അണ്ണാ ഡി.എം.കെ.യില്‍ ഇരുപക്ഷങ്ങളുടെയും ലയനപ്രഖ്യാപനം ഉടന്‍

ചെന്നൈ: അണ്ണാ ഡി.എം.കെ.യിലെ ഇരുപക്ഷങ്ങളുടെ ലയനപ്രഖ്യാപനം ഇന്നുണ്ടാകുമെന്നു സൂചന. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ചേരുന്ന എം.എല്‍. എ മാരുടെയും, ജില്ലാ സെക്രട്ടറിമാരുടെയും യോഗത്തിന് ശേഷമാകും ലയന പ്രഖ്യാപനമുണ്ടാകുക.
ബി.ജെ.പി ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷാ നാളെ തമിഴ്നാട് സന്ദര്‍ശനം നടത്താനിരിക്കെ ഇന്ന് തന്നെ ലയന പ്രഖ്യാപനം ഉണ്ടാകണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തില്‍ നിന്നും സമ്മര്‍ദ്ദമുണ്ട്.

ലയന പ്രഖ്യാപനത്തിനു മുന്‍പ് നടക്കുന്ന യോഗത്തില്‍, ശശികലയെ ജനറല്‍ സെക്രട്ടറി പദവിയില്‍നിന്നു നീക്കുന്ന പ്രമേയം പാസാക്കുമെന്നാണു സൂചന. പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വരുത്തി ശശികലയുടെ പദവിക്ക് സമാനമായ ഒരു നേതൃസ്ഥാനം പനീര്‍ശെല്‍വത്തിന് നല്‍കാനുള്ള തീരുമാനവും ഈ യോഗത്തിലുണ്ടാകും. ഉപമുഖ്യമന്ത്രിപദത്തിന് പുറമേ ഒ.പി.എസ്സിന് രണ്ട് മന്ത്രിപദവികള്‍ കൂടി ലഭിയ്ക്കും.

ലയന പ്രഖ്യാപനത്തിനുശേഷം പളനിസാമി- പനീര്‍സെല്‍വം പക്ഷങ്ങള്‍ പാര്‍ട്ടി ആസ്ഥാനത്തു യോഗം ചേരുമെന്നും സൂചനയുണ്ട്.