വാട്സ്ആപ്പ് കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതി ഒ.എല്‍.എല്‍. സ്‌കൂളിലെ 97-98 10-ാം ക്ലാസ് ബാച്ച് കൂടിച്ചേരല്‍

ഒ.എല്‍.എല്‍ ഹൈസ്‌ക്കൂള്‍ ഉഴവൂരിലെ 1997-98 ബാച്ചിലെ വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ വാട്സപ്പ് എന്ന സാങ്കേതിക വിദ്യ വന്നതോടെ എല്ലാ കൂട്ടുകാരേയും ഉള്‍പെടുത്തി ഒരു ഗ്രൂപ്പ് ആരംഭിച്ച് പരസ്പരം എന്നും നാട്ടിലേയും വീട്ടിലേയും വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.

പലരും നിരവധി വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് ചാറ്റിംഗിലൂടെ പഴയ ഓര്‍മ്മകള്‍ അയവിറക്കി വന്നിരുന്നു. പാട്ടു പാടിയിരുന്ന കുട്ടികള്‍ വാട്സാപ്പിലൂടെ പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്ത് കൂട്ടായ്മയില്‍ ഇട്ടുമൊക്കെ വീണ്ടും പഴയ അടുപ്പങ്ങളിലേയ്ക്ക് എത്തിച്ചു. അങ്ങനെ നാട്ടില്‍ അവധിക്കുവന്നവരും, നാട്ടില്‍ വിവിധ ജോലികളില്‍ വ്യാപൃതരായിരുന്നവരും ഒന്നിച്ച് സ്‌കൂള്‍ അങ്കണത്തിലെത്തിച്ചേരാന്‍ തീരുമാനിച്ച് ആ വിവരം പഴയ പ്രിന്‍സിപ്പല്‍ എന്‍.എം. കുര്യന്‍ നെല്ലാമറ്റത്തെ അറിയിച്ചപോള്‍ സ്‌കൂള്‍ അംഗണത്തില്‍ ചേരുന്നതാണ് ഉചിതമെന്ന് നിര്‍ദേശിക്കുകയും നിലവിലെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസ് എം. ഇടശേരിയില്‍ എല്ലാ സൗകര്യങ്ങളുമൊരുക്കി സ്‌കൂളിലെ പഴയ വിദ്യാര്‍ത്ഥികളുടെ കൂടിച്ചേരലിന് വേദിയൊരുക്കി.

തങ്ങളുടെ ബാച്ചിലുണ്ടായിരുന്നതും, എന്നാല്‍ അകാലത്തില്‍ വേര്‍പിരിഞ്ഞവരുമായ സിജോ സ്റ്റീഫന്‍, ഹരികുമാര്‍ പി. എന്നീ രണ്ടു വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മയ്ക്കായി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് മുറിയൊരുക്കാനായി സമാഹരിച്ച തുകയുടെ ചെക്ക് സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി. ഈ രണ്ടു കുട്ടികളുടേയും മാതാപിതാക്കളും എത്തിയിരുന്നു. ഈ കൂടിച്ചേരലിന് സാക്ഷ്യം വഹിക്കാന്‍ പൂര്‍വ്വ അധ്യാപകരും, സ്‌കൂള്‍ മനേജര്‍ റവ.ഫാ. തോമസ് പ്രാലേലും, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് പി.എം. മാത്യൂവും ഒക്കെ എത്തിച്ചേര്‍ന്നു.

കുടുംബാംഗങ്ങളോടൊപ്പമാണ് പലരും എത്തിച്ചേര്‍ന്നത്. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികളും, അനുഭവങ്ങള്‍ പങ്കുവെയ്ക്കലും എല്ലാം ചേര്‍ന്നപോള്‍ പഴയകാല സ്‌കൂള്‍ അനുഭവം തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ഏവരും അടുത്ത കൂടിച്ചേരലിനേക്കുറിച്ചുകൂടി ചര്‍ച്ചചെയ്ത് പിരിഞ്ഞു. പരിപാടികള്‍ക്ക് ജിനോ തോമസ്, നിഥിന്‍ സോമന്‍, ശ്രീകാന്ത്, വിനോദ് പുളിക്കനിരപേല്‍, ജിന്‍സ് ജോസഫ്, സിജോ ജോയി, സ്റ്റീഫന്‍ ഇടത്തിമറ്റത്തില്‍, സജിതാ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.