ശസ്ത്രക്രിയ നടത്താന്‍ കഴിയുന്ന ഇത്തിരിക്കുഞ്ഞന്‍ യന്തിരന്‍ വെര്‍സ്യൂസ്

ശസ്ത്രക്രിയക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇത്തിരിക്കുഞ്ഞന്‍ റോബോട്ടിനെ വികസിപ്പിച്ചു. ബ്രിട്ടനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍, മൊബൈല്‍ ഫോണുകളുടെയും ബഹിരാകാശ വാഹനങ്ങളുടെയും സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ചു കൊണ്ടാണ് ഈ ഇത്തിരിക്കുഞ്ഞനെ നിര്‍മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ റോബോട്ടെന്ന സവിശേഷതയും ഇവനുണ്ട്.

വെര്‍സ്യൂസ് എന്നാണ് പേരിട്ടിരിക്കുന്ന ഈ റോബോട്ടിനു ശസ്ത്രക്രിയ രംഗത്ത് നിലവിലുള്ള റോബോട്ടുകളുടെ മൂന്നിലൊന്ന് വലിപ്പം മാത്രമേയുള്ളു. ഹെര്‍ണിയ, പ്രോസ്റ്റേറ്റ് ഗ്രന്ഥികള്‍, ചെവി, മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ നടത്തുന്ന ശസ്ത്രക്രിയകള്‍ക്കും താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ക്കും വളരെ അനുയോജ്യമാണ് ഈ റോബോട്ട് എന്നാണ് കേംബ്രിജ് മെഡിക്കല്‍ റോബോട്ടിക്‌സ് കമ്ബനി മേധാവി മാര്‍ട്ടി ഫ്രോസ്റ്റ് പറയുന്നത്.

മനുഷ്യന്റെ കൈകള്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ സൂക്ഷ്മമായി പ്രവര്‍ത്തിക്കാന്‍ വെര്‍സ്യൂസിന്റെ യന്ത്രക്കൈകള്‍ക്ക് സാധിയ്ക്കും. അതുകൊണ്ട് തന്നെ ഈ റോബോട്ട് ഉപയോഗിച്ചുള്ള ശസ്ത്രക്രിയകള്‍ വേദന കുറഞ്ഞതും പെട്ടെന്ന് മുറിവുകള്‍ സുഖപ്പെടുന്നതുമാണെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.