സ്വാമിയുടെ ലിംഗം ഛേദിച്ച സംഭവത്തിനു പിന്നില്‍ എ.ഡി.ജി.പി ബി. സന്ധ്യയെന്ന്

തിരുവനന്തപുരം: ലിംഗം ഛേദിച്ച സംഭവത്തിനു പിന്നില്‍ എ.ഡി.ജി.പി ബി. സന്ധ്യയാണെന്ന് സ്വാമി ഗംഗേശാനന്ദ. സന്ധ്യയുടെ അറിവോ സമ്മതമോ ഇല്ലാതെ സംഭവം നടക്കില്ല. പെണ്‍കുട്ടി അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും പൊലീസിനൊപ്പം അയ്യപ്പദാസ്, മനോജ് മുരളി, അജിത്ത് എന്നിവര്‍ നടത്തിയ ഗൂഢാലോചനയില്‍ അവള്‍ വീണുപോയതാണെന്നും ഗംഗേശാനന്ദ ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം ഈ സര്‍ക്കാറില്‍നിന്ന് തനിക്ക് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചട്ടമ്പിസ്വാമി സ്മാരകത്തിന്റെ ആവശ്യത്തിനായി കണ്ണമ്മൂലയില്‍ വന്നകാലം മുതല്‍ സന്ധ്യ തന്നെ ശത്രുവായാണ് കാണുന്നത്. ഈ സംഭവത്തില്‍ തനിക്കെതിരെ നിരവധി കേസുകളുണ്ടെങ്കിലും രാഷ്ട്രീയത്തിലുള്‍പ്പെടെ സ്വാധീനമുള്ളതിനാല്‍ ഇത്രയും കാലം നടപടിയെടുത്തില്ല.

പെണ്‍കുട്ടിയുടെ മാതാവിനെതിരെ 12 കേസുണ്ട്. നാട്ടിലെ പ്രധാനപ്പെട്ട എല്ലാവര്‍ക്കുമെതിരെ നാലും അഞ്ചും കേസാണുള്ളതെന്നും ശത്രുത ബി. സന്ധ്യയുടെ സ്വഭാവമാണെന്നും സ്വാമി ആരോപിക്കുന്നു. സംഭവം നടക്കുമ്പോള്‍ താന്‍ പെണ്‍കുട്ടിയെ മാത്രമേ കണ്ടുള്ളൂ. അബോധാവസ്ഥയിലായതിനാല്‍ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന് കാണാനായില്ല. ഈ തിരക്കഥ രചിച്ചത് അയ്യപ്പദാസും പന്മന ആശ്രമത്തിലുണ്ടായിരുന്ന അജിത്ത് കുമാറും മനോജ് മുരളിയും ചേര്‍ന്നാണെന്നും ഗംഗേശാനന്ദ പറഞ്ഞു.

മനോജ് മുരളിയുടെ ബന്ധുവായ എസ്.ഐയുടെ കൂടി സഹായത്തോടെയാണിത് നടന്നത്. ഈ സംഭവത്തിലെ ഒരു ആരോപണവും പൊലീസിന് തെളിയിക്കാനായിട്ടില്ല. കുറ്റപത്രം ഹാജരാക്കിയിട്ടില്ല. ക്രൈംബ്രാഞ്ച് മൊഴിയെടുത്തത് മാത്രമാണ് നടന്നിട്ടുള്ളത്. പെണ്ണുകേസുമായി ബന്ധപ്പെടുത്തിയാല്‍ ആരും സഹായിക്കാനുണ്ടാകില്ലെന്ന് ഉറപ്പുള്ളതിനാലാണ് അങ്ങനെ ചെയ്തത്. മലയാളം എഴുതാനും വായിക്കാനുമറിയാത്ത കുട്ടി മൊഴി എഴുതിക്കൊടുത്തതാണ് പോക്‌സോ പ്രകാരം കേസെടുക്കാനുള്ള കാരണം. പൊലീസുകാരെഴുതിയതില്‍ കുട്ടി ഒപ്പിടുക മാത്രമേ ചെയ്തിട്ടുള്ളൂ.

തന്റെ എല്ലാ സാമ്പത്തിക ഇടപാടുകളുമുള്ള കമ്പ്യൂട്ടര്‍ പൊലീസിന്റെ കൈയിലുണ്ട്. ലക്ഷങ്ങള്‍ കൈകാര്യം ചെയ്യുന്നയാളാണ്. മറ്റുള്ളവരുമായി ബന്ധപ്പെട്ട ഇടപാടുകളാണ് തനിക്കുള്ളത്. വിദേശ ഫണ്ട് ലഭിക്കാറുണ്ടെങ്കിലും വ്യക്തിപരമായി ഉപയോഗിക്കാറില്ല. 1995 വരെ ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകനായിരുന്ന തനിക്ക് കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധമുണ്ട്. പെണ്‍കുട്ടിക്ക് അവാര്‍ഡ് കൊടുക്കണമെന്നാണ് ചില മന്ത്രിമാര്‍ പറഞ്ഞത്. പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കാന്‍ ഗൂഢാലോചനക്ക് പിന്നിലുള്ള രണ്ടുപേര്‍ ശ്രമിച്ചിരുന്നു. അത് ഒരിക്കല്‍ വിലക്കിയതാണ് തന്നെ ഉപദ്രവിക്കാനുള്ള കാരണം.