വീരമൃത്യുവില്‍ നിന്ന് ഉയിര്‍ കൊണ്ട വീര്യം; ഭര്‍ത്താക്കന്‍മാരുടെ സ്മരണയില്‍ രണ്ട് സ്ത്രീകള്‍ സൈനിക വേഷമണിഞ്ഞു

രാജ്യത്ത് സൈന്യത്തിന്റെ യൂണിഫോമണിഞ്ഞു രണ്ടു വനിതകള്‍. ഇവര്‍ ചെന്നൈ ഓഫിസേഴ്‌സ് ട്രെയ്‌നിങ് അക്കാദമിയില്‍ ഒരു വര്‍ഷം നീണ്ട കഠിന പരിശീലനത്തിനു ശേഷം ഇന്നലെയാണ് കര്‍മരംഗത്തേയ്ക്കിറങ്ങിയത്‌.

322 പേരില്‍ ലഫ്റ്റനന്റുമാരായ സ്വാതി മഹാദികും നിധി മിശ്ര ദുബെയും സൈനിക വേഷമണിഞ്ഞത്. എന്നാല്‍ ഇവരണിഞ്ഞ സൈനിക വേഷത്തിന് ഒരു പ്രത്യേകത കൂടി രണ്ടു പേരുടേയും ഭര്‍ത്താക്കന്‍മാര്‍ സൈനികരായിരുന്നു.

രാജ്യത്തിനായി ജീവന്‍ ത്യജിച്ച കേണല്‍ സന്തോഷ് മഹാദികിന്റെ ഭാര്യയാണു മുപ്പത്തെട്ടുകാരിയായ സ്വാതി. 2015 നവംബറില്‍ കശ്മീരിലെ കുപ്‌വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണു സന്തോഷ് വീരമൃത്യുവരിച്ചത്.

അധ്യാപികയായിരുന്ന സ്വാതി ഭര്‍ത്താവിന്റെ ചിതയ്ക്കരികില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിനു പ്രിയപ്പെട്ട സൈനിക യൂണിഫോം അണിയാനുള്ള ധീരമായ തീരുമാനമെടുത്തത്. കഠിന പരിശീലനത്തിലൂടെ സര്‍വീസ് സിലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) പരീക്ഷ പാസായി സ്വാതി ചെന്നൈയിലെ ട്രെയ്‌നിങ് അക്കാദമിയിലെത്തി.

ഇപ്പോള്‍ പാസിങ് ഔട്ടും കഴിഞ്ഞിരിക്കുന്നു. പാസിങ് ഔട്ട് പരേഡിനുശേഷം തന്റെ മക്കളെ ചേര്‍ത്തുപിടിച്ച് സ്വാതി പറഞ്ഞു, ‘ എന്നും അദ്ദേഹത്തിന് ആദ്യപ്രണയം ഈ യൂണിഫോമിനോടായിരുന്നു. ഇപ്പോള്‍ അതും എനിക്കു സ്വന്തമായി ‘

സൈന്യത്തിലെ മഹര്‍ റജിമെന്റില്‍ നായിക്കായിരുന്ന ഭര്‍ത്താവ് മുകേഷ് ദുബെ ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങുമ്പോള്‍ നിധിക്കു പ്രായം 21, കൂടാതെ നാലുമാസം ഗര്‍ഭിണിയും. പിന്നീടങ്ങോട്ട് വിധിയോടും ജീവിതത്തോടും തോല്‍ക്കതെ പട പൊരുതുകയായിരുന്നു നിധി.

അഞ്ചുതവണ സര്‍വീസ് സിലക്ഷന്‍ ബോര്‍ഡ് പരീക്ഷ എഴുതിയാണ് തന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പടവുകള്‍ നിധി കയറിയത്. പാസിങ് ഔട്ട് പരേഡിനു സാക്ഷിയാകാന്‍ ഏഴു വയസ്സുകാരന്‍ മകനുമുണ്ടായിരുന്നു.