അന്യ സ്ത്രീയുടെ നഗ്‌ന ശരീരം കാണുമ്പോഴുള്ള വികാരമല്ല വേണ്ടപ്പെട്ടവരുടെ കാണുമ്പോള്‍; പെണ്‍സുഹൃത്തിന്റെ അശ്ലീല വീഡിയോ കാണേണ്ടിവന്ന യുവാവിന്റെ പ്രതികരണം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂടെ പഠിച്ച പെണ്‍സുഹൃത്തിന്റെ അശ്ലീല വീഡിയോ കാണേണ്ടിവന്ന അനുഭവം പങ്കുവെയ്ക്കുകയാണ് സുഷാന്ത് നിലമ്പൂര്‍. തന്റെ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് തനിക്കുണ്ടായ അനുഭവം സുഷാന്ത് പങ്കുവെയ്ക്കുന്നത്.

വാട്‌സ്ആപ്പില്‍ ഒരു അശ്ലീല ഗ്രൂപ്പിലാണ് പണ്ട് കൂടെ പഠിച്ച പെണ്‍കുട്ടിയുടെ വീഡിയോ കണ്ടത്. അവിടെ ലൈംഗിക വികാരമല്ല മറിച്ച് അത് വളരെയധികം വേദനിപ്പിക്കുകയാണ് ചെയ്തതെന്ന് സുഷാന്ത് പറയുന്നു.

പ്ലസ്ടു കഴിഞ്ഞ സമയത്ത് കമ്പ്യൂട്ടര്‍ കോഴ്‌സിന് ചേര്‍ന്നപ്പോഴായിരുന്നു പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. സഹോദരീ തുല്യമായ ഒരു ബന്ധമായിരുന്നു പെണ്‍കുട്ടിയുമായി ഉണ്ടായിരുന്നത്. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചതുകൊണ്ട് അവളെ അമ്മയാണ് വളര്‍ത്തി വലുതാക്കിയത്.

ഓണക്കാലത്തൊക്കെ അവളുടെ വീട്ടില്‍ പോയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് അവളുടെ നഗ്‌ന വീഡിയോ കാണേണ്ടി വന്നത്. ആ സംഭവത്തിന് ശേഷം അവള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായും അറിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കണമെന്ന് തോന്നിയില്ല. ആ വീഡിയോ വളരെയധികം വേദനിപ്പിച്ചു. അന്യ സ്ത്രീയുടെ ശരീരം കാണുമ്പോഴുള്ള വികാരമല്ല വേണ്ടപ്പെട്ടവരുടെ വീഡിയോ കാണുമ്പോള്‍ ഉണ്ടാകുന്നതെന്ന് ആ സംഭവത്തോടെ മനസിലായെന്നും സുഷാന്ത് പറയുന്നു.

ഇത്തരത്തിലുള്ള വീഡിയോ കൈയില്‍ കിട്ടുമ്പോള്‍ അതിലുള്ളവര്‍ക്ക് ഒരമ്മയുണ്ട്, സഹോദരീസഹോദരന്മാര്‍ ഉണ്ടായിരിക്കുമെന്ന് നാം ചിന്തിക്കുന്നില്ല. സ്‌നേഹം പ്രകടപ്പിച്ച് അടുത്തു കൂടുന്നവരോട് ‘നോ’ എന്ന പറയേണ്ട സാഹചര്യമുണ്ടായാല്‍ അത് പറയാന്‍ മടിക്കരുതെന്നും സുഷാന്ത് പതന്റെ വീഡിയോയിലൂടെ പറയുന്നു.