ബലി പെരുന്നാളിന്റെ സന്ദേശവുമായി ‘പെരുന്നാപ്പാട്ട്’ സംഗീത ആല്‍ബം റിലീസ് ചെയ്തു

അബുദാബി: മാപ്പിളപ്പാട്ടു ഗാന ശാഖയിലെ രണ്ടു തലമുറകള്‍ ഒത്തു ചേര്‍ന്ന് കൊണ്ട് ഒരുക്കിയ ‘പെരുന്നാപ്പാട്ട്’ എന്ന സംഗീത ആല്‍ബം ശ്രദ്ധേയമാവുന്നു. പ്രമുഖ സംഗീതജ്ഞന്‍ കോഴിക്കോട് അബു ബക്കര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ ആല്‍ബത്തിലെ വരികള്‍ എഴുതിയിരിക്കുന്നത് പ്രവാസ ലോകത്തെ ശ്രദ്ധേയനായ കവി ഫത്താഹ് മുള്ളൂര്‍ക്കര.

ഇസ്ലാമിക ചരിത്രത്തിലെ ഹാജറ ബീവിയുടേയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗ തീഷ്ണമായ കഥ പറയുന്ന പെരുന്നാപ്പാട്ടില്‍ ഹജ്ജ് പെരുന്നാളിന്റെ ചരിത്ര പശ്ചാത്തലവും കടന്നു വരുന്നു. തീര്‍ത്തും ലളിതമായ രീതിയില്‍ ഈ പാട്ടിനു ഓര്‍ക്കസ്ട്ര ഒരുക്കിയിരിക്കുന്നത് ഖമറുദ്ദീന്‍ കീച്ചേരി. നിരവധി സംഗീത ആല്‍ബങ്ങളി ലൂടെ സംഗീത പ്രേമികളുടെ ഇഷ്ടക്കാരനായി മാറിയ ഷംസുദ്ധീന്‍ കുറ്റിപ്പുറം, യു. എ. ഇ.യിലെ വേദികളില്‍ ശ്രദ്ധേയയായി കഴിഞ്ഞ അംബിക വൈശാഖ് എന്നിവ രാണ് ഗായകര്‍.

ഹാരിസ് കോലാത്തൊടി നിര്‍മ്മിച്ച ‘പെരുന്നാപ്പാട്ട്’ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്നത് താഹിര്‍ ഇസ്മായീല്‍ ചങ്ങരംകുളം. ക്യാമറ: മുഹമ്മദലി അലിഫ് മീഡിയ, എഡിറ്റിംഗ്: സഹദ് അഞ്ചിലത്ത്, സൗണ്ട് എഞ്ചിനീയര്‍: എല്‍ദോ എബ്രഹാം ഒലിവ് മീഡിയ. പിന്നണിയില്‍: അത്തിയന്നൂര്‍ റഹീം പുല്ലൂക്കര, കെ. കെ. മൊയ്തീന്‍ കോയ, സുബൈര്‍ തളിപ്പറമ്പ്, നൗഷാദ് ചാവക്കാട്, സുനില്‍, പി. എം. അബ്ദുല്‍ റഹിമാന്‍, സിദ്ധീഖ് ചേറ്റുവ.

ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി അബു ദാബി അലിഫ് മീഡിയയും ഓഷ്യന്‍ വേവ്‌സ് സെക്യൂരിറ്റി സിസ്റ്റവും സംയുക്തമായിട്ടാണ് ‘പെരുന്നാപ്പാട്ട്’ പുറത്തിറക്കിയിരിക്കുന്നത്.