ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ടത് 30 കുട്ടികള്‍ യോഗിയുടെ മണ്ഡലത്തില്‍

ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ടത് 30 കുട്ടികള്‍. ആഗസ്റ്റ് 10 വ്യാഴാഴ്ച മുതല്‍ യു.പി യിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത് 30 പിഞ്ചു ജീവനുകളാണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലുള്ള ഈ മെഡിക്കല്‍ കോളേജില്‍ യോഗി സന്ദര്‍ശനം നടത്തിയതിന്റെ പിറ്റേ ദിവസമാണ് സംഭവം നടക്കുന്നത്.

ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് 70 ലക്ഷം രൂപ നല്‍കാന്‍ ബാക്കിയുണ്ടായിരുന്നത് കൊണ്ട് ഓക്‌സിജന്‍ സിലിണ്ടറുകള്‍ സപ്ലൈ ചെയ്തിരുന്ന സ്വകാര്യ ഏജന്‍സി അവിടേക്കുള്ള സപ്ലൈ നിര്‍ത്തലാക്കി. ഇത് പരിഹരിക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കാതെവന്നതോടെയാണ് ഈ ദാരുണ സംഭവം നടക്കുന്നത്.

ഓക്‌സിജന്‍ ലഭിക്കാതെയാണ് 30 കുട്ടികള്‍ മരണപ്പെട്ടത് എന്നത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു എന്നും, കുട്ടികള്‍ മരിക്കാന്‍ ഇടയായത് അവരുടെ രോഗാവസ്ഥയെ തുടര്‍ന്നാണെന്നുമാണ് സര്‍ക്കാര്‍ ഭാഷ്യം.

എന്നാല്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപോര്‍ട്ടുകള്‍ പ്രകാരം ഗോരഖ്പൂര്‍ പോലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞത് മരിച്ചവരില്‍ 25 കുഞ്ഞുങ്ങളും ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്നാണ് മരണപ്പെത് എന്നാണ്.


സംഭവം നടക്കുന്നതിന്റെ തലേദിവസം മുഖ്യമന്ത്രി ആദിത്യനാഥ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തു മസ്തിഷ്‌കവീക്ക രോഗം വളരെയധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സക്ക് വേണ്ടുന്ന ക്രമീകരണങ്ങള്‍ വിലയിരുത്താനാണ് മുഖ്യമന്ത്രി എത്തിയത്. 50,000 കുട്ടികളാണ് യോഗി പ്രതിനിധാനം ചെയുന്ന ഗോരഖ്പൂര്‍ ജില്ലയില്‍ മാത്രം കഴിഞ്ഞ 30 കൊല്ലത്തിനിടയില്‍ മരണപ്പെട്ടത്.
മസ്തിഷ്‌ക്കരോഗ ചികിത്സാ വിഭാഗത്തിലെ ക്രമീകരങ്ങളിലും ചിത്സയിലും ഏതെങ്കിലും തരത്തിലുള്ള അനാസ്ഥയോ വീഴ്ചയോ വരാന്‍ പാടില്ല എന്ന് അധികൃതര്‍ക്ക് ശക്തമായ താക്കേതു നല്‍കി യോഗി മടങ്ങിയതിന്റെ പിറ്റേ ദിവസമാണ് ഇവിടെ 30 കുട്ടികള്‍ ഓക്‌സിജന്‍ ദൗലഭ്യത്തെ തുടര്‍ന്ന് മരിക്കുന്നതു.

മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗത്താല മാധ്യമങ്ങളെ അറിയിച്ചു. പ്രതിപക്ഷ കക്ഷികളായ സമാജ്വാദിയും കോണ്‍ഗ്രസ്സും ആദിത്യനാഥ് സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധിക്കുന്നു. ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥിന്റെ രാജി കൂടാതെ മരിച്ച ഓരോ കുട്ടിയുടെയും കുടുംബത്തിന് 20 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.

കുട്ടികളുടെ മൃതദേഹങ്ങള്‍ കുടുംബത്തിന് കൈമാറിയ ശേഷം അവരെ ആട്ടിപായിച്ചുവെന്നും അഡ്മിഷന്‍ രേഖകള്‍ ആശുപത്രി അധികൃതര്‍ നശിപ്പിച്ച ശേഷം പോസ്റ്റ് മോര്‍ട്ടം നിഷേധിക്കുകയും ചെയ്തു വെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു.

സംഭവത്തെ തുടര്‍ന്ന്, വികസന പ്രചാരണങ്ങള്‍ക്ക് വിപരീതമായി രാജ്യത്തെ പൊതുജനആരോഗ്യ സംവിധാനം കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ദിനേന തകരുകയാണെന്ന ആക്ഷേപം കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പി ക്കും നേരെ ഉയരുന്നുണ്ട്.