സമാധാനം തകര്‍ക്കുന്ന ശോഭായാത്രകള്‍: അനുകരണ അടവുനയങ്ങള്‍ നല്‍കുന്ന സന്ദേശമെന്ത് ?…

ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്നു വരുന്ന ദിവസത്തിലായിരുന്നു ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂജാതനായത്. ഭക്തര്‍ അമ്പാടിക്കണ്ണന്റെ പിറന്നാള്‍ ശ്രീകൃഷ്ണ ജയന്തി, കൃഷ്ണാഷ്ടമി, ജന്മാഷ്ടമി, അഷ്ടമി രോഹിണി എന്നീ വിവിധ പേരുകളില്‍കൊണ്ടാടുന്നു. ജന്മാഷ്ടമി ദിനത്തില്‍ ഭക്തിയോടെ ഭഗവല്‍ മന്ത്രങ്ങള്‍ ഉരുവിടുന്നത് സാധാരണ ദിനത്തില്‍ ജപിക്കുന്നതിനേക്കാള്‍ നാലിരട്ടി ഫലം നല്‍കുമെന്നാണ് വിശ്വാസം.

അക്കാര്യം അവിടെ നില്‍ക്കട്ടെ, ഇന്ന് നാം കൊണ്ടാടുന്ന ശ്രീകൃഷ്ണ ജയന്തിയും ശോഭായാത്രയും എല്ലാം എത്രത്തോളം നമ്മളോട് തന്നെ നീതി പുലത്തുന്നു എന്ന് ചിന്തിക്കേണ്ട സമയം എന്നേ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ജാതീയമായും മതപരമായും അതിലുപരി രാഷ്ട്രീയമായും മാത്രം ആള്‍ ബലവും ശക്തിയും കാണിക്കാനുള്ള സമയവും സന്ദര്‍ഭവുമായി കൃഷ്ണന്റെ ജന്മദിവസം മാറി.

പൊതു ജനത്തിനും ഇക്കാര്യത്തില്‍ അല്‍പം ആശങ്കയില്ലാതില്ല. കാരണം ഇന്നു കേരളത്തില്‍ ശ്രീകൃഷ്ണ ജയന്തി കാര്യമായി കൊണ്ടാടുന്നത് തെളിച്ചു പറഞ്ഞാല്‍ ആര്‍.എസ്എസ്സും സി.പി.എമ്മും ആണ്. കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സി.പി.എം. സംസ്ഥാനമത്തൊട്ടാകെ ഘോഷയാത്രകള്‍ സംഘടിപ്പിച്ചു. അങ്ങനെ കൃഷ്ണനെ സഖാവ് കൃഷ്ണനാക്കി. ഇത്തരം ഘോഷയാത്ര സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ പലവിധത്തിലുള്ള വാദങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്തിരുന്നു.

കേരളത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഉണ്ണിക്കണ്ണന്മാരും രാധമാരും അവരുടെ കുടുംബാംഗങ്ങളും പരിപാടികാണാനായി എത്തുന്നവരും എല്ലാം സംഘപരിവാര്‍ രാഷ്ട്രീയം പിന്തുടരുന്നവരാണെന്ന ധാരണ വച്ച് പുലര്‍ത്തുന്നവരാണ് സി.പി.എമ്മിലെ ഒരു കൂട്ടം എന്നു പറയാതെ വയ്യ. ഒന്നു ചിന്തിച്ചു നോക്കിയാല്‍ മനസിലാകാവുന്നതേയുള്ളൂ ഇക്കാര്യം.

അങ്ങനെയാണ് കാര്യങ്ങളെങ്കില്‍ കേരളത്തില്‍ ബി.ജെ.പി. ഇതിനോടകം 10ല്‍ കൂടുതല്‍ മണ്ഡലങ്ങളിലെങ്കിലും വിജയിച്ചു കയറിയേനെ. ഒരു കാര്യം വ്യക്തമാണ് കേരളത്തിലെ സി.പി.എം. ആര്‍.എസ്.എസ്സിനെ പ്രതിരോധികുകയല്ല അക്ഷരാര്‍ഥത്തില്‍ ചെയ്യുന്നത്. മറിച്ച് അവരെ അനുകരിക്കുകയാണ്.

കാരണം ശോഭായാത്രയെ സി.പി.എം. കോട്ടയായ കണ്ണൂരില്‍ ഘോഷയാത്രയാക്കിയും, ചട്ടമ്പി സ്വാമി ദിനാഘോഷമാക്കിയും പിന്നീട് കാവി മുണ്ടുടുത്ത് പതിയെ കളര്‍ ചുവപ്പാക്കി മാറ്റിയുമെല്ലാം ആ അനുകരണങ്ങള്‍ ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. എന്നാല്‍ ഇത്തത്തിലുള്ള അനുകരണ അടവു നയങ്ങള്‍ കൊണ്ട്, പ്രതിരോധ തന്ത്രമെന്നു വിളിക്കുന്ന തലതിരിഞ്ഞ നീക്കങ്ങള്‍ കൊണ്ട് സ്വന്തം പാളയത്തില്‍ തന്നെ വിള്ളല്‍ തീര്‍ക്കുകയാണ് സി.പി.എം.

സി.പി.എം. വാതോരാതെ പറയുന്ന പ്രതിരോധ തന്ത്രം നിലനില്‍ക്കെ തന്നെ ഓരോ തെരെഞ്ഞെടുപ്പ് കഴിയുന്തോറും ബി.ജെ.പി. അവരുടെ വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന സത്യം മറച്ചു വെയ്ക്കാനാവുന്നതല്ല. എന്നാല്‍ ഇതെല്ലാം ജന്മാഷ്ടമി പോലുള്ള ആഘോഷങ്ങള്‍ നടത്തിക്കൊണ്ടാണോ ബി.ജെ.പി. നേടിയെടുക്കുന്നത്. അല്ലെന്നു തന്നെ വിശ്വസിക്കുന്നവരാകും കമ്മ്യൂണിസ്റ്റുകാര്‍ എന്നു തന്നെ കരുതാം. എന്നിട്ടും സമാന്തര ആഘോഷങ്ങള്‍ സജീവമായി മുന്നേറിക്കൊണ്ടിരിക്കുന്നു.

ശ്രീകൃഷ്ണ ജയന്തി ആഘോഷം വര്‍ഷം തോറും ബാലഗോകുലത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിപ്പോരുന്നതാണ്. അതിന് ഇത്തരത്തില്‍ മതത്തിന്റെ മാത്രം ഒരു നിറമുള്ളതായി കേരളം കണക്കാക്കിയിരുന്നിട്ടുമുണ്ടാവില്ല. പിന്നെ എന്നു മുതലാണ് ഇത് മതത്തിന്റെ കെട്ടുറപ്പിലും രാഷ്ട്രീയത്തിന്റെ നിറച്ചാര്‍ത്തിലേയ്ക്കും മാത്രം വന്നത്. അത് പ്രധാനമായും കേരളത്തില്‍ ബി.ജെ.പി. ശക്തി അറിയിച്ചു തുടങ്ങിയതോടുകൂടിയും അതു പോലെ തന്നെ കേന്ദ്ര ഭരണം നരേന്ദ്രമോദി എന്ന ആര്‍.എസ്.എസ്സുകാരന്റെ കൈകളില്‍ എത്തിയതോടുകൂടിയുമാണ്.

സംഘപരിവാറിനെ സംബന്ധിച്ച് കേരളത്തില്‍ ഇപ്പോഴും വ്യക്തമായ വേരോട്ടം ലഭ്യമായിട്ടില്ലെന്നിരിക്കെ സ്വാഭാവികമായും ഇത്തരം പരിപാടികള്‍ അവര്‍ ഏറ്റെടുത്ത് കൂടുതല്‍ ജനപങ്കാളിത്തത്തോടെ നടത്താന്‍ ശ്രമങ്ങള്‍ നടത്തുന്നത് സംശയങ്ങള്‍ക്കതീതമാണ്. എന്നാല്‍ അതിനെ അതേ രീതിയില്‍ അനുകരണവുമായി നിന്ന് പ്രതിരോധിക്കാന്‍ നില്‍ക്കുമ്പോള്‍ ഇവിടെ ഇല്ലാതാകുന്നത് സ്വസ്തതയും സമാധാനവുമാണ്. ഇരു പാര്‍ട്ടികളും തെരുവീഥികളില്‍ വീറും വാശിയും കാണിച്ച് അംഗബലം കൂട്ടി മുന്നേറുമ്പോള്‍ ഇവിടെ അസാധ്യമായി തീരുന്നത് ശാന്തിയും സമാധാനവുമാണ്.

ഇത്തരം ആഘോഷങ്ങളില്‍ നിന്ന് പലപ്പോഴായി പൊട്ടിപ്പുറപ്പെടുന്ന ചില അസ്വാരസ്യങ്ങള്‍ പിന്നീട് ചെന്നെത്തി നില്‍ക്കുന്നതാകട്ടെ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുന്ന അതിന് അലമുറയിട്ട് കരയുന്ന അരണ്ടകാലത്തെ രാഷ്ട്രീയത്തിലേയ്ക്കുമാകുമെന്ന് നമ്മള്‍ വിസ്മരിക്കരുത്.

അടിയുറച്ച വിശ്വാസ പ്രമാണങ്ങളില്‍ നിലകൊള്ളുന്നവരില്‍ ആരാണ് ഇത്തരം ആഘോഷങ്ങല്‍ കൊണ്ട് തന്റെ വിശ്വാസത്തെയും പ്രത്യശാസ്ത്രത്തേയും പടിയടച്ച് പിണ്ഡം വെയ്ക്കുക. രാഷ്ട്രീയ ലാഭത്തിനും അതിലുപരി ന്യൂനപക്ഷ പ്രീണനത്തിനുമായി നടത്തുന്ന ഇത്തരം നാടകം ജനങ്ങള്‍ തിരിച്ചറിയുമെന്ന് എന്നാവും ഇക്കൂട്ടര്‍ തിരിച്ചറിയുക.

പാര്‍ട്ടികള്‍ ആശയ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ മറ്റാശയങ്ങളുടെ അനുകരണമാണ് ഉചിതമെന്നു കരുതുന്നതിലും വലിയ മണ്ടത്തരം വേറെയില്ല. നാളിതുവരെ ജനങ്ങളില്‍ സ്വാധീന ശക്തിയാകാന്‍ കേരള രാഷ്ട്രീയത്തില്‍ ആര്‍.എസ്.എസ്സിനു കഴിഞ്ഞിട്ടില്ല.

ബഹുജന അടിത്തറയുള്ള ഈ കാലത്തും വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്താന്‍ പറ്റുന്ന ഒരു സംഘടനയായ സി.പി.എം. ഇപ്പോള്‍ കാണിച്ചു കൂട്ടുന്ന ഈ കോമാളിത്തരങ്ങള്‍ക്ക് എന്ത് ന്യായീകരണമാണ് നല്‍കാനുകുക. സമാന ആശയങ്ങളോട് വിയോജിപ്പുള്ള, മറ്റു കക്ഷി രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പോലും ഇതൊക്കെ കണ്ട് ചിരിക്കാനേ കഴിയൂ…

ഭക്തിയുടേയും രാഷ്ട്രീയത്തിന്റേയും മറവില്‍ ആഘോഷമാക്കിമാറ്റുന്ന ഇത്തരം കാര്യങ്ങള്‍ക്കിറങ്ങുമ്പോള്‍ ഒന്നിരുത്തി ചിന്തിക്കുന്നതു നന്നാകും. നഷ്ടപ്പെടാന്‍ നിങ്ങള്‍ക്കേയുള്ളൂ അറിഞ്ഞോ അറിയാതെയോ മതവൈര്യത്തിനും രാഷ്ട്രീയ വൈര്യത്തിനും നിങ്ങളും കുടപിടിക്കുകയാണ്.

നാളെ കൃഷ്ണനും രാധയും ഗുരുവും ചട്ടമ്പി സ്വാമിയുയുമെല്ലാമായി നിങ്ങളുടെ കുട്ടികളള്‍ തെരുവുകള്‍ കീഴടക്കും. അത് ഈ പേരുകളുടെയെല്ലാം ഔന്നത്ത്യം മാത്രം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാകട്ടെ, മറിച്ച് കൊടിയുടെ നിറം നോക്കിയാകാതെയുമിരിക്കട്ടെ.