ഇനി മുതല്‍ മലയാളത്തില്‍ പറഞ്ഞാലും ഗൂഗിള്‍ ടൈപ്പ് ചെയ്തു തരും

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ മലയാളം ടൈപ്പ് ചെയുക എന്നത്  കുറച്ചു ശ്രമകരമാണ്. അതുകൊണ്ടു തന്നെ ഒട്ടുമിക്കവരും മംഗ്‌ളീഷിലാണ് സുഹൃത്തുക്കളുമായി ചാറ്റ് ചെയുക. എന്നാല്‍ മംഗ്‌ളീഷ് ടൈപ്പ് ചെയ്ത് ഇനി ആരും പ്രയാസപ്പെടേണ്ടതില്ല. നമ്മുടെ സംസാരം തിരിച്ചറിഞ്ഞ് പറയുന്ന കാര്യങ്ങള്‍ ടൈപ്പ് ചെയ്യുന്ന ഗൂഗിള്‍ വോയ്‌സ് സംവിധാനത്തില്‍ ഇനി മുതല്‍ മലയാളവും ലഭ്യമാണ്.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ജി ബോര്‍ഡ്(g board) ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അതിന്റെ സെറ്റിങ്‌സില്‍ മലയാള ഭാഷ തിരഞ്ഞെടുക്കുകയേ വേണ്ടൂ.
ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇമെയില്‍ തുടങ്ങിയവയിലെ ടെക്സ്റ്റ് ടൈപ്പ് ചെയ്യുന്ന സ്ഥലത്ത് ക്ലിക്ക് ചെയ്ത് കീബോര്‍ഡ് ആക്ടീവാക്കി മൈക്രോഫോണ്‍ ഓണാക്കിയതിനു ശേഷം സംസാരിച്ചു തുടങ്ങാം. സംസാരിക്കുന്ന കാര്യങ്ങള്‍ ടൈപ്പിംഗ് ബോര്‍ഡില്‍ തെളിഞ്ഞു വരും.

നിരവധി പേരുടെ ഭാഷാ സാമ്ബിളുകള്‍ പരിശോധിച്ചു നോക്കിയാണ് ഗൂഗിള്‍ ഈ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രാദേശിക ഭാഷാ കംപ്യൂട്ടിങില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി തുറക്കുന്ന സംവിധാനമാണിതെന്നാണ് ഗൂഗിളിന്റെ വിലയിരുത്തല്‍.