ജയില്‍വാസത്തിലായിട്ടും ഭീഷണിയുടെ സ്വരം മാറ്റാതെ നിഷാം; ഇത്തവണ സന്ദേശമെത്തിയത് മാനേജര്‍ക്ക്

ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന പ്രതി മുഹമ്മദ് നിഷാം ജയിലില്‍നിന്നു മാനേജരെ ഭീഷണിപ്പെടുത്തി. നിഷാമിന്റെ തന്നെ സ്ഥാപനമായ കിങ് സ്‌പേസസ് മാനേജര്‍ക്കാണ് ഭീഷണി.

കേസ് നടത്തിപ്പിന് പണം നല്‍കാന്‍ ആവശ്യപ്പെട്ടാണു ഭീഷണി. ഇതു സംബന്ധിച്ച ശബ്ദരേഖ മനോരമ ന്യൂസ് പുറത്തുവിട്ടു. സംഭവത്തില്‍ തൃശൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമാണു നിഷാമിന്റെ ഭീഷണി വന്നതെന്നു മാനേജര്‍ പി.ചന്ദ്രശേഖരന്‍ പറയുന്നു. വളരെ മോശമായ രീതിയില്‍ ആക്രോശിച്ചായിരുന്നു നിഷാമിന്റെ സംസാരം.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിഷാമിന്റെ സ്ഥാപനത്തില്‍ മാനേജരാണ്. പലപ്പോഴായി തന്നെ മാനസികമായി പീഡിപ്പിക്കുന്ന അനുഭവമുണ്ടായിട്ടുണ്ട്. കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. നേരത്തെ നിഷാമിന്റെ മോചനത്തിനായി നാട്ടില്‍ പൊതുയോഗം വിളിച്ചു ചേര്‍ത്തത് വലിയ ചര്‍ച്ചയായിരുന്നു.