ഭാര്യയുടെ സമ്മതമില്ലാതെ ലൈം​ഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാല്‍സംഗമല്ല എന്ന് സുപ്രീംകോടതി

മുംബൈ : വൈവാഹിക ജീവിതത്തില്‍ ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാല്‍സംഗമല്ല എന്ന് സുപ്രീംകോടതി. സ്ത്രീയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായി കാണാന്‍ കഴിയില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ബലാത്സംഗത്തെ കുറിച്ചു പറയുന്ന 375 വകുപ്പില്‍ 15 വയസിനുമുകളില്‍ പ്രായമുള്ള ഭാര്യയുമായി അവളുടെ താത്പര്യത്തിന് വിരുദ്ധമായി ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമല്ല എന്ന് വ്യക്തമാക്കുന്നതായി കോടതി പറഞ്ഞു.

അതേസമയം  നിലവില്‍ 15 വയസിന് താഴെ പ്രായമുള്ള ഭാര്യയോടെപ്പം സമ്മതത്തോടെയോ അല്ലാതെയോ ലൈംഗിക ബന്ധം പുലര്‍ത്തുന്നത് കുറ്റകരമാണ് എന്നും ഇത് ബലാത്സംഗമായി തന്നെ പരിഗണിക്കുമെന്നും കോടതി പറഞ്ഞു.പ്രായപൂര്‍ത്തിയാകാത്ത 15 മുതല്‍ 18 വരെ പ്രായമുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തിന് പുരുഷന് അനുമതി നല്‍കുന്ന നിയമത്തിനെതിരെ ഇന്‍ഡിപെന്‍ഡന്റ് തോട്ട് (independent thought) എന്ന സന്നദ്ധസംഘടന കോടതിയെ സമീപിക്കുകയായിരുന്നു. സാമാനമായ വിഷയം നേരത്തെ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ വൈവാഹിക ബലാത്സംഗത്തെ കുറ്റകരമായി കാണാനാവില്ലെന്നായിരുന്നു പാര്‍ലമെന്റിന്റെ വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.

ജസ്റ്റിസുമാരായ എം.ബി.ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിവാഹ ജീവിതത്തില്‍ ബലാല്‍സംഗകുറ്റം ചുമത്തി ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്ക് എതിരെ കോടതിയെ സമീപിക്കുന്ന കേസുകള്‍ അടുത്തകാലത്തായി വര്‍ദ്ധിച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നത്.