ശൈലജയുടെ രാജി ആവശ്യം; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി

ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മന്ത്രിയെ സംസാരിക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
മന്ത്രിയെ ബഹിഷ്‌കരിക്കുക എന്ന നിലപാട് ഇന്നും തുടര്‍ന്നു. ചോദ്യോത്തര വേളയില്‍ മറുപടി പറയാന്‍ മന്ത്രി ശൈലജ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം വെച്ചു.

പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായാണ് സഭയിലെത്തിയത്.
സ്വാശ്രയ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ സമയം അനുവദിച്ചെങ്കിലും പ്രതിപക്ഷം അത് നിഷേധിച്ചു. മന്ത്രി ശൈലജ മറുപടി പറയുമെന്ന് സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ മന്ത്രി മറുപടി പറയേണ്ടെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച സഭ പ്രക്ഷുബ്ദമായിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ സത്യഗ്രഹം തുടങ്ങിയിരുന്നു.