മുഖ്യമന്ത്രിയുമൊത്തുള്ള കൂടിക്കാഴ്ച രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതായിരുന്നെന്നു കമല്‍ ഹാസന്‍

തിരുവനന്തപുരം : തമിഴ് സിനിമാതാരം കമല്‍ ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടി കാഴ്ച നടത്തി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച എന്ന് കമല്‍ ഹാസന്‍ പറഞ്ഞു. പിണറായിയുമായുള്ള കൂടിക്കാഴ്ച ഒരു പഠനാവസരം കൂടിയാണ് തനിക്കു സമ്മാനിച്ചതെന്നും, പിണറായി വിജയന്റെ അനുഭവങ്ങള്‍ മനസിലാക്കാനുള്ള സന്ദര്‍ഭമായിട്ടാണ് താനിതിനെ പ്രയോജനപ്പെടുത്തിയതെന്നും കമല്‍ പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കര്‍ശന വിമര്ശനങ്ങളുന്നയിക്കുന്ന കമല്‍ ഹാസന്‍ അടുത്തിടെയായി രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായ പ്രകടനങ്ങളുമായി സജീവമാണ്. സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത കമല്‍ ഹാസന്‍ മന്ത്രിമാരേക്കാള്‍ വലുത് ജനങ്ങളാണെന്ന് രാഷ്ട്രീയ നേതാക്കള്‍ മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രീയത്തിലിറങ്ങാന്‍ അണ്ണാ ഡി.എം.കെ നേതാക്കള്‍ വെല്ലുവിളിച്ചതിനു പിന്നാലെ മനസുവച്ചാല്‍ താന്‍ നായകനാകും എന്ന് ട്വീറ്ററില്‍ കുറിച്ചിരുന്നു. ഇതിലൂടെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയും കമല്‍ ഹാസന്‍ നല്‍കിയിട്ടുണ്ട്. ”ഞാന്‍ പോരാളിയാണ്. മനസുവച്ചാല്‍ നായകനാകും. ആദരവ് കാണിക്കുന്നു എന്നു കരുതി നട്ടെല്ല് വളയ്ക്കുകയാണെന്ന് കരുതരുത്. തോറ്റാലും മരിച്ചാലും ഞാനൊരു പോരാളിയാണ്. വരൂ സഖാക്കളെ എന്നോടൊപ്പം’- തുടങ്ങിയ വരികളാണ് ട്വീറ്റിലുണ്ടായിരുന്നത്.

തമിഴ് സിനിമയിലെ മറ്റൊരു താരമുഖം രജനീകാന്തിന്റെ രാഷ്ടീയ പ്രവേശന ചര്‍ച്ചകളും ചൂടേറുന്ന നേരത്താണ് കമല്‍ ഹാസന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.