ബ്ലൂവെയിലിന് പിന്നാലെ കുട്ടികളെ അപായപ്പെടുത്താനായി ഒരു ഗെയിം കൂടി ; മറിയം എന്ന് പേരുള്ള ഗെയിമിന്‍റെ ജന്മദേശം സൌദി

ബ്ലൂവെയില്‍ ഗെയ്മിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയം തന്നെ ഇതാ സമാനമായ മറ്റൊരു ഗെയിം കൂടി രംഗപ്രവേശനം ചെയ്തിരിക്കുന്നു. മറിയം എന്ന് പേരുള്ള ഒരു ഗെയിമാണ് മാതാപിതാക്കളില്‍ ഭീതി നിറച്ചിരിക്കുന്നത്. സല്‍മാന്‍ അല്‍ അര്‍ബിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം സൗദി പൗരന്മാരാണ് ഗെമിന്റെ പിന്നില്‍ എന്ന് പറയപ്പെടുന്നു. കളിക്കുന്നവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഗെയിമാണ് ബ്ലൂവെയ്ല്‍ . എന്നാല്‍ മുഖ്യമായും കുട്ടികളെ ലക്ഷ്യം വെച്ച് പുറത്തിറങ്ങിയിരിക്കുന്ന മറിയം കുട്ടികളുടെ മാനസിക നിലയെ തകരാറിലാക്കുന്ന തരത്തിലാണ് ഉള്ളത്. ആളെക്കൊല്ലി ഗെയിമായാ ബ്ലൂവെയ്ല്‍ പോലെ തന്നെ ഒരു ഓണ്‍ലൈന്‍ ഇന്ററാക്ടീവ് ഗെയിമാണ് മറിയം. ഗെയിം ഇന്‍സ്റ്റാള്‍ ചെയ്ത് കളിക്കാന്‍ ആരംഭിച്ചാല്‍ മറിയം എന്ന പേരുള്ള വെളുത്ത തലമുടിയുള്ള പെണ്‍കുട്ടി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം.

ബ്ലൂവെയിലിനെ പോലെ അപകടകാരിയല്ലെങ്കിലും, ഗെയിമറുടെ സ്വകാര്യ വിവരങ്ങളാണ് മറിയം പ്രധാനമായും ചോദിക്കുന്നത്. താരതമ്യേന ബ്ലുവെയില്‍ ആവശ്യപ്പെടുന്നതിനെക്കാള്‍ അപകടം കുറഞ്ഞ ചില ടാസ്‌ക്കുകളും മറിയം നിര്‍ദേശിക്കും. കളിക്കുന്നയാളുടെ സ്വകാര്യ വിവരങ്ങളെല്ലാം ആദ്യമേ സ്വന്തമാക്കുന്ന മറിയം ഇതിലൂടെ മനസ് വായിച്ചെടുക്കാന്‍ കഴിവുള്ളയാളാണെന്ന് സ്ഥാപിച്ചെടുക്കും. ഇതോടെ കളിക്കുന്നയാള്‍ ഗെയിമിന് അടിമപ്പെടുകയും ചെയ്യും. ഒരു ഘട്ടം പിന്നിടുമ്പോള്‍ 24 മണിക്കൂര്‍ കാത്തിരിക്കണമെന്നാണ് ഗെയിമിലെ മറ്റൊരു നിര്‍ദേശം. കളിക്കുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ സ്വന്തമാക്കുന്നതും,യഥാര്‍ത്ഥ ലോകത്തില്‍ നിന്നും അകറ്റിനിര്‍ത്തുന്നതുമാണ് മറിയത്തെ അപകടകാരിയാക്കുന്നത്. നിലവില്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ മാത്രം ലഭ്യമായ മറിയം ഇതിനോടകം നാലു ലക്ഷത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഗസ്റ്റ് പകുതിയോടെ മറിയത്തിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷനും പുറത്തിറങ്ങുമെന്നാണ് സൂചന. എന്നാല്‍ മറിയത്തിനെതിരെ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണെന്നാണ് ഗെയിം വികസിപ്പിച്ച സല്‍മാന്‍ അല്‍ അര്‍ബി പ്രതികരിച്ചത്.

മറിയം വിനോദത്തിന് മാത്രമായി വികസിപ്പിച്ചതാണെന്നും, കളിക്കുന്നയാളുടെ സ്വകാര്യ വിവരങ്ങള്‍ ഒരിക്കലും സൂക്ഷിക്കില്ലെന്നും പറഞ്ഞ അദ്ദേഹം, മറിയം അപകടരമായ ടാസ്‌ക്കുകള്‍ക്ക് നിര്‍ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. അതേസമയം കുട്ടികളുടെ മാനസിക നിലയെ ദോഷകരമായി ബാധിക്കുന്ന മറിയം നിരോധിക്കണമെന്നാവശ്യപ്പെട്ട് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ബാന്‍ മറിയം എന്ന ഹാഷ്ടാഗും പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഗെയിം നിരോധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.