വിലക്കിന്റെ വിലങ്ങഴിഞ്ഞു ; ശ്രീശാന്തിന്റെ മടങ്ങി വരവ് സുഗമമാവില്ല

ഒരിക്കല്‍ ക്രിക്കറ്റ് ലോകവും മാധ്യമങ്ങളും വാഴ്ത്തി പാടിയവന്‍. അതേവേഗത്തില്‍ തന്നെ വലിച്ചെറിയപ്പെടുകയും ചെയ്ത താരമാണ് എസ് ശ്രീശാന്ത്. ഉയര്‍ച്ചയില്‍ വാനോളം പുകഴ്ത്തിയവര്‍ വീഴ്ചയില്‍ പാതാളത്തോളം ചവിട്ടിതാഴ്ത്തി. ഹൈക്കോടതിയുടെ വിധിയുമായി ബി.സി.സി.ഐ. ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീങ്ങുന്നു. ഒത്തുകളി വിവാദത്തില്‍ കുടുങ്ങി ക്രിക്കറ്റ് കരിയറിന്റെ സുവര്‍ണ കാലം നഷ്ടപ്പെടുത്തേണ്ടി വന്ന ചെറുപ്പക്കാരന്‍. കോടതി വിലക്ക് നീക്കുമ്പോഴും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക ശ്രീക്ക് അത്ര എളുപ്പമല്ല.

നിരവധി കടമ്പകള്‍ ശ്രീശാന്തിന് കടക്കാനുണ്ട്. ഇന്ത്യന്‍ കുപ്പായം അണിയാന്‍ രഞ്ജി ക്രിക്കറ്റ് മുതല്‍ കളിച്ച് തുടങ്ങണം. മികച്ച പ്രകടനം നടത്തി സെലക്ടര്‍മാരേ പ്രീതിപ്പെടുത്തണം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പൂര്‍ണ പിന്തുണയും സഹകരണവും ഏറെ അനിവാര്യമാണ്. കേരളത്തിന്റെ സ്വന്തം പയ്യനാണ് ശ്രീശാന്ത് എന്നും എല്ലാ പിന്തുണയും നല്‍കുമെന്നും കെ.സി.എ. പ്രസിഡന്റ് വിനോദ്കുമാര്‍ കോടതി വിധിക്ക് പിന്നാലെ പ്രഖ്യാപിച്ചു. ക്രിക്കറ്റ് പിച്ചില്‍ ബൗണ്‍സറുകള്‍ ഉതിര്‍ത്ത് വിക്കറ്റ് വേട്ട നടത്താനുള്ള മോഹത്തിന് ആദ്യ പച്ചക്കൊടി ശ്രീശാന്തിന് നേരെ വീശി കഴിഞ്ഞു.

എന്നാല്‍, കോടതി വിധിക്കെതിരേയുള്ള ബി.സി.സി.ഐയുടെ നീക്കം നീര്‍ണായകമാവും. ഹൈക്കോടതി വിധിക്കെതിരേ ബി.സി.സി.ഐ. അപ്പീലിന് പോയാല്‍ ശ്രീയുടെ തിരിച്ചു വരവ് നീളും. അപ്പീല്‍ നല്‍കരുതെന്ന ആവശ്യം ഉയര്‍ത്തുമെന്ന് ബി.സി.സി.ഐ. ഉപാധ്യക്ഷന്‍ ടി.സി. മാത്യു വ്യക്തമാക്കിയിട്ടുണ്ട്. ഈ ആവശ്യം എത്രമാത്രം അംഗീകരിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ശ്രീശാന്തിന്റെ ക്രിക്കറ്റ് ഭാവി.

പ്രായം 34 ആയി. ഫിറ്റ്‌നസ് വീണ്ടെടുക്കലാണ് ശ്രീശാന്തിന് മറികടക്കാനുള്ള ആദ്യ കടമ്പ. കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് തന്റെ കായികക്ഷമത വീണ്ടെടുക്കലാണ് ആദ്യ ലക്ഷ്യമെന്ന് ശ്രീശാന്ത് പ്രതികരിച്ചത്. കേരളത്തിന് വേണ്ടി കളിക്കുകയാണ് തന്റെ രണ്ടാം വരവിലെ ആദ്യ ലക്ഷ്യമെന്ന് ശ്രീ പ്രഖ്യാപിച്ചിട്ടുണ്ട്. രഞ്ജിയില്‍ തുടങ്ങി അതിലൂടെ ഇന്ത്യന്‍ ടീമിലേക്ക് എത്തുകയാണ് ലക്ഷ്യമെന്നും ശ്രീശാന്ത് വ്യക്തമാക്കുന്നു.

ഒത്തുകളിയില്‍ കുരുങ്ങി ശ്രീശാന്ത് പുറത്താകുമ്പോള്‍ 27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റായിരുന്നു സമ്പാദ്യം. 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റു നേട്ടവും ശ്രീ സ്വന്തമാക്കിയിരുന്നു. 10 ടി20 ല്‍ നിന്നും 7 വിക്കറ്റാണ് നേട്ടം. 2011 ല്‍ ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടപ്പോഴും 2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടി20 ലോകകപ്പിലും ശ്രീശാന്ത് ടീമിലെ പ്രധാനഘടകമായിരുന്നു.