അമേരിക്കയെ വിറപ്പിക്കുന്ന കൊടുങ്കാറ്റിന് ആരാണ് പേരിടുന്നത്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നാശം വിതച്ച് വിരുന്നെത്തുന്ന ചുഴലിക്കാറ്റുകള്‍ക്കും, കൊടുങ്കാറ്റിനും പേരിടുന്നതാരാണ്. ചിലപ്പോള്‍ സ്ത്രീകളുടെ പേരും, മറ്റു ചിലപ്പോള്‍ പുരുഷന്മാരുടെ പേരുകളും. മാത്യു, കത്രീന, സാന്‍ഡി, ഹാര്‍വി, ഇപ്പോഴിതാ ഇര്‍മ. ഇങ്ങനെ പോകുന്നു പേരുകള്‍.

യു.എസിലെ നാഷനല്‍ ഹരികെയ്ന്‍ സെന്ററാണ് (എന്‍.എച്ച്.സി) ഈ കൊടുങ്കാറ്റുകള്‍ക്ക് പേരിടുന്നത്. അമേരിക്കയുടെ പേടിസ്വപ്നമായ ഈ കാറ്റുകള്‍ക്ക് പേരിടാന്‍ എന്‍.എച്ച്.സി പ്രത്യേകം പട്ടിക തയാറാക്കിയിട്ടുണ്ട്. ഏഴുവര്‍ഷത്തേക്കാണ് പട്ടിക തയാറാക്കുക. 21 പേരുകളാണ് ആ പട്ടികയിലുള്ളത്. ഇതനുസരിച്ച് 2017, 2018, 2019, 2020, 2021, 2022 വര്‍ഷങ്ങളിലേക്കുള്ള പട്ടിക ഇപ്പോള്‍ത്തന്നെ റെഡിയാണ്. ഏഴു വര്‍ഷത്തിനുശേഷം ഈ പേരുകള്‍ ആവര്‍ത്തിക്കും.

പട്ടികയനുസരിച്ച് 2022ല്‍ ആദ്യമെത്തുന്ന ചുഴലിക്കൊടുങ്കാറ്റിന് അലക്‌സ് എന്നും ഒടുവിലെത്തുന്ന ചുഴലിക്കൊടുങ്കാറ്റിന് വാള്‍ട്ടര്‍ എന്നുമാകും പേര്. ഇര്‍മക്കു ശേഷമെത്തുന്ന ചുഴലിക്കാറ്റിന്റെ പേര് ജോസ് എന്നാണ്. ഓര്‍മിക്കാനെളുപ്പം എന്ന രീതിയിലാണ് മനുഷ്യന്റെ പേരുകള്‍ നല്‍കിത്തുടങ്ങിയത്. ആദ്യമൊക്കെ സ്ത്രീകളുടെ പേരുകളായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍, സ്ത്രീസംഘടനകള്‍ സംഘടിച്ചതോടെ 1979ല്‍ ആ പരിപാടി നിര്‍ത്തി. സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരുകള്‍ മാറിമാറി ഉപയോഗിക്കാന്‍ തുടങ്ങി. രണ്ടാംലോക യുദ്ധകാലത്ത് തങ്ങളുടെ ഭാര്യമാരുടെയും പെണ്‍സുഹൃത്തുക്കളുടെയും പേരു നല്‍കിയ യു.എസ് നാവികരാണ് ഇങ്ങനെയൊരു സമ്പ്രദായം കൊണ്ടുവന്നത്.