എട്ടു എ സ്റ്റാറുകളുമായി സ്വിന്‍ഡനില്‍ നിന്നും മികച്ച വിജയവുമായി ആല്‍വിന്‍ സജി മാത്യു

ജി സി എസ് ഇ പരീക്ഷയില്‍ മികച്ച വിജയമാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി വിദ്യാര്തഥികള്‍ നേടിയെടുത്തിരിക്കുന്നത്. വിത്റ്ഷെയറിലെ സ്വിണ്ടനില്‍ നിന്നും ആല്‍വിന്‍ സജി മാത്യു നേടിയ വിജയം എട്ടു എ സ്റ്റാറുകള്‍ കൈപ്പിടിയിലാക്കിക്കൊണ്ടാണ്. സ്വിണ്ടനിലെ റോയല്‍ വൂട്ടന്‍ ബാസ്സറ്റ് അക്കാഡമിയില്‍ പഠിക്കുന്ന ആല്‍വിന്‍ എട്ടു എ സ്റ്റാറുകള്‍ക്ക് പുറമേ മൂന്ന് എയും കരസ്ഥമാക്കി. ഇക്കുറി തന്നെ ജി സി എസ് ഇ പരീക്ഷയെഴുതിയ ആല്‍വിന്റെ സഹോദരി അലീനയും മികച്ച വിജയം തന്നെയാണ് കാഴ്ച വച്ചത്.

കോട്ടയം നീണ്ടൂര്‍ സ്വദേശികളായ സജി മാത്യു കാഞ്ഞിരത്തിങ്കളിന്റെയും ജെസ്സി മാത്യുവിന്റെയും മക്കളുടെ വിജയം ഏറെ ആഹ്ളാദത്തോടെയാണ് സ്വിന്‍ഡന്‍ മലയാളികള്‍ വരവേറ്റത്. ടൈക്കോ ഇലെക്ട്രോണിക്‌സിലെ സി എന്‍ സി പ്രോഗ്രാമ്മറായ സജി മാത്യുവും ഗ്രേറ്റ് വെസ്റ്റേണ്‍ എന്‍ എച്ച് എസ് ആശുപത്രിയില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്ന ജെസ്സി മാത്യുവും വര്‍ഷങ്ങളായി സ്വിന്‍ഡനിലാണ് താമസമാക്കിയിട്ടുള്ളത്. വില്‍റ്റ്‌ഷെയര്‍ മലയാളി അസ്സോസിയേഷന്റെ സജീവ പ്രവര്‍ത്തകരായ സജി മാത്യുവും കുടുംബവും കലാ രംഗത്തും ഏറെ സജീവമാണ്. വില്‍റ്റ്ഷെയര്‍ മലയാളി അസോസിയേഷനിലെ കുട്ടികള്‍ക്ക് നൃത്തം അഭ്യസിപ്പിക്കുന്നതിനും നൃത്തകനായ ആല്‍വിന്‍ നേതൃത്വം കൊടുക്കാറുണ്ട്. പിതാവ് സജി മാത്യു യുകെയിലെ അറിയപ്പെടുന്ന ചെണ്ടമേളക്കാരായ സെവന്‍ സ്റ്റാഴ്സിലെ പ്രധാന അംഗമാണ്.

സച്ചിന്റെ ആരാധകനായ ആല്‍വിന് ക്രിക്കറ്റ് പോലെ തന്നെ ഫുട്‌ബോളും ഏറെ പ്രിയങ്കരമാണ്. ഏറോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് പഠിച്ച് മികവ് തെളിയിക്കണമെന്നാണ് ഈ മിടുക്കന്റെ ആഗ്രഹം. ആല്‍വിനും അലീനക്കും അലീസയെന്ന കുഞ്ഞനുജത്തി കൂടിയുണ്ട്. അലീസ ഷാ റിഡ്ജ് പ്രൈമറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.