‘അമ്മ’നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്ന് പൃഥ്വിരാജ്; നിലപാടുകളില്‍ മാറ്റം വേണ്ടിവന്നേക്കാം, മുതിര്‍ന്നവര്‍ തന്നെ തുടരണം

താരസംഘടനയായ ‘അമ്മ’യില്‍ നേതൃമാറ്റം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൃഥ്വിരാജ്. നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണം. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടിവന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ല. ഞാന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും പൃഥ്വിരാജ് പറഞ്ഞു.

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ‘അമ്മ’യുടെ നിലപാടുകള്‍ മാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘടനയിലെ യുവതാരങ്ങള്‍ നേതൃമാറ്റം ആവശ്യപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

ദിലീപിന്റെ അറസ്റ്റിന് ഏതാനും ദിവസം മുന്‍പ് നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യുന്നതില്‍ നിഷേധാത്മകനിലപാടാണ് ‘അമ്മ’ സ്വീകരിച്ചതെങ്കില്‍ അറസ്റ്റിന് തൊട്ടുപിറ്റേന്ന് മുഖം രക്ഷിക്കാന്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ ഭാരവാഹികള്‍ തയ്യാറായിരുന്നു.

ദിലീപിനെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം ‘അമ്മ’യുടെ അടിയന്തിര എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്തത് ഏകകണ്ഠമായാണെന്ന് പൃഥ്വിരാജ് അന്ന് പറഞ്ഞിരുന്നു.