കീരീടം വേണ്ട; ആഗ്രഹിക്കുന്നത് സമാധാനത്തിന്റെ സന്ദേശം നല്‍കാന്‍, വൈറലായി ബോക്‌സിങ് താരത്തിന്റെ പ്രതികരണം

ഈ കിരീടം എനിക്ക് വേണ്ട, കാരണം അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ പ്രഫഷണല്‍ ബോക്‌സിങ്ങില്‍ ചൈനീസ് താരം സുല്‍പികര്‍ മെയ്‌മെയ്ത്തിയാലിനെ തോല്‍പ്പിച്ചശേഷം ഇന്ത്യന്‍ താരം വിജേന്ദര്‍ സിങ്ങിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

സിക്കിം മേഖലയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ താരവും ചൈനീസ് താരവും റിങ്ങില്‍ ഏറ്റുമുട്ടിയത്. അതിനാല്‍ തന്നെ ആരാധകര്‍ മല്‍സരത്തെ ഇന്ത്യ-ചൈന പോരായി കാണുകയും ചെയ്തു. ഇതിനു പിന്നാലെയാണു സമാധാനത്തിന്റെ സന്ദേശവുമായി വിജേന്ദറിന്റെ പ്രതികരണമെത്തിയത്.

‘കിരീടം തിരികെ നല്‍കുന്നതിലൂടെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കുറയണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. നിലവില്‍ അതിര്‍ത്തിയില്‍ സാഹചര്യം വളരെ മോശമാണ്. സമാധാനത്തിന്റെ സന്ദേശം നല്‍കാനാണ് ആഗ്രഹിക്കുന്നത്. അവരുടെ (ചൈന) മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ഇതിന്റെ സന്ദേശം ലഭിക്കുമെന്നാണു മനസിലാക്കുന്നതെന്നുംവിജേന്ദര്‍ ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

വിജേന്ദറിന്റെ ഒന്‍പതാം ജയമായിരുന്നു ശനിയാഴ്ചത്തേത്. വാശിയേറിയ മല്‍സരത്തില്‍ 96-93, 95-94, 95-94 എന്നിങ്ങനെയാണു വിജേന്ദറിനു ലഭിച്ച സ്‌കോര്‍. ജയത്തോടെ, ഏഷ്യ പസിഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാംപ്യനായിരുന്ന വിജേന്ദര്‍ മെയ്‌മെയ്തിയാലിയുടെ ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടവും സ്വന്തമാക്കിയിരുന്നു. മത്സരത്തിനിടെ മൂക്കില്‍നിന്നു രക്തം വന്നെങ്കിലും പിന്‍മാറാന്‍ വിജേന്ദര്‍ തയാറായിരുന്നില്ല.