കേരളം ഒരു ബദല്‍ മാതൃക’ ഇന്ത്യ പ്രസ്സ് ക്ലബ് സമ്മേളനത്തില്‍ എം.ബി രാജേഷ് എം.പി നയിക്കുന്ന സെമിനാര്‍

മാധ്യമരംഗത്തെ വൈവിധ്യമാര്‍ന്ന മാറ്റങ്ങളും, മാധ്യമരംഗം നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതോടൊപ്പം ജന്മനാട്ടിലെ സാമൂഹിക-സംസാസ്‌കാരിക രംഗത്തെ സമകാലികമാറ്റങ്ങളും, നാടിന്റെ വികസനവും ഇന്ത്യ പ്രസ്സ് ക്ലബ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.

ആഗസ്റ്റ് 24 മുതല്‍ 26 വരെ ചിക്കാഗോയില്‍ നടക്കുന്ന ഇന്ത്യാ പ്രസ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാം ദേശീയ സമ്മേളനത്തില്‍ ‘ കേരളം ഒരു ബദല്‍ മാതൃക’ എന്ന വിഷയത്തെ ആസ്പദമാക്കി എം.ബി രാജേഷ് എം.പി നയിക്കുന്ന സെമിനാര്‍ സംഘടിപ്പിക്കുന്നു. ഏറെ കാലിക പ്രാധാന്യമുള്ള ഒരു വിഷയവുമായാണ് മികച്ച വാഗ്മിയും, യുവനേതാവുമായ എം.ബി രാജേഷ് എത്തുന്നത്.

വിദ്യാഭാസം, പൊതുജനാരോഗ്യം, സ്ത്രീശാക്തീകരണം എന്നിവയില്‍ കേരളം ലോകത്തിനു തന്നെ മാതൃകയാണ് . ജനാധിപത്യബോധത്തിലും,മതനിരപേക്ഷതയിലും,രാഷ്ട്രീയ പ്രബുദ്ധതയിലും കേരളജനത രാജ്യത്തു തന്നെ മുന്‍പന്തിയിലാണ്. വര്‍ഗീയ ചേരിതിരിവുകളില്‍ അകപ്പെടാതെ നമ്മുടെ നാട് മുന്നോട്ടു പോകുന്നു. പുതുതലമുറയിലെ ഉദ്യോഗസ്ഥര്‍ അഴിമതികളോട് മുഖംതിരിച്ചു നില്‍ക്കുന്നത് ഏറെ പ്രശംസനീയമാണ്.

രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു ബദല്‍ വികസന സമീപനത്തിന് വേണ്ടിയാണ് നാം ഒത്തൊരുമിക്കേണ്ടത്. ഓഗസ്റ്റ് 25 നു വൈകീട്ട് 3.45 ന് ആണ് സെമിനാര്‍. സെമിനാറില്‍ പി.പി ചെറിയാന്‍ മോഡറേറ്ററും, സുനില്‍ തൈമറ്റം, രതി ദേവി,ജോയ്സ് തോന്ന്യമല, ജീമോന്‍ ജോര്‍ജ് , വര്‍ഗ്ഗീസ് പാലമലയില്‍ , ജിമ്മി കണിയാലി എന്നിവര്‍ പാനലിസ്റ്റുകളുമാണ്.