സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ വിവാഹരേഖ; അഡ്വ: കെവി ശൈലജയും ഭര്‍ത്താവും കീഴടങ്ങി

സ്വത്ത് തട്ടാന്‍ വേണ്ടി വ്യാജ വിവാഹരേഖ ചമച്ച കേസില്‍ മുഖ്യപ്രതികളായ അഡ്വക്കേറ്റ് കെ.വി.ശൈലജയും ഭര്‍ത്താവ് കൃഷ്ണ കുമാറും കീഴടങ്ങി. തളിപ്പറമ്പ് ഡി.വൈ.എസ്.പിക്ക് മുന്നിലാണ് ഇരുവരും കീഴടങ്ങിയത്.

രാവിലെ 10 മണിയോടെയാണ് ഇരുവരും ഡി.വൈ.എസ്.പി. ഓഫീസിലെത്തി കീഴടങ്ങിയത്. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇന്നത്തെ കീഴടങ്ങങ്ങല്‍.

ഇവര്‍ കോടതിയില്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന സൂചനകളെ തുടര്‍ന്ന് പയ്യന്നൂര്‍ കോടതി പരിസരത്ത് മഫ്തിയില്‍ പോലീസിനെയും നിയോഗിച്ചിരുന്നു. മൂന്നാഴ്ചയിലേറെയായി ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. പരേതനായ കണ്ണൂര്‍ തളിപ്പറമ്പ് അമ്മാനപ്പാറയില്‍ ബാലകൃഷ്ണന്റെ സ്വത്താണ് ഇവര്‍ വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

ബാലകൃഷ്ണന്റെ കോടികളുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശൈലജയുടെ സഹോദരിയെ ബാലകൃഷണന്‍ വിവാഹം ചെയ്തു എന്ന് വ്യാജരേഖ ചമച്ചാണ് സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കം നടന്നത്. ഏകദേശം 500 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇവര്‍ ആസൂത്രണം ചെയ്തിരുന്നത് എന്നാണ് വിവരം.

വലിയ സ്വത്തുക്കളുടെ ഉടമയായ ബാലകൃഷ്ണന്‍ എന്നയാളെ വിവാഹം കഴിച്ചതായി കൃത്രിമരേഖയുണ്ടാക്കി അയാളുടെ സ്വത്തുക്കള്‍ ‘വ്യാജ ഭാര്യ’യായ ജാനകിയുടെ പേരിലാക്കി. പിന്നീട് ദാനാധാരം എന്നപേരില്‍ സ്വന്തം പേരിലാക്കുകയാണ് ശൈലജ ചെയ്തത്.