ദിലീപിനെതിരെയുള്ളത് നല്ല എതിര്‍വിസ്താരം നടത്തിയാല്‍ പൊളിഞ്ഞു വീഴുന്ന കേസ്- സെബാസ്റ്റ്യന്‍ പോള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അനുകൂലിച്ച് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. നല്ല എതിര്‍വിസ്താരം നടത്തിയാല്‍ പൊളിഞ്ഞു വീഴാവുന്ന കേസാണിതെന്ന് അദ്ദേഹം പറഞ്ഞു.

പോലീസിന്റെ വാദത്തിന് പിന്നാലെ പോകുന്നവരെ നിശിതമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം വെബ്‌സൈറ്റില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സെബാസ്റ്റ്യന്‍ പോള്‍ തന്റെ നിലപാട് ആവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്.

പോലീസിനെ വിശ്വസിച്ച് ഒരാളെ നിഗ്രഹിക്കുന്നത് ശരിയല്ല. താന്‍ ഇരയ്ക്ക് എതിരല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി. ലേഖനത്തില്‍ പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മദനിയേപ്പോലെ പോലീസ് ഭീകരതയുടെ ഇരയാണ് ദിലീപ് എന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. വീഴുന്നവനെ ചവിട്ടുന്നതാണ് സമൂഹമെന്നും അദ്ദേഹം ചെയര്‍മാനും എഡിറ്റര്‍ ഇന്‍ ചീഫുമായ വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

എന്നാല്‍ ലേഖനത്തെ സംബന്ധിച്ച് എതിര്‍പ്പുകലുമായി വെബ്‌സൈറ്റിലെ തന്നെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയിരുന്നു. ഈ ലേഖനം വിവാദങ്ങള്‍ക്ക് ആക്കം കൂടിയതോടെയാണ് പ്രസ്താവനയുമായി സെബാസ്റ്റ്യന്‍ പോള്‍ വീണ്ടുമെത്തിയിരിക്കുന്നത്.

വിഷയത്തില്‍ സിനിമാ സംവിധായകന്‍ ആഷിക്ക് അബു ഉള്‍പ്പെടെയുള്ളവര്‍ സെബ്സ്റ്റ്യന്‍ പോളിനെതിരെ ഫെയ്‌സ്ബുക്കിലൂടെ രൂക്ഷവിമര്‍ശനവും ഉയര്‍ത്തിയിരുന്നു. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന ശ്രീനിവാസന്റെ പ്രസ്താവനക്ക് പിന്നാലെയാണ് സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം വന്നത്.