മലയാളിയോടാണോ കളി; റിപ്പബ്‌ളിക്ക് ടിവിയുടെ ഗൂഗിള്‍ റേറ്റിംഗ് കുറക്കാന്‍ ലിങ്ക് ഷെയര്‍ ചെയ്ത് പുതിയ പ്രതിഷേധം

കേരളത്തെ ഭീകരരുടെ സംസ്ഥാനമായി ചിത്രീകരിച്ച അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്ക് മലയാളികളുടെ പൊങ്കാല. റിപ്പബ്ലിക് ടിവിയുടെ ഫേസ്ബുക്ക് പേജില്‍ വണ്‍ സ്റ്റാര്‍ റേറ്റിംങ് നല്‍കിയാണ് മലയാളികള്‍ പ്രതിഷേധമറിയിച്ചത്.

ദിവസങ്ങള്‍ക്കുള്ളില്‍ ഇരുപത്തി മൂന്നായിരത്തിലധികം ആളുകളാണ് ചാനലിന് വണ്‍ സ്റ്റാര്‍ റേറ്റിംങ് നല്‍കിയത്. ഇതോടെ ചാനല്‍ അധികൃതര്‍ റിപ്പബ്ലിക് ഫേസ്ബുക്ക് പേജിന്റെ റേറ്റിംങ് ഓപ്ഷന്‍ തന്നെ എടുത്ത് മാറ്റുകയായിരുന്നു.

എന്നാല്‍ ഫേസ്ബുക്ക് പേജിന്റെ റേറ്റിങ് രേഖപ്പെടുത്താനുള്ള ഓപ്ഷന്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് ഗൂഗിളില്‍ തന്നെ റിപ്പബ്ലിക്ക് ടിവിയുടെ റേറ്റിങ് കുറയ്ക്കാനുള്ള ഈ ലിങ്കും മലയാളികള്‍ തപ്പിയെടുത്തു.

ആഗസ്റ്റ് രണ്ടിനാണ് റിപ്പബ്ലിക് ടിവിയ്‌ക്കെതിരായ മലയാളികളുടെ പ്രതിഷേധം തുടങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വരെ 420 ആളുകള്‍ വണ്‍ സ്റ്റാര്‍ റേറ്റിങ് നല്‍കിയിരുന്നിടത്ത്, വൈകുന്നേരമായപ്പോഴേക്കും അത് ഒമ്പതിനായിരത്തിലധികമായി മാറി.

ഇതോടെ മുഖം രക്ഷിക്കാന്‍ റേറ്റിംങ് ഓപ്ഷന്‍ തന്നെ ഒഴിവാക്കേണ്ടിവന്നു. എന്നാല്‍ പിന്നണിയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കി ഇതിനെ മറികടക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

കേരളത്തിനെതിരെ റിപ്പബ്ലിക് ചാനല്‍ നിരവധി തവണയാണ് ഇതിനോടകം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് കോട്ടയത്ത് പോലീസ് സറ്റേഷനില്‍ പോലീസ് തൊപ്പി വെച്ച് സെല്‍ഫി എടുത്ത ആളുടെ ചിത്രം ഉപയോഗിച്ചാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സൈ്വര്യ വിഹാരം എന്ന നിലയക്ക് വാര്‍ത്തകള്‍ പടച്ചു വിട്ടിരിക്കുന്നത്.

ഗൂഗിളില്‍ റിപബ്ലിക് ചാനലിന്റെ ലൊക്കേഷനില്‍ കയറി പുവര്‍ റിവ്യു രേഖപ്പെടുത്തി മലയാളികള്‍ നിറഞ്ഞാടുകയാണ്. 4.2 എന്ന റിവ്യുവില്‍ നിന്ന് റേറ്റിങ് താഴ്ത്തുമെന്നാണ് കമ്മന്റുകളില്‍ നിറയുന്നത്. ചാനലിന്റെ തുടക്കം മുതലേ കേരളത്തെ താറടിച്ചു കാട്ടുന്നതിലും ദേശീയതയുടെ പേരില്‍ സംഘപരിവാര്‍ അജണ്ടകളെ പിന്തുണയ്ക്കുകയുമായിരുന്നു റിപബ്ലിക്ക് ചാനലും അര്‍ണാബ് ഗോസാമിയും.

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമാണ് നടക്കുന്നതെന്ന് ആക്രോശിച്ച് അര്‍ണാബും കൂട്ടരും കേരളത്തെ കടന്നാക്രമിച്ചു. ഇതോടെയാണ് തിരിച്ചടിയുമായി മലയാളികള്‍ പ്രത്യാക്രമണം ശക്തമാക്കിയത്. മലയാളികള്‍ കടന്നാക്രമണം തുടങ്ങും മുന്‍പ് ഇന്നലെ രാവിലെ 4.7 ആയിരുന്ന ചാനലിന്റെ ഫെയ്‌സ്ബുക്ക് പേജ് റേറ്റിങ്. വൈകിട്ടായതോടെ റേറ്റിങ് 2.3 ലേക്കു കുറഞ്ഞു. ഗുഡ്‌വില്‍ അക്കൗണ്ടില്‍ ഇത് കോടികളുടെ നഷ്ടം വരുത്തുമെന്ന് തിരിച്ചറിഞ്ഞതോടെ ചാനല്‍ റേറ്റിങ് ഓപ്ഷന്‍ പിന്‍വലിച്ചു.

നേരത്തെ പുറത്തു വന്ന വാര്‍ത്തകളില്‍ പലതും കേരളത്തെ ഭീകര സംസ്ഥാനമായി ചിത്രീകരിക്കുന്നവയായിരുന്നു. ശശി തരൂരിനെ റിപ്പബ്ലിക് ടിവി ജേര്‍ണലിസ്റ്റുകള്‍ വളഞ്ഞിട്ട് ആക്രമിച്ചതിനെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.