടെ മനസ്സിലുണ്ട് എന്ന് വ്യക്തം.

മറുപക്ഷമാണ് രാഷ്ട്രീയക്കൊലപാതകങ്ങളുടെ കാരണക്കാരെന്നും, തങ്ങള്‍ ചെറുത്തുനില്‍ക്കുക മാത്രമാണ് നടത്തുന്നത് എന്നുമാണ് ഇരുവിഭാഗങ്ങളും ഒരുപോലെ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍, എന്താണ് കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ മൂലകാരണമെന്നും, എവിടെവെച്ചാണ് ഇതിന്റെ ആരംഭം എന്നും, അവസാനിപ്പിക്കാന്‍ എന്താണ് വഴി എന്നുമൊക്കെ കഴിയാവുന്നേടത്തോളം വസ്തുനിഷ്ഠമായി വിലയിരുത്താനാണ് ഇവിടെ ശ്രമിക്കുന്നത്. എത്രയൊക്കെ ശ്രമിച്ചാലും മനുഷ്യര്‍ നടത്തുന്ന ഏതൊരു വിലയിരുത്തലും കുറച്ചൊക്കെ വ്യക്തിനിഷ്ഠമായിപ്പോകാനുള്ളസാധ്യതയും തള്ളിക്കളയുന്നില്ല.

1940-ല്‍ ആര്‍.എസ്.എസ്.  അതിന്റെ പ്രവര്‍ത്തനം കേരളത്തില്‍ ശക്തമാക്കിയതോടൊപ്പം തന്നെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും ആര്‍എസ്എസ്സും തമ്മിലുള്ള സംഘട്ടനങ്ങളും ആരംഭിച്ചിരുന്നു. ആര്‍.എസ്.എസ്. ഒരു ഫാഷിസ്റ്റ് സംഘടനയാണ് എന്നും അത് രാജ്യത്ത് വളരുന്നത് അപകടമാണ് എന്നും ആദ്യം തിരിച്ചറിഞ്ഞത് കമ്മ്യൂണിസ്റ്റുകാരായിരുന്നു എന്നതു മാത്രമായിരുന്നില്ല കാരണം. കോണ്‍ഗ്രസ്സിനകത്തുതന്നെ ഹിന്ദുതീവ്രവാദത്തോട് മൃദുസമീപനം കൈക്കൊണ്ടിരുന്ന ഒരുവിഭാഗം ഉണ്ടായിരുന്നു എന്നതും കോണ്‍ഗ്രസ്സിന്റെമാര്‍ഗ്ഗം അക്കാലത്ത് അഹിംസയുടേതായിരുന്നു എന്നതും പ്രധാനമാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് അക്കാലത്ത് ഇന്നുള്ള അത്രപോലും അഹിംസയിലോ ജനാധിപത്യത്തിലോ വിശ്വാസം ഇല്ലാതിരുന്നതുകൊണ്ട് അവര്‍ കേരളത്തിലെ ആര്‍എസ്എസ്സിനെ എതിര്‍ത്തതും നേരിട്ടുതന്നെയായിരുന്നു.

1948ല്‍ തിരുവനന്തപുരത്ത് ആര്‍എസ്എസ്സിന്റെ സര്‍സംഘചാലക് ശ്രീ. എം എസ് ഗോള്‍വാള്‍ക്കര്‍ പങ്കെടുത്ത, യോഗത്തിലേയ്ക്ക് കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ ആക്രമണമാണ് സംഘര്‍ഷങ്ങളുടെ തുടക്കം എന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കരുതുന്നത്. പിന്നീട്, 1952ല്‍ ഗോള്‍വാള്‍ക്കര്‍ പങ്കെടുത്ത, ആലപ്പുഴയിലെ മറ്റൊരു യോഗത്തിലും കമ്മ്യൂണിസ്റ്റുകാര്‍ കയ്യേറ്റം നടത്തി എന്ന് ആര്‍എസ്എസ് ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് എറണാംകുളം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായി കമ്മ്യൂണിസ്റ്റുകാരും ആര്‍എസ്എസ്സും തമ്മിലുണ്ടായ സംഘര്‍ഷങ്ങളിലായി, നിരവധിപേര്‍ കൊല്ലപ്പെട്ടു. ഇത് പിന്നീട് കണ്ണൂര്‍ ജില്ലയിലടക്കം കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമങ്ങള്‍ക്കും തിരിച്ചുള്ള പ്രതികാരങ്ങള്‍ക്കും കൊലയ്ക്കുമൊക്കെ വഴിമരുന്നിട്ടു. പക്ഷേ കണ്ണൂരൊഴിച്ചുള്ള മറ്റു പ്രദേശങ്ങളൊക്കെ ഏറെ കഴിയും മുമ്പ് ഇതിന്റെ മുറിവുകളില്‍നിന്ന് രക്ഷപ്പെടുകയുണ്ടായി. കാലക്രമേണ സംഘര്‍ഷത്തിന്റെ കണ്ണികള്‍ കുറേയൊക്കെ അറ്റുപോയി. എന്നാല്‍, കമ്മ്യൂണിസ്റ്റുകാരും ആര്‍എസ്എസ്സും തമ്മിലുള്ള സംഘര്‍ഷം തുടര്‍ച്ചയായ രാഷ്ട്രീയ കൊലപാതങ്ങളും പകരം വീട്ടലുകളുമായി കുടിപ്പക പോലെ ചരിത്രത്തില്‍ നിലനിന്നത് കണ്ണൂരില്‍ മാത്രം.

കണ്ണൂരിന്റെ പാരമ്പര്യത്തിലെ പടയും പടപ്പാട്ടും, കുടിപ്പകയുമായി, ആധുനികകാലത്തെ ഈ രാഷ്ട്രീയ കൊലപാതകങ്ങളെ ബന്ധപ്പെടുത്തുന്ന ചരിത്രകാരന്മാരും ഉണ്ട്. കളരിപ്പയറ്റ്, തെയ്യം തുടങ്ങിയ ആയോധനവിദ്യയും അനുഷ്ഠാനകലകളും മാത്രമല്ല, ബ്രിട്ടീഷുകാര്‍ക്കെതിരെ പഴശ്ശിയുടെ നേതൃത്വത്തിലും മറ്റും നടന്ന പടയോട്ടങ്ങളുമായും ഇതിനെ ചേര്‍ത്തുവായിച്ചവരുണ്ട്. 1792 മുതല്‍ 1806 വരെ പഴശ്ശിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന കലാപത്തിനുശേഷം നിരവധി നാട്ടു പ്രമാണിമാരും ഭൂപ്രഭുക്കളും സ്വന്തമായി ആയുധവും പടയാളികളും ഉള്ളവരായി. അവര്‍ തമ്മില്‍ നിരന്തരം പോരാട്ടങ്ങളും നടന്നുപോന്നു. ഈ പോരാട്ടങ്ങളുടെ തുടര്‍ച്ചയായി ജന്മിമാര്‍ക്കെതിരെ കര്‍ഷകത്തൊഴിലാളികളുടെ ചെറുത്തുനില്‍പ്പു സംഘടിപ്പിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് കണ്ണൂരിലും കേരളത്തിലും വേരുപിടിപ്പിക്കാനായത്.

ആദ്യകാലത്ത് ഈ തരത്തില്‍ കര്‍ഷകത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു പോരാട്ടം നടത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമേ രംഗത്ത് ഉണ്ടായിരുന്നുള്ളൂ. പക്ഷേ പിന്നീട് മറ്റു പാര്‍ട്ടികളും ഇതേ ദൗത്യം ഏറ്റെടുത്തുകൊണ്ട് ആളുകളെ സംഘടിപ്പിക്കാനും തൊഴിലാളികളെയും കര്‍ഷകരെയും അണിനിരത്താനും തുടങ്ങിയതോടെ അതുവരെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടേതു മാത്രമായിരുന്ന കോട്ടകളില്‍ വിള്ളലുണ്ടായി. അഹിംസാവാദികളായ കോണ്‍ഗ്രസ്സും മറ്റു കക്ഷികളും സംഘര്‍ഷത്തിനു നില്‍ക്കാതെ, കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കായി രംഗം ഒഴിഞ്ഞു കൊടുത്തപ്പോള്‍ ആര്‍എസ്‌സ് ചെറുത്തുനില്‍പ്പു സംഘടിപ്പിച്ചതാണ് കണ്ണൂരില്‍ സംഘട്ടനം രൂക്ഷമാകാന്‍ കാരണം എന്നു കരുതുന്നവരുണ്ട്.

തൊട്ടടുത്തുള്ള കര്‍ണാടകയിലെ മംഗലാപുരത്തുനിന്ന്, ബിസിനസ് ലോബിയുടെ കൂലിത്തല്ലുകാരായിട്ടാണ് ആര്‍എസ്എസ്സുകാര്‍ ആദ്യം കണ്ണൂര്‍ ജില്ലയിലെത്തുന്നത്. കണ്ണൂരിന്റെ ബിസിനസ് ലോകത്ത് ചുവടുറപ്പിക്കാന്‍ സഹായിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. അക്കാലത്ത് കണ്ണൂരിലെ കച്ചവടം നിയന്ത്രിച്ചിരുന്ന മുസ്ലീങ്ങള്‍ ആ നീക്കത്തെ സ്വാഭാവികമായും ചെറുത്തു. ഇത് ക്രമേണ, ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വര്‍ഗ്ഗീയ കലാപത്തിന് കാരണമായി. 1971ല്‍ തലശ്ശേരിയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍നടന്ന വലിയ കലാപം ഇതിന്റെ തുടര്‍ച്ചയാണ്. ഇപ്പോള്‍ കണ്ണൂരില്‍ തുടരുന്ന രാഷ്ട്രീയസംഘട്ടനങ്ങളുടെ വേരും ചികയേണ്ടത് ഈ മണ്ണില്‍ത്തന്നെ.

മുസ്‌ളീങ്ങള്‍ക്കെതിരെയുള്ള ആര്‍എസ്എസ്സിന്റെ അതിക്രമത്തെ തങ്ങളുടെ കോട്ടയിലേയ്ക്കുള്ള കടന്നുകയറ്റമായി കണ്ട മാര്‍ക്‌സിസ്റ്റുപാര്‍ട്ടി സ്വാഭാവികമായും ആര്‍എസ്എസ്സുകാര്‍ക്കെതിരെ മുസ്ലീങ്ങള്‍ക്കനുകൂലമായ നിലപാടെടുത്തു. ആര്‍എസ്എസ്സുകാര്‍ തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെയും ന്യൂനപക്ഷവിഭാഗങ്ങളെയും ക്രൂരമായി മര്‍ദ്ദിച്ചതിലുള്ള പ്രത്യാഘാതം മാത്രമാണ് കണ്ണൂരിലെ രാഷ്ട്രീയസംഘട്ടനം എന്നാണ് മാര്‍ക്‌സിസ്റ്റുപാര്‍ട്ടി നേതാക്കള്‍ പറയുന്നത്. എന്നാല്‍, രാഷ്ട്രീയമായ അതിക്രമത്തെ, ന്യൂനപക്ഷസംരക്ഷണത്തിന്റെ മറവില്‍ ന്യായീകരിക്കാനാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത് എന്ന് ആര്‍എസ്എസ്സും ആരോപിക്കുന്നു. കണ്ണൂരിലെ ഹിന്ദു-മുസ്ലീം സംഘട്ടനം ആരംഭിക്കുന്നതിനു മുമ്പുതന്നെ മാര്‍ക്‌സിസ്റ്റുകാര്‍ ആര്‍എസ്സ്എസ്സുകാരെ ആക്രമിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് ആര്‍എസ്എസ്സിന്റെ അവകാശവാദം.

കണ്ണൂരിലെ തൊഴിലാളിപ്രസ്ഥാനങ്ങളെയും അവരുടെ സംഘടിത ശക്തിയേയും തകര്‍ക്കാനാണ് ആര്‍എസ്എസ് അവരുടെ അതിക്രമം ആരംഭിച്ചത് എന്ന് മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ആരോപിക്കുന്നു. കണ്ണൂര്‍ ശ്രീനാരായണ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ടി. ശശിധരന്റെ ഈ വിഷയത്തിലുള്ള ഗവേഷണപ്രബന്ധം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വാദത്തെ സാധൂകരിക്കുന്നതാണ്. 1968ല്‍, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ സര്‍ക്കാര്‍ സെന്‍ട്രല്‍ ബീഡി ആന്റ് സിഗാര്‍ വര്‍ക്കേഴ്‌സ് ആക്ട് നടപ്പിലാക്കിയതോടെയാണ് ഈ രാഷ്ട്രീയ വൈരം മൂര്‍ച്ഛിച്ചത് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. മേല്‍പ്പറഞ്ഞ ആക്ട് ബീഡിത്തൊഴിലാളികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതായിരുന്നു. ഇതേത്തുടര്‍ന്ന്, മുതലാളിമാരുടെ ലാഭത്തില്‍ കാര്യമായ കുറവുവരികയും ഗണേഷ് ബീഡിയെപ്പോലുള്ള സ്വകാര്യ ഉല്‍പ്പാദകര്‍ കണ്ണൂരിലെ അവരുടെ ഉല്‍പ്പാദനം അവസാനിപ്പിച്ച് തൊട്ടടുത്ത കര്‍ണാടക സംസ്ഥാനത്തേയ്ക്കു കുടിയേറുകയും ചെയ്തു. ചില മുതലാളിമാര്‍ തങ്ങളുടെ ആര്‍എസ്എസ് ബന്ധം ഉപയോഗിച്ച് സംസ്ഥാനത്തിനു പുറത്തുനിന്ന് കരിങ്കാലികളെകൊണ്ടുവന്ന് ജോലി ചെയ്യിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അവരുടെ ശ്രമം തടസ്സപ്പെടുത്തി. മാത്രമല്ല, ബീഡിത്തൊഴിലാളികളുടെ കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ച് ബഹുഭൂരിപക്ഷം തൊഴിലാളികളെയും തങ്ങളുടെ കൂടെ നിര്‍ത്താന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു കഴിഞ്ഞു. പക്ഷേ ഒരു വിഭാഗം ബീഡിത്തൊഴിലാളികളെ കൂടെ നിര്‍ത്തിക്കൊണ്ട് ആര്‍എസ്എസ്സിന് കണ്ണൂരില്‍ അവരുടെ സാന്നിദ്ധ്യം നിലനിര്‍ത്താന്‍ സാധിച്ചു.

സിപിഎം അണികളെ ആകര്‍ഷിക്കാന്‍ ആര്‍എസ്എസ് ശ്രമം ആരംഭിച്ചതോടെ ശത്രുത പിന്നെയും വര്‍ദ്ധിച്ചു. മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ കോട്ടയായി കണക്കാക്കിയിരുന്ന പ്രദേശങ്ങളില്‍ ആര്‍എസ്എസ് തങ്ങളുടെ ശാഖ ആരംഭിച്ചതോടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ആളുകള്‍ ആര്‍എസ്എസ്സിലേയ്ക്ക് ചേക്കേറാന്‍ തുടങ്ങി. ഇത് രാഷ്ട്രീയ സംഘട്ടനം ചോരയില്‍ കുളിക്കാന്‍ കാരണമായി. അടിയന്തരാവസ്ഥക്കാലത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ആര്‍എസ്എസ്സും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇടയായി. അക്കാലത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിനേതാക്കള്‍ക്കെതിരെ ബിജെപിയും, ബിജെപി നേതാക്കള്‍ക്കെതിരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളും എടുത്ത മൃദു സമീപനം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കോട്ടകളിലേയ്ക്ക് ആര്‍എസ്സ്എസ്സിനു കയറിച്ചെല്ലാനുള്ള വഴിയൊരുക്കി. അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള ആശയപ്രചാരണത്തിനായി ആര്‍എസ്എസ്സുകാര്‍ നടത്തിയ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനം പലപ്പോഴും ആര്‍എസ്സ്എസ്സിന്റെ ആശയപ്രചാരണമായി മാറി. അങ്ങനെ, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതികളോട് എതിര്‍പ്പുള്ള പലര്‍ക്കും ചേക്കേറാനുള്ള ഇടമായിത്തീര്‍ന്നു ആര്‍എസ്എസ്. ഈ നടപടികളില്‍ അങ്കലാപ്പിലായ മാര്‍ക്‌സിറ്റ് നേതൃത്വം, ആര്‍എസ്എസ്സിലേയ്ക്ക് കൂറുമാറിയവരെ കൊന്നു പകരം വീട്ടാന്‍ തുടങ്ങി. സിപിഎം അംഗങ്ങളെ പകരത്തിനുപകരം കൊന്നുകൊണ്ട് ആര്‍എസ്എസ്സും കണക്കുതീര്‍ത്തു. കണ്ണൂരിന്റെ പാരമ്പര്യത്തില്‍ നിലനില്‍ക്കുന്ന കുടിപ്പകയുടെ ശീലവും ഈ രാഷ്ട്രീയ കൊലപാതകങ്ങളുടെ തുടര്‍ച്ചയ്ക്കു കാരണമായി എന്ന് പ്രൊഫസര്‍ ശശിധരന്‍ വിലയിരുത്തുന്നു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അവരുടെ എതിരാളികളോട് പുലര്‍ത്തുന്ന അസഹിഷ്ണുതയും അവിശ്വാസവുമാണ് കൊലപാതകങ്ങള്‍ക്കു കാരണം എന്ന അഭിപ്രായമാണ് കെസി ഉമേഷ്ബാബുവിനെപ്പോലെയുള്ള വിമതമാര്‍ക്‌സിസ്റ്റുകാര്‍ക്കുള്ളത്. ബ്രിട്ടീഷുകാരില്‍നിന്നും, പിന്നീടുവന്ന കോണ്‍ഗ്രസ്സ് ഭരണത്തില്‍നിന്നും മര്‍ദ്ദനവും പീഡനവും ഏറ്റവാങ്ങിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അതുകൊണ്ടുതന്നെ എതിര്‍ക്കുന്നവരെയെല്ലാം ശത്രുക്കളായി കാണുന്ന ശീലമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ളത് എന്ന് ഉമേഷ്ബാബു നിരീക്ഷിക്കുന്നു. ശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന ഗോത്രശീലത്തില്‍നിന്ന് കമ്മ്യൂണിസ്റ്റുകാര്‍ ഇനിയും പുറത്തുവന്നിട്ടില്ല എന്നും ശത്രുവിന്റെ തലയറുത്ത് സൂക്ഷിച്ചുവെയ്ക്കുന്ന ഗോത്രവര്‍ഗ്ഗങ്ങളെപ്പോലെ ഇപ്പോഴും അവര്‍ പെരുമാറുന്നത് എന്നും ഉമേഷ്ബാബു അഭിപ്രായപ്പെടുന്നു. 1969-ല്‍ തലശ്ശേരി ഭാഗത്ത് ശാഖ സംഘടിപ്പിക്കുന്നതിനിടെ, ആര്‍എസ്എസ് മുഖ്യശിക്ഷക്, വാടിക്കല്‍ രാമകൃഷ്ണന്‍ കൊലചെയ്യപ്പെട്ടതോടെയാണ് കൊലപാതകത്തിന്റെ ചങ്ങല ആരംഭിക്കുന്നത് എന്നാണ് ഉമേഷ്ബാബു കരുതുന്നത്.

ഇരുകൂട്ടരും നടത്തിയ കൊലപാതകം, 2015മാര്‍ച്ചില്‍ത്തന്നെ 200 കഴിഞ്ഞു എന്നാണ് കണക്ക്. ഇതില്‍ 90 ശതമാനവും തിയ്യ വിഭാഗത്തില്‍പ്പെട്ടവര്‍. വടക്കേ മലബാറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നട്ടെല്ലാണ് പിന്നാക്കജാതിയില്‍പ്പെടുന്ന തിയ്യര്‍. കായികമായ കരുത്താണ് ഇവരുടെ മൂലധനം എന്നതുകൊണ്ട് ഇരുവിഭാഗങ്ങളുടെയും ചാവേര്‍പ്പടയില്‍ പ്രധാനമായും ഇടംപിടിക്കുന്നത് ഇവര്‍തന്നെ. മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയെ ഉന്മൂലനം ചെയ്യാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും, അതിക്രമങ്ങള്‍ക്ക് കാരണം അതാണെന്നും അവര്‍ കൊല്ലുമ്പോള്‍ ഞങ്ങള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സിപിഎം ആരോപിക്കുന്നു. എന്നാല്‍, ബിജെപി ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടിയായി വളര്‍ന്നത് അക്രമവും കൊലപാതകവും നടത്തിയിട്ടല്ല എന്നും, കേരളത്തില്‍ മാത്രമാണ് തങ്ങള്‍ക്ക് അക്രമം നടത്തേണ്ടിവരുന്നത് എന്നും അതിനു കാരണം മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ അതിക്രമമാണെന്നും മറിച്ച് ആര്‍എസ്എസ്സും വാദിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്കുമാത്രം പ്രവര്‍ത്തനസ്വാതന്ത്ര്യമുള്ള നൂറിലധികം പാര്‍ട്ടി ഗ്രാമങ്ങളുണ്ട് എന്നും അവിടെ മറ്റു
പാര്‍ട്ടികള്‍ക്ക് ജനാധിപത്യപരമായി സംഘടിക്കാനോ പ്രവര്‍ത്തിക്കാനോ അനുവാദമില്ല എന്നും ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ് തങ്ങളെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശത്രുക്കളാക്കുന്നത് എന്നും ആര്‍എസ്എസ്സ് തുടരുന്നു.

കാരണം എന്തുതന്നെ ആയാലും ഈ രാഷ്ട്രീയക്കൊലപാതകങ്ങള്‍ ഒരു പരിഷ്‌കൃതസമൂഹത്തിനും ഭൂഷണമല്ല. എത്രയും പെട്ടെന്ന് ഈ നരഹത്യ അവസാനിപ്പിക്കാന്‍ നാം വഴികാണേണ്ടതുണ്ട്. എന്താണ് പരിഹാരം? ഒറ്റക്കാര്യം
ചെയ്താല്‍ മതി. എതിര്‍പക്ഷത്തുള്ളവരെ കൊന്ന്, പഴയ കണക്കുവീട്ടാനോ, പുതിയ അക്കൗണ്ട് തുറക്കാനോ ശ്രമിക്കുന്ന ക്രിമിനലുകളെ യാതൊരു കാരണവശാലും ആളും അര്‍ത്ഥവും കൊടുത്ത് സംരക്ഷിക്കില്ല എന്നും അവരുടെ കേസു നടത്തില്ല എന്നും, അവരുടെ കുടുംബത്തിന് ചെലവിനു കൊടുക്കില്ല എന്നും, അവരുടെ മക്കളുടെ വിവാഹം നടത്തിക്കൊടുക്കില്ല എന്നും, അവര്‍ക്ക് വീടുവെച്ചുകൊടുക്കില്ല എന്നും, മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും ആര്‍.എസ്.എസ്സും ഇന്നു തീരുമാനിച്ചാല്‍ നാളെ നില്‍ക്കും കേരളത്തിലെ കൊലപാതകരാഷ്ട്രീയം.