തരംഗമാകാന്‍ നോക്കിയ വീണ്ടുമെത്തുന്നു

ലണ്ടന്‍: ഒരു കാലത്ത് ഫോണ്‍ വിപണിയിലെ കിരീടം വെക്കാത്ത രാജാവായിരുന്ന നോക്കിയ, ഏറെ കാലത്തെ ഇടവേളയ്ക്കു ശേഷം സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തരംഗം തീര്‍ക്കാന്‍ വീണ്ടുമെത്തുന്നു. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള നോക്കിയ 8 ലണ്ടനില്‍ വച്ചുനടന്ന ചടങ്ങില്‍ അവതരിപ്പിച്ചു. വിപണിയിലുള്ള ഏതോരു മുന്‍നിര മോഡലിനും വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലുള്ള പ്രത്യേകതകളുമായാണ് നോക്കിയ 8 എത്തിയിരിക്കുന്നത്.

പിന്നില്‍ ഇരട്ട ക്യാമറ എന്നതാണ് നോക്കിയ 8-ന്റെ പ്രധാന പ്രത്യേകത.
പിന്നിലെ രണ്ട് ക്യാമറകളും മുന്നിലെ ഒരു ക്യാമറയും 13 മെഗാപിക്‌സലാണ്.  നോക്കിയ 8 ല്‍ സ്‌നാപ്ഡ്രാഗന്‍ 835 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 64 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഹാന്‍ഡ്‌സെറ്റ് ആന്‍ഡ്രോയ്ഡ് ഒയും സപ്പോര്‍ട്ട് ചെയ്യുമെന്നാണ് അറിയുന്നത്.

5.3 ഇഞ്ച് 2കെ എല്‍സിഡി ഡിസ്‌പ്ലെയുളള (ഗോറില്ല ഗ്ലാസ് 5 സുരക്ഷ) ഹാന്‍ഡ്‌സെറ്റിന്റെ റാം 4 ജിബിയാണ്. ബാറ്ററി ലൈഫ് 3090 എം.എ. എച്ച്. നോക്കിയ 8ന് സ്പ്ലാഷ് പ്രൂഫ് ഫീച്ചറുമുണ്ട്. രാജ്യാന്തര തലത്തില്‍ സെപ്റ്റംബറോടെ നോക്കിയ 8 വില്‍പ്പനക്കെത്തും
ഇന്ത്യയിലെത്തുമ്‌ബോള്‍ 45,000 രൂപയാകും നോക്കിയ 8 സ്വന്തമാക്കാന്‍ നല്‍കേണ്ടി വരിക.