ലോകത്തെ ഏറ്റവും വില കുറഞ്ഞ ഫോണുമായി ഡിറ്റെല്‍ വരുന്നു, ജിയോ-ക്ക് ഒത്ത എതിരാളി

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മൊബൈല്‍ ഫോണ്‍ വിപണിയിലെത്തുന്നു. ഡിറ്റെല്‍ കമ്പനിയാണ് വെറും 299 രൂപ മാത്രം വിലയുള്ള ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുടെ വെബ്‌സൈറ്റിലൂടെയാണ് ഫോണിന്റെ വില്‍പ്പന നടത്തുക.

1.44 ഇഞ്ച് മോണോക്രോം ഡിസ്‌പ്ലേയുള്ള ഫോണില്‍ ഒരു സിംകാര്‍ഡ് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. 650 എം.എച്ചാണ് ബാറ്ററിയുടെ ശേഷി. ചെറിയ ഫോണായതിനാല്‍ സ്റ്റാന്‍ഡ് ബൈ ആയി 15 ദിവസം വരെ ചാര്‍ജ്ജ് നില്‍ക്കുമെന്നാണ് കമ്പനിയുടെ അവകാശ വാദം. ടോര്‍ച്ച് ലൈറ്റും, എഫ്.എമ്മും, സ്പീക്കറും ഫോണ്‍ ബുക്കുമെല്ലാം ഈ 299 രൂപയുടെ ഇത്തിരിക്കുഞ്ഞന്‍ ഫോണിലുണ്ട്.

ഡിറ്റെല്‍ ഫോണിന്റെ കടന്നു വരവ് റിലയന്‍സിന്റെ ജിയോ ഫോണിന് ഭീഷണിയാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ജൂലൈ 21നാണ് മുകേഷ് അംബാനി റിലയന്‍സിന്റെ ജിയോഫോണ്‍ അവതരിപ്പിച്ചത്. 1500 രൂപ സെക്യൂരിറ്റിയായി നല്‍കി 4ജി ഫോണ്‍ സ്വന്തമാക്കാമെന്നായിരുന്നു ജിയോയുടെ ഓഫര്‍. ഈ പണം മൂന്ന് വര്‍ഷത്തിന് ശേഷം തിരിച്ചു കിട്ടുകയും ചെയ്യും.

ഇന്ത്യയില്‍ നിലവിലുള്ള 78 കോടി ഫോണുകളില്‍ 50 കോടിയും സാധാരണ മൊബൈലുകളാണ്.