ചുവപ്പുമങ്ങാതെ മട്ടന്നൂര്‍; നഗരസഭാ തെരഞ്ഞെടുപ്പില്‍ 35ല്‍ 28 എണ്ണം എല്‍ഡിഎഫ് നേടി

മട്ടന്നൂര്‍ നഗരസഭയില്‍ വീണ്ടും ചുവപ്പുകോട്ട. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ്. അഞ്ചാം തവണയും നഗരസഭ നിലനിര്‍ത്തി. തെരഞ്ഞെടുപ്പ് നടന്ന 35 വാര്‍ഡുകളില്‍ 28 എണ്ണം നേടിയാണ് ഇടതുമുന്നണി വലിയ വിജയം കരസ്ഥമാക്കിയത്. യു.ഡി.എഫിന് ഏഴ് വാര്‍ഡുകളില്‍ മാത്രമെ വിജയിക്കാനായുളളൂ. ബി.ജെ.പിക്ക് ഒരു സീറ്റുപോലും കിട്ടിയില്ല.

അതേസമയം മൂന്നു വാര്‍ഡുകളില്‍ ബി.ജെ.പി. രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ എല്‍.ഡി.എഫ്. 21 സീറ്റുകളിലും യു.ഡി.എഫ്. 13 സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്. പെരിഞ്ചേരി, ദേവര്‍കാട്, കുഴിക്കല്‍, കെറോറ, കാര, നെല്ലൂന്നി എന്നിങ്ങനെ 28 വാര്‍ഡുകളിലാണ് എല്‍.ഡി.എഫ്. വീണ്ടും വിജയക്കൊടി പാറിച്ചത്. യു.ഡി.എഫ്. ജയിച്ചുകൊണ്ടിരുന്ന ഏഴു സീറ്റുകളാണ് ഇടതുമുന്നണി പിടിച്ചെടുത്തത്.

35 വാര്‍ഡുകളിലായി നടന്ന വോട്ടെടുപ്പില്‍ 82.91 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 93.4 ശതമാനം പോളിങ് രേഖപ്പെടുത്തിയ മേറ്റടി വാര്‍ഡാണ് മുന്നില്‍. നഗരസഭയുടെ അഞ്ചാമത് ഭരണസമിതിയിലേക്കുളള തെരഞ്ഞെടുപ്പില്‍ 112 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുളളത്.

എല്‍.ഡി.എഫില്‍ സി.പി.എം 28 വാര്‍ഡിലും സി.പി.ഐ, ജനതാദള്‍, എന്‍.സി.പി, സി.എം.പി, ഐ.എന്‍.എല്‍. എന്നിവ ഓരോ വാര്‍ഡിലും എല്‍.ഡി.എഫ്. സ്വതന്ത്രര്‍ രണ്ട് വാര്‍ഡിലുമാണ് മത്സരിച്ചത്. നഗരസഭ നിലവില്‍ വന്ന 1997 മുതല്‍ 20 വര്‍ഷമായി ഇടതുമുന്നണിയാണ് മട്ടന്നൂര്‍ ഭരിക്കുന്നത്.