ലോകം യുദ്ധഭീഷണിയുടെ മുനയില്‍: ഉത്തരകൊറിയയ്‌ക്കെതിരേ യുഎസ് സൈന്യം പൂര്‍ണസജ്ജമാണെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഭീഷണികള്‍ക്കു ശക്തമായ മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തരകൊറിയയ്‌ക്കെതിരേ യുഎസ് സൈന്യം പൂര്‍ണസജ്ജമാണെന്നും യുദ്ധമല്ലാത്ത മറ്റുവഴികള്‍ കിം ജോംഗ് ഉന്‍ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

യുഎസ് നിയന്ത്രണത്തിലുള്ള ഗ്വാം ദ്വീപിലേക്കു മിസൈല്‍ തൊടുക്കുമെന്ന് ഉത്തരകൊറിയ തുടര്‍ച്ചയായി ഭീഷണി മുഴക്കുന്ന സാഹചര്യത്തിലാണ് ട്രംപ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഉത്തരകൊറിയയെ ചുട്ടുചാന്പലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരകൊറിയയില്‍നിന്ന് 3,400 കിലോമീറ്റര്‍ അകലെയുള്ള പസഫിക് സമുദ്രത്തിലുള്ള ഗ്വാം ദീപിലേക്കു മിസൈല്‍ വിടുമെന്നു ഉത്തരകൊറിയ മറുപടി നല്കിയത്.

അമേരിക്കയുടെ സൈനികത്താവളമായ ഗ്വാം ദ്വീപ് ആക്രമിക്കാന്‍ ഉത്തരകൊറിയ ശ്രമിച്ചാല്‍ കനത്ത വില നല്‌കേണ്ടിവരുമെന്നു ഗ്വാം ഗവര്‍ണര്‍ എഡ്ഡി കാല്‍വോ വ്യക്തമാക്കിയിരുന്നു. ഗ്വാമിനെ ആക്രമിക്കുന്നത് അമേരിക്കയെ ആക്രമിക്കുന്നതിനു തുല്യമാണ്. ഉത്തരകൊറിയ ആക്രമണത്തിനു ശ്രമിച്ചാല്‍ ഒട്ടുംതന്നെ വിജയം കാണില്ല. തടുക്കാനാവാത്ത സേനയെയായിരിക്കും ഉത്തരകൊറിയയ്ക്കു നേരിടേണ്ടിവരുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടു സൈനിക താവളങ്ങളിലായി 7,000 യുഎസ് പട്ടാളക്കാരാണ് ഗ്വാമിലുള്ളത്. ദ്വീപിലെ ജനസംഖ്യ 1.63 ലക്ഷമാണ്. ഗ്വാമില്‍ ജനിക്കുന്നവര്‍ യുഎസ് പൗരന്‍മാരുമാണ്.