ഇന്ത്യയുടെ സഞ്ചാരം സാമ്പത്തിക അസമത്വത്തിലേയ്ക്ക് എന്ന് റിപ്പോര്‍ട്ട് ; രാജ്യത്തെ പണം മുഴുവന്‍ ചിലരുടെ കൈകളില്‍

ന്യൂഡല്‍ഹി : രാജ്യത്തിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി ഇന്ത്യയില്‍ സാമ്പത്തിക അസമത്വം ഏറ്റവും ഉയര്‍ന്ന നിലയിലേയ്ക്ക് എന്ന് റിപ്പോര്‍ട്ടുകള്‍.സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പികേട്ടി, ലൂക്കാസ് ചാന്‍സല്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ കാണിച്ചിരിക്കുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് 1922ല്‍ നിലനിന്ന സാമ്പത്തിക അസമത്വത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോഴത്തെ കണക്കുകള്‍ എന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ പണം മുഴുവന്‍ ചിലരുടെ കൈകളില്‍ മാത്രമാണ്. മറ്റുള്ളവര്‍ ദരിദ്രരും ആണ്. 1930ല്‍ ദേശീയവരുമാനത്തിന്റെ 21 ശതമാനം കുമിഞ്ഞുകൂടിയിരുന്നത് ഒരു ശതമാനം ആളുകളുടെ പക്കലാണ്.

അത് സ്വാതന്ത്ര്യത്തിന് മുന്‍പുള്ള കാര്യമായിരുന്നു എങ്കില്‍ നിലവില്‍ ഇന്ന് രാജ്യത്തിന്റെ മൊത്തവരുമാനത്തില്‍ 22ശതമാനവും ഒരുശതമാനം ആളുകളിലാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. അതേസമയം 1980 കളുടെ ആദ്യവര്‍ഷങ്ങളില്‍ ഇത് ആറുശതമാനമായി കുറഞ്ഞിരുന്നു. ഇന്‍ഡ്യന്‍ ഇന്‍കം ഇനിക്വാലിറ്റി,1922-2014: ഫ്രം ബ്രിട്ടീഷ് രാജ് ടു ബില്യണര്‍ രാജ്? എന്ന പേരിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 80 കളില്‍ സാമ്പത്തിക അസമത്വം കുറയുന്നതായി കാണാന്‍ സാധിച്ചു. എന്നാല്‍ പിന്നീട് ഈ അസമത്വം വര്‍ധിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. വരുമാനത്തിന്റെ കാര്യത്തില്‍ 2000ത്തിനു ശേഷമുണ്ടായ വളര്‍ച്ച മുന്‍കാലത്തേക്കാള്‍ ഉയര്‍ന്നതാണ്- റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സാമ്പത്തിക വളര്‍ച്ചാ നിരക്കിലുള്ള അസമത്വം ഇന്ത്യയില്‍ മാത്രമല്ല ചൈന, അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളിലും ഇത് പ്രകടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.