സ്വാശ്രയ മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയ സംഭവം; കേന്ദ്രസര്‍ക്കാരിനും മെഡിക്കല്‍ കൗണ്‍സിലിനും സുപ്രീം കോടതി നോട്ടീസ്

കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശന നടപടി റദ്ദാക്കിയ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും സുപ്രീം കോടതിയുടെ നോട്ടീസ്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നഷ്ടപ്പെടുകയും ചെയ്തതോടെ അടൂര്‍ മൗണ്ട് സിയോണ്‍, ഡി.എം. വയനാട്, തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് എന്നിവയുടെ പ്രവേശനാനുമതി സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

നാനൂറോളം വിദ്യാര്‍ത്ഥികളുടെ പ്രവേശനം അനിശ്ചിതത്വത്തിലായെന്ന് ചൂണ്ടികാണിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ കോളജുകള്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

ഹൈക്കോടതി നല്‍കിയ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ഇരുകൂട്ടരുടേയും വാദം തിങ്കളാഴ്ച പരിഗണിക്കാനാണ് കേന്ദ്രസര്‍ക്കാരിനും മെഡിക്കല്‍ കൗണ്‍സിലിനും കോടതി നോട്ടീസ് അയച്ചത്.