വിവാദമായ ഗുരുവായൂരിലെ വിവാഹം ; പരാതി ലഭിച്ചാല്‍ വരനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുക്കുവാന്‍ വനിതാ കമ്മീഷന്‍

വിവാഹ മണ്ഡപത്തില്‍ വെച്ച് വരനെ വേണ്ടാ എന്ന് പറഞ്ഞു താലി മാല ഊരി തിരികെ നല്‍കിയ പെണ്‍കുട്ടിക്ക് എതിരെ വ്യാപകമായ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നു വരുന്നത്. തേപ്പുകാരി എന്ന പേരില്‍ ധാരാളം പോസ്റ്റുകള്‍ പെണ്‍കുട്ടിയുടെ ചിത്രം വെച്ച് പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടി മാത്രമാണ് തെറ്റ് കാരി എന്ന നിലയിലാണ് ഇപ്പോഴും സമൂഹം. എന്നാല്‍ പെണ്‍കുട്ടി പരാതി നല്‍കിയാല്‍ വരനും കുടുംബത്തിനുമെതിരെ കേസെടുക്കുവാന്‍ തയ്യാറാണ് എന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ അറിയിച്ചു. വിവാഹ മണ്ഡപത്തിലുണ്ടായ സംഭവങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിക്കെതിരെ വ്യാപക അധിക്ഷേപമാണ് സോഷ്യല്‍ മീഡ ഉണ്ടായത്. ഇതിനെതിരെയാണ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്.

വരന്റെ ബന്ധു തല്ലിയതടക്കമുള്ള വിവരങ്ങള്‍ പെണ്‍കുട്ടി കമ്മീഷനോട് പറഞ്ഞിരുന്നു. പെണ്‍കുട്ടിയ്ക്കാവശ്യമായ മാനസിക പിന്തുണ നല്‍കുകയാണ് സമൂഹത്തിന്റെ കടമയെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു. ഗുരുവായൂരില്‍ നടന്ന വിവാഹച്ചടങ്ങിനിടെ വരനൊപ്പം ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച് പെണ്‍കുട്ടി താലി തിരിച്ചു നല്‍കിയിരുന്നു. തുടര്‍ന്ന് വരന്റെ അമ്മാവന്‍ പെണ്‍കുട്ടിയെ പരസ്യമായി ചെരുപ്പൂരി തല്ലി. ഇരുകൂട്ടരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഇടപെടുകയും ഒത്തു തീര്‍പ്പാക്കുകയും ചെയ്തു. പതിനഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ വിവാഹത്തില്‍ നിന്ന് ഒഴിവാകാമെന്ന് വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സംസാരിച്ച് ഇത് എട്ട് ലക്ഷം നല്‍കാമെന്ന് സമ്മതിപ്പിച്ചു. മുദ്രപത്രത്തില്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്തു. താലി ചാര്‍ത്തിയ വരനെ ഉപേക്ഷിച്ചു വധു കാമുകനൊപ്പം പോയെന്ന വാര്‍ത്തകള്‍ ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വാര്‍ത്തയാക്കിയത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വരന്റെ കുടുംബം പുറത്തുവിട്ട ചിത്രങ്ങള്‍ ഉപയോഗിച്ചു പെണ്‍കുട്ടിക്കെതിരെ വ്യാപക ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. ?ജനപ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു പിന്തുണ അറിയിച്ചു.

അതേസമയം പണത്തിനു വേണ്ടിയാണ് തങ്ങളുടെ പ്രണയബന്ധം അറിഞ്ഞിട്ടും വരന്‍ കല്യാണത്തില്‍ നിന്നും പിന്മാറാത്തത് എന്ന് പെണ്‍കുട്ടിയുടെ കാമുകന്‍ അഭിജിത് പറയുന്നു. വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നു അറിയിച്ചിട്ടും കല്യാണത്തില്‍ നിന്നും പിന്മാര്‍ത്ത അയാള്‍ ഇപ്പോള്‍ എല്ലാം മുടങ്ങിയ ശേഷം പെണ്‍കുട്ടിയെ മാക്സിമം അപകീര്‍ത്തിപ്പെടുത്തുകയാണ് ഇപ്പോളത്തെ ലക്ഷ്യമെന്നും കേക്ക് മുറിച്ചുള്ള ആഘോഷമൊക്കെ അതിന്റെ ഭാഗമാണ് എന്നും അഭിജിത്ത് പറയുന്നു.