നെടുമങ്ങാടിനു സമീപം സംസ്ഥാന പാതയില്‍ മരം ഒടിഞ്ഞു വീണ് അപകടം, രണ്ടു വാഹങ്ങള്‍ തകര്‍ന്നു.

ഏനിക്കര: നെടുമങ്ങാട് തിരുവനന്തപുരം സംസ്ഥാന പാതയിലെ ഏനിക്കരയിലാണ് ഇന്ന് രാവിലെ 10 മണിക്ക് അപകടാവസ്ഥയില്‍ നിന്നിരുന്ന മരം ഒടിഞ്ഞു വീണ് അപകടം ഉണ്ടായത്. ഇതിനു സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങള്‍ക്കു മുകളിലേക്കാണ് മരത്തിന്റെ വലിയ ശിഖരങ്ങള്‍ വീണത്, ഒരു വാഹനം പൂര്‍ണ്ണമായും മറ്റൊന്ന് ഭാഗികമായും തകര്‍ന്നു.

വീഡിയോhttps://www.facebook.com/malayaleevision/videos/1614606541902947/

ഇതിനു സമീപം തന്നെ ഒരു ചായക്കടയും ചുമട്ടുതൊഴിലാളികള്‍ വിശ്രമിക്കുന്ന സ്ഥലവും ഉണ്ടായിരുന്നു. മരം ഒടിയുന്ന ശബ്ദംകേട്ട് ഇതിനു സമീപം നിന്നിരുന്നവര്‍ ഓടിമാറിയത് കൊണ്ട് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. നിര്‍ത്തിയിട്ടിരുന്ന വാഹത്തില്‍ ആരും ഇല്ലാതിരുന്നതു കൊണ്ടും ആളപായം ഇല്ല. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഒരു മണിക്കൂറോളം സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെട്ടു.

അവധി ദിവസം ആയതിനാല്‍ സംസ്ഥാന പാതയില്‍ തിരക്കില്ലാതിരുന്നതു കൊണ്ട് വലിയ പകടം ഒഴിവായി. എനിക്കരയില്‍ കരകുളം ഗ്രാമപഞ്ചായത്തു കാര്യാലയത്തിനു സമീപം സംസ്ഥാന പാതയോട് ചേര്‍ന്ന് അപകടാവസ്ഥയില്‍ നിന്നിരുന്ന നൂറിലേറെ വര്‍ഷം പഴക്കമുള്ള ആല്‍മരമാണ് ഭാഗികമായി ഒടിഞ്ഞു വീണത്.

ഈ പ്രദേശത്തു ഇതുപോലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന നിരവധി മുത്തശ്ശി മരങ്ങളുണ്ട്. നാട്ടുകാര്‍ പലതവണ പലതവണ പരാതിപെട്ടിട്ടും യാതൊരുവിധ നടപടിയും അധികൃതര്‍ കൈക്കൊണ്ടില്ല. ഇന്ന് അപകടമുണ്ടായതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തഹസില്‍ദാറെ നാട്ടുകാര്‍ ഖരാവോ ചെയ്തു. സ്ഥലം എം.എല്‍.എ സി.ദിവാകരന്‍ അപകട സ്ഥലത്തെത്തി, നാട്ടുകാരുടെ പരാതികള്‍ കേട്ടു, അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ വേണ്ട സത്വര നടപടികള്‍ കൈക്കൊള്ളാന്‍ തഹസീല്‍ദാരോട് ആവശ്യപ്പെട്ടു.