രമേശിനേക്കാള്‍ മികച്ചത് ഉമ്മന്‍ചാണ്ടി തന്നെയെന്ന് തുറന്നടിച്ച് ആര്‍എസ്പി, പ്രസ്താവന എഎ അസീസിന്റേത്

രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് ആര്‍.എസ്.പി. പ്രതിപക്ഷ നേതാവായി ചെന്നിത്തലയേക്കാള്‍ ശോഭിക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു എ.എ. അസീസിന്റെ പ്രസ്താവന.

ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്നായിരുന്നുവെന്ന് ആര്‍.എസ്.പി. നേരത്തെ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ പോലെ രാപ്പകലില്ലാതെ ഓടി നടന്ന് പ്രവര്‍ത്തിക്കാനുള്ള മിടുക്ക് രമേശ് ചെന്നിത്തലയ്ക്കില്ലെന്നും എ.എ. അസീസ് തുറന്നു പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് കിട്ടുന്ന പരിഗണന രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കില്ല. മുഖ്യമന്ത്രി ആയിരുന്ന വ്യക്തി എന്ന നിലയ്ക്ക് ഇത്തരം സ്ഥാനങ്ങളിലേക്ക് ഉമ്മന്‍ചാണ്ടി അനുയോജ്യനായ വ്യക്തിയാണ്.

ഉമ്മന്‍ചാണ്ടിക്കുള്ള ജനകീയ പിന്തുണ രമേശ് ചെന്നിത്തലയ്ക്കില്ല. ഘടക കക്ഷികള്‍ക്കിടയില്‍ മാത്രമല്ല കോണ്‍ഗ്രസില്‍ തന്നെ ഇക്കാര്യത്തില്‍ ഭൂരിപക്ഷാഭിപ്രായം ഉണ്ടെന്നും അസീസ് പറഞ്ഞു.