വി ശശികലയെ പുറത്താക്കന്‍ ധാരണ, എ.ഐ.ഡി.എം.കെയില്‍ ലയനനീക്കത്തിനു പച്ചക്കൊടി

ചെന്നൈ: അനിശ്ചിതത്വങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് അണ്ണാ ഡി.എം.കെ.യിലെ ഇരുപക്ഷങ്ങളുടെയും ലയന പ്രഖ്യാപനം ഉടന്‍. വി.കെ.ശശികലയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി പനീര്‍സെല്‍വം വിഭാഗവുമായി ലയിക്കാന്‍ പളനിസാമി വിഭാഗം തത്വത്തില്‍ ധാരണയായതോടെയാണ് ലയന സാധ്യതകള്‍ വീണ്ടും സജീവമായത്. മുഖ്യമന്ത്രി പളനിസാമി പാര്‍ട്ടി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. പനീര്‍സെല്‍വവും അല്‍പ്പസമയത്തിനകം പാര്‍ട്ടി ആസ്ഥാനത്ത് എത്തും. ഇ.പി.എസ് പക്ഷത്തുനിന്നു പച്ചക്കൊടി ലഭിച്ചാല്‍ പനീര്‍സെല്‍വവും നേതാക്കളും പാര്‍ട്ടി ആസ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചശേഷം ഫെബ്രുവരി അഞ്ചിനാണ് പനീര്‍സെല്‍വം അവസാനമായി എഐഎഡിഎംകെ ആസ്ഥാനത്തെത്തിയത്.

ഒരുഘട്ടത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടിയ തമിഴ്‌നാട്ടില്‍ ലയനനീക്കം വീണ്ടും സജീവമായിരിക്കുകയാണ്. ഒരുപക്ഷേ ഇന്നുതന്നെ ലയനം സാധ്യമാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. രണ്ടുവിഭാഗങ്ങളും തമ്മില്‍ ലയിക്കണമെങ്കില്‍ ശശികലയ്ക്കും ദിനകരനുമെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നായിരുന്നു പനീര്‍സെല്‍വത്തിന്റെ പ്രധാന ആവശ്യം.
മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ നേതൃത്വത്തിലുള്ള വിഭാഗവും പനീര്‍സെല്‍വം വിഭാഗവും ലയന പ്രഖ്യാപനത്തിനു മുന്‍പ് ചെന്നൈയില്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. ഇതിനിടെ, ടി.ടി.വി. ദിനകരന്‍ വിളിച്ച യോഗത്തില്‍ 19 എംഎല്‍എമാര്‍ പരസ്യ പിന്തുണയുമായെത്തി. ഈ സാഹചര്യത്തില്‍ ശശികലയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ കടുത്ത നടപടിയെടുക്കുന്നത് ഭരണപ്രതിസന്ധിയുണ്ടാക്കുമെന്ന് പളനിസാമി വിഭാഗം ഒ.പി.എസ് വിഭാഗത്തെ അറിയിച്ചു.

അതേസമയം ലയനനീക്കം സജീവമായതിനിടെ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ചെന്നൈയിലെത്തിയിട്ടുണ്ട്.