ജഴ്‌സി നമ്പര്‍ 10 അതൊരു വികാരമാണ്; അരങ്ങേറ്റ മത്സരത്തില്‍ 10ാം നമ്പര്‍ ജഴ്‌സിയിട്ട താരത്തിന് പൊങ്കാല

 

ഇന്ത്യന്‍ ക്രിക്കറ്റിനും ലോകത്തെ ക്രിക്കറ്റ് ആരാധകര്‍ക്കും ജഴ്‌സി നമ്പര്‍ 10 എന്നത് മറക്കാനാവാത്തതാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ജഴ്‌സിയുടെ നമ്പറായിരുന്നു അത് എന്നതു തന്നെയാണ് കാര്യം.

എന്നാല്‍ ഇതേ നമ്പറിലുള്ള ജഴ്‌സി മറ്റ് ഇന്ത്യന്‍ താരങ്ങള്‍ ആരെങ്കിലും ഇട്ടാല്‍ എന്തു ചെയ്യും. അതും അരങ്ങേറ്റ മത്സരത്തിലാണെങ്കിലോ? എന്തായാലും ഇനി ആരും ഇത്തരമൊരു സാഹസത്തിനു മുതിരില്ല. അതിനു കാരണ മുണ്ട് ഇന്ത്യന്‍ താരം ശാര്‍ദൂല്‍ താക്കൂര്‍ അങ്ങനെ ഒരു സാഹസം ചെയ്തു. ഒടുവില്‍ കിട്ടിയതാകട്ടെ പൊങ്കാലയും.

ശ്രീലങ്കയ്‌ക്കെതിരായ നാലാം മത്സരത്തിലാണ് ശാര്‍ദൂല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. മത്സരത്തില്‍ 10ാം നമ്പര്‍ ജഴ്‌സിയായിരുന്നു ശാര്‍ദൂല്‍ ധരിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ട്രോളന്മാരുടെ വക കണക്കിന് കിട്ടുകയും ചെയ്തു.

ആദ്യ മത്സരത്തില്‍ തന്നെ പത്താം നമ്പര്‍ ജഴ്‌സി ഇടണമായിരുന്നോ എന്നും ആ നമ്പറിലുള്ള ജഴ്‌സി ധരിക്കാന്‍ ശാര്‍ദൂല്‍ ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ടെന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍. ബി.സി.സി.ഐ, പത്താം നമ്പര്‍ ജഴ്‌സി ഉപയോഗിക്കാന്‍ ഇനി ആരെയും അനുവദിക്കരുതെന്നും ഏറെപ്പേര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.

അത് വെറുമൊരു നമ്പര്‍ മാത്രമാണെന്ന് ബി.സി.സി.ഐ. ധരിക്കരുതെന്നും ലോകക്രിക്കറ്റില്‍ സച്ചിനെ ആരാധിക്കുന്നവരുടെ മുഴുവന്‍ വികാരമാണ് ആ നമ്പറെന്നും ചിലര്‍ കുറിച്ചു. ആരാധകരില്‍ ചിലര്‍ അതിരുകള്‍ ലംഘിച്ച് അസഭ്യ വര്‍ഷം ചൊരിയുകയും ചെയ്തു.