പി. രാജീവിനും പോല്‍ തച്ചിലും ജി.എം.എഫ് പ്രവാസി അവാര്‍ഡ്

കൊളോണ്‍: ജര്‍മ്മനിയിലെ ഐഫലില്‍ നടക്കുന്ന ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ പ്രവാസി സംഗമത്തില്‍ വെച്ച്, കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തെ മികച്ച പാര്‍ലമെന്റേറിയനുള്ള ജി.എം.എഫ്. പ്രവാസി അവാര്‍ഡ് മുന്‍ എംപി പി. രാജീവിന് സമര്‍പ്പിച്ചു. ജി.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ അവാര്‍ഡ് മുന്‍ എം പി പി. രാജീവിന് സമര്‍പ്പിച്ചു. പോള്‍ ഗോപുരത്തിങ്കല്‍ അവാര്‍ഡ് ഫലകം കൈമാറി.

പാര്‍ലമെന്ററി രംഗത്ത് പി.രാജീവ് പുലര്‍ത്തിയ അനിതരസാധാരണമായ പാണ്ഡിത്യവും കുറിക്കു കൊള്ളുന്ന സബ്മിഷനുകളും സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് എടുത്ത സജീവ താല്‍പര്യങ്ങളും വിലയിരുത്തിയ ശേഷമാണ് ഇദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ അവാര്‍ഡ് നിര്‍ണയ സമിതി തീരുമാനിച്ചതെന്ന് പോള്‍ ഗോപുരത്തില്‍ ഓര്‍മ്മിപ്പിച്ചു.

പ്രവാസി സംഗമത്തില്‍ പി. രാജീവ് നടത്തിയ ആശയ സംവാദം സൗഹൃദപരവും, വിജ്ഞാനദായകവും പ്രവാസികള്‍ക്ക് ഉണര്‍വേകുന്നതും ആയിരുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം കേരളത്തിന്റെ മാലിന്യ സംസ്‌കരണം, പൊതുവിദ്യാഭ്യാസമേഖല, അടിസ്ഥാന വികസന മേഖല എന്നിവയെക്കുറിച്ചും പ്രവാസി മലയാളികള്‍ ആശയങ്ങള്‍ പങ്കുവെച്ചു. അവാര്‍ഡ് ദാന കര്‍മ്മത്തില്‍ തോമസ് ചക്യാത്ത്, ഡീറ്റര്‍ കോപ്പസ്, ജോയി മാണിക്കകത്ത്, പ്രൊഫ. രാജപ്പന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

മികച്ച വ്യവസായ സംരംഭകനുള്ള ജി.എം.എഫ്. പ്രവാസി അവാര്‍ഡ് പ്രമുഖ വ്യവസായി ആയ പോള്‍ തച്ചിലിന് നല്‍കപ്പെട്ടു.

ചുരുങ്ങിയ കാലം കൊണ്ട് കഠിന പ്രയത്‌നത്താല്‍ ശ്രദ്ധേയമായ വ്യവസായ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാധിച്ച ഇദ്ദേഹത്തിന് ജി.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ അവാര്‍ഡ് ഫലം കൈമാറി. അവാര്‍ഡ് യോഗത്തില്‍ തോമസ് ചക്യാത്ത്, ഡീറ്റര്‍ കോപ്പസ്, ജോയി മണിക്കകത്ത്, പ്രൊഫ. രാജപ്പന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.