സ്വാശ്രയ പ്രവേശനം: കുട്ടികളുടെ ഭാവി പരിഗണിക്കുന്നില്ലെന്നു ഹൈക്കോടതി, സര്‍ക്കാരിനും, മാനേജ്മെന്റുകള്‍ക്കും രൂക്ഷ വിമര്‍ശനം

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും മാനേജുമെന്റുകള്‍ക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഏറ്റവും ലളിതമായി പരിഹാരം കാണാനാവുമായിരുന്ന വിഷയമായിരുന്നു സ്വാശ്രയ പ്രവേശനം. എന്നാല്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് സ്വാശ്രയ പ്രവേശനം ആകെ കുഴഞ്ഞുമറിയുന്ന അവസ്ഥയിലെത്തിയെന്നു കോടതി പറഞ്ഞു.

ഫീസ് ഘടനയുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു വ്യക്തതത ഇനിയും വന്നിട്ടില്ല, പ്രശ്നങ്ങള്‍ ലഘുവായി പരിഹരിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി തുടങ്ങിയ വിമര്‍ശങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. കുട്ടികളുടെ ഭാവി പരിഗണിക്കാതെയാണ് ഫീസിന്റെ കാര്യത്തില്‍ മാത്രമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രവേശനം നീണ്ടുപോകാനുള്ള സാഹചര്യം ഉണ്ടാക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.

സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ വിശദമായി വാദം കേള്‍ക്കുന്നതിനായി നാളത്തേക്ക് മാറ്റിയിട്ടുണ്ട്. നാളെ ഇത് സംബന്ധിച്ച കൃത്യമായ നിലപാട് കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.