കള്ളനോട്ടിന് ഒരു കുറവും ഇല്ല; പുതിയ അഞ്ഞൂറിന്റെ വ്യാജനും ബാങ്കുകളില്‍, റിസര്‍വ് ബാങ്ക് കണക്ക് ഇങ്ങനെ

നോട്ട് നിരോധനത്തിലൂടെ വ്യാജകറന്‍സി ഇല്ലാതാക്കുമെന്ന അവകാശവാദവും പൊളിഞ്ഞു. രാജ്യത്തെ ബാങ്കുകളില്‍ ലഭിച്ച കള്ളനോട്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്ന് റിസര്‍വ്വ് ബാങ്ക് വെളിപ്പെടുത്തി.വ്യാജകറന്‍സിയുടെ എണ്ണത്തില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 20.4 ശതമാനം വര്‍ധനയുണ്ടെന്നാണ് റിസര്‍വ്വ് ബാിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

നോട്ട് അസാധുവാക്കലിന് ശേഷമിറക്കിയ പുതിയ രണ്ടായിരം, അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളും ബാങ്കുകളിലെത്തിയിട്ടുണ്ട്. 6.32 ലക്ഷം വ്യാജകറന്‍സികളാണ് 2015-16 വര്‍ഷം ബാങ്കുകളില്‍ ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7.62 ലക്ഷമായി വര്‍ധിച്ചു. രണ്ടായിരത്തിന്റെ 638 വ്യാജന്‍മാരെയാണ് ലഭിച്ചത്.

പുതിയ അഞ്ഞൂറു രൂപയുടെ 199 കള്ളനോട്ടുകളും ലഭിച്ചു. 2015-16 വര്‍ഷത്തില്‍ പഴയ അഞ്ഞൂറു രൂപയുടെ 3,17,567 നോട്ടുകള്‍ ബാങ്കുകളിലെത്തി. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2,61,695 ആയിരുന്നു.

അസാധുവാക്കപ്പെടാത്ത 100 രൂ നോട്ടിന്റെ വ്യാജകറന്‍സികള്‍ കുറഞ്ഞു. 2015-16ല്‍ നൂറു രൂപയുടെ 2,21,447 വ്യാജന്‍മാരെ ബാങ്കുകളില്‍ ലഭിച്ചപ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,77,195 എണ്ണായി കുറഞ്ഞൂവെന്നും കണക്കുകല്‍ വ്യക്തമാക്കുന്നു.