രാഹുല്‍ ഗാന്ധിയെ ആക്രമിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖം: ഉമ്മന്‍ചാണ്ടി

മഹാത്മഗാന്ധിജിയുടെ ജന്മനാട്ടില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആക്രമിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖമാണ് പ്രകടമാകുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി ‘ഇന്ദിരാഗാന്ധി: കാലം മായ്ച്ചാലും മായാത്ത ചരിത്രചിത്രം’ എന്ന ഫോട്ടോപ്രദര്‍ശനം കെ.പി.സി.സിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ഗാന്ധിയെ അക്രമിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ബി.ജെ.പിക്കും ആര്‍.എസ്.എസിനും ഒഴിഞ്ഞുമാറാനാകില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷനെതിരെയുണ്ടായ അതിക്രമത്തെ അപലപിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറായില്ല. ഈ അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയാന്‍ ബി.ജെ.പി നേതൃത്വം തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ ഇന്ന് കാണുന്ന എല്ലാ വികസനനേട്ടങ്ങള്‍ക്കും അടിത്തറ പാകിയത് ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസാണ്. സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്കും മഹത്തരമായ സംഭാവനകള്‍ നല്‍കിയ കുടുംബമാണ് ഗാന്ധി കുടുംബം. ഇന്ദിരാഗാന്ധിയുടെ ജീവിതചരിത്രം മനസിലാക്കാനും അടുത്തറിയാനും ഇന്ദിരാഭവനില്‍ കെ.പി.സി.സി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫോട്ടോപ്രദര്‍ശത്തിലൂടെ സാധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉണ്ടായ അക്രമത്തെ അപലപിക്കാന്‍ തയ്യാറാ കാതെ അതിനെ ന്യായീകരിക്കാനാണ് ബി.ജെ.പി നേതാക്കള്‍ ശ്രമിക്കു ന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടുന്ന ബി.ജെ.പി.ആര്‍എസ്.എസ് സംഘപരിവാര്‍ശക്തികള്‍ക്കെതിരെ മതേതര വിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണം.

രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും അഖണ്ഠതയും സംരക്ഷിക്കുന്നതിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വ്യക്തിയാണ് ഇന്ദിരാഗാന്ധി. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള മൂന്ന് വര്‍ഷവും മഹാത്മഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കാളെ തമസ്‌ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യത്തിന്റെ മതേതരത്വത്തെ ശക്തിപ്പെടുത്തതിന് നടപടികള്‍ സ്വീകരിച്ചപ്പോള്‍ അതിന് കടക വിരുദ്ധമായ സമീപനമാണ് നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സര്‍ക്കാരിന്റേതെന്നും എം.എം.ഹസന്‍ പറഞ്ഞു.

ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി കെ.പി.സി.സി. സംഘടിപ്പിച്ച പ്രിയദര്‍ശനി പബ്ലിക്കേഷന്റെ പുസ്തക പ്രദര്‍ശനം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

വൈകുന്നേരം നടന്ന സ്ത്രീ ശാക്തീകരണ സമ്മേളനം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷമിഭായി തമ്പുരാട്ടി നിര്‍വ്വഹിച്ചു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, മണ്‍വിളരാധാകൃഷ്ണന്‍, ശരത്ചന്ദ്ര പ്രസാദ്, ഡി.സി.സി.പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, മുന്‍ മന്ത്രി പന്തളം സുധാകരന്‍, മുന്‍ എം.എല്‍.എ. വര്‍ക്കല കഹാര്‍, ബി.എസ്. ബാലചന്ദ്രന്‍ തുടങ്ങി കെ.പി.സി.സി., ഡി.സി.സി.ഭാരവാഹികള്‍ പങ്കെടുത്തു.