ബ്ലൂവെയ്ല്‍: മരണമുനമ്പില്‍ നിന്ന് തിരിച്ചെത്തിയ യുവാവിന്റെ വെളിപ്പെടുത്തല്‍, പലപ്പോഴും ഗെയിം അവസാനിപ്പിച്ചു തിരിച്ചുവരാന്‍ മനസ്സ് കൊണ്ട് കരുതി

ബ്ലൂവെയ്ല്‍ എന്ന മരണക്കളിയില്‍ ജീവിതം ഹോമിച്ചവര്‍ ഒരുപാടുണ്ട് ഈ ലോകത്ത് എന്നാല്‍ ഒരിക്കലും കളിയില്‍ നിന്ന് ഒരു തിച്ചു പോക്കില്ലെന്ന് കരുതിയ അവസ്ഥയില്‍ നിന്നാണ് പോണ്ടിച്ചേരി സ്വദേശിയായ ആ 22കാരന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മരണത്തിനും ജീവിതത്തിനുമിടയില്‍ കൊലയാളിയായി ബ്ലൂവെയ്ല്‍ നിറഞ്ഞാടിയപ്പോള്‍ ആത്മഹത്യയെന്ന അവസാന പടവില്‍ എത്തി നില്‍ക്കെയാണ് ജീവിത യാഥാര്‍ഥ്യങ്ങളിലേയ്ക്ക് അവന്‍ തിരിഞ്ഞു നോക്കുന്നത്.

അല്പം കൂടി വൈകിയിരുന്നെങ്കില്‍ ജീവന്റെ അവസാന തുടിപ്പ് എന്നെന്നേയ്ക്കുമായി അവനെ വിട്ടു പോയേനെ. കത്തിയെടുത്ത് സ്വന്തം ശരീരത്തില്‍ തന്നെ മുറിവുണ്ടാക്കി ആത്മഹത്യ ചെയ്യാനുള്ള അവസാനത്തെ സ്റ്റേജില്‍ എത്തിയപ്പോഴാണ് തന്റെ വീട്ടിലേക്കു പോലീസ് കടന്നുവന്നത്. അതുകൊണ്ട് മാത്രം ആ ജീവന്‍ നില നിന്നു.

പലപ്പോഴും ഗെയിം അവസാനിപ്പിച്ചു തിരിച്ചുവരാന്‍ മനസ്സ് കൊണ്ട് കരുതിയെങ്കിലും തിരിഞ്ഞു നടക്കാന്‍ പറ്റാത്ത അത്രയും അടിമപ്പെട്ടുപോയിരുന്നു അവന്‍. അല്ലെങ്കില്‍ അതില്‍ കുടുങ്ങിപ്പോവുകയായിരുന്നു അലക്‌സാണ്ടര്‍ എന്ന ഈ 22കാരന്‍.

ഇത് വെര്‍ച്വല്‍ ട്രാപ്പ് ആണ്. നിങ്ങള്‍ വേദനിക്കുന്ന ഒരു അനുഭവത്തിലൂടെ കടന്നുപോകും. സാഹസങ്ങള്‍ തേടുന്നവര്‍ പോലും മാനസികമായി തളര്‍ന്നുപോകും. ഒരു വാട്‌സാപ്പ് ഗ്രൂപ് വഴിയാണ് അലക്‌സാണ്ടറിനു ഗെയിമിന്റെ ലിങ്ക് ലഭിച്ചത്. രണ്ടാഴ്ച മുമ്പ് ചെന്നൈയില്‍ നിന്നും നാട്ടില്‍ ലീവിന് വന്നപ്പോഴായിരുന്നു ഗെയിം കളിച്ചു തുടങ്ങിയത്. ഗെയിമിനു അടിമയായതോടെ പിന്നീട് ലീവ് കഴിഞ്ഞിട്ടും ജോലിക്കു പോകാതെ കളിയില്‍ തന്നെ മുഴുകി. ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ഒരു ആപ്പോ ഗെയിമോ അല്ല ഇത്. പകരം ഒരു ലിങ്ക് മാത്രമായിരിക്കും. അത് നിയന്ത്രിക്കുന്നതിന് ഒരു അഡ്മിനും ഉണ്ടാവും. അഡ്മിന്‍ നല്‍കിയ ജോലികള്‍ ഓരോ ദിവസവും 2 മണിക്കുശേഷം മാത്രമേ പൂര്‍ത്തീകരിക്കാന്‍ പാടുള്ളൂ. ആദ്യ ദിവസങ്ങളില്‍ ബ്ലൂ വെയില്‍ അഡ്മിന്‍ ശേഖരിച്ച സ്വകാര്യ വിവരങ്ങളും വിശദാംശങ്ങളും ഫോട്ടോഗ്രാഫുകളും മറ്റും പോസ്റ്റു ചെയ്യും. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അലക്‌സാണ്ടറിനോട് അര്‍ദ്ധരാത്രിയില്‍ ശ്മശാനം വരെ ഒറ്റക്ക് പോകാനുള്ള നിര്‍ദ്ദേശം വന്നു. ഞാന്‍ അര്‍ദ്ധരാത്രിയോടെ അക്കാറവട്ടം ശവക്കുഴിയിലേക്ക് പോയി, ഒരു സെല്‍ഫി എടുത്തു, ഓണ്‍ലൈനില്‍ പോസ്റ്റുചെയ്തു. പിന്നീട് ദിനവും എന്നോട് പ്രേതസിനിമകള്‍ കാണാന്‍ ആവശ്യപ്പെടും. അത് എന്നിലെ പേടി കൂട്ടാനും മാനസികമായി തളര്‍ത്താനുമായിരുന്നു. വീട്ടില്‍ ഉള്ള ആളുകളോട് ഞാന്‍ സംസാരിക്കുന്നത് ഒഴിവാക്കി എന്റെ മുറിയില്‍ ഒതുങ്ങി കിടക്കുകയായിരുന്നു, മാനസികമായി തളര്‍ന്നു, ഗെയിമില്‍ നിന്ന് ഇറങ്ങണമെന്നുണ്ടെങ്കിലും എനിക്ക് അങ്ങനെ ചെയ്യാന്‍ കഴിഞ്ഞില്ല                           അലക്‌സാണ്ടര്‍

അലക്‌സാണ്ടറിന്റെ ഇത്തരം പല പ്രവര്‍ത്തികളും കണ്ടു സംശയം തോന്നിയ സഹോദരന്‍ അജിത്ത് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അങ്ങനെ നാലുപേര്‍ അടങ്ങുന്ന പോലീസ് സംഘം പുലര്‍ച്ചെ നാല് മണിക്ക് അലക്‌സാണ്ടറിന്റെ വീട്ടിലെത്തി അവന്റെ മുറിയില്‍ കയറിയപ്പോഴേക്കും കത്തി കയ്യില്‍ പിടിച്ചു ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന അവസ്ഥയിലായിരുന്നു അലക്‌സാണ്ടര്‍.

അല്പം കൂടെ വൈകിയിരുന്നെങ്കില്‍ തീര്‍ന്നുപോയേക്കാവുന്ന ആ ജീവിതം അങ്ങനെ അവിടെ തിരിച്ചുകിട്ടി. കൃത്യമായ കൗണ്‍സിലിംഗിലൂടെ അലക്‌സാണ്ടറിന്റെ സ്ഥിതി മെച്ചപെട്ടു. ഇപ്പോള്‍ സാധാരണ നിലയിലേക്ക് ജീവിതത്തെ തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് ഈ യുവാവ്.