ഗര്‍ഭസ്ഥ ശിശുവിനുവേണ്ടി കാന്‍സര്‍ ചികില്‍സ നിരസിച്ച മാതാവ് മരണത്തിനു കീഴടങ്ങി

പി.പി. ചെറിയാന്‍മിഷിഗന്‍: ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാന്‍സര്‍ ചികില്‍സ നിരസിച്ച മാതാവ് കാരി ഡെക് ലീന്‍ (37) മരണത്തിനു കീഴടങ്ങി. 24 ആഴ്ച വളര്‍ച്ചയെത്തിയ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്ത് മൂന്നു ദിവസത്തിനുശേഷമാണ് കുടുംബാംഗങ്ങളെയും ഭര്‍ത്താവിനെയും കണ്ണീരിലാഴ്ത്തി കാരി ലോകത്തോട് വിടപറഞ്ഞത്.

ഏഴുമാസമായി കാരിക്കു ഗുരുതരമായ ഗ്ലിയൊബ്ലാസ്‌റ്റോമ എന്ന അപൂര്‍വമായ കാന്‍സര്‍ രോഗമാണെന്ന് കണ്ടെത്തിയിരുന്നു. മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ക്ലിനിക്കില്‍ പ്രവേശിപ്പിച്ച ഇവരെ ഡോക്ടര്‍മാര്‍ പരിശോധിച്ച് കാന്‍സറിനുള്ള കീമോതെറാപ്പി ചികില്‍സവേണമെന്ന് നിര്‍ദേശിച്ചു. ഗര്‍ഭസ്ഥ ശിശുവിനെ കീമോതെറാപ്പി ദോഷം ചെയ്യുമെന്നതിനാല്‍ ഗര്‍ഭഛിത്രം നടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍, തന്റെ ജീവനക്കേള്‍ വലുത് കുഞ്ഞിന്റെ ജീവനാണെന്നു പറഞ്ഞ കാരി, സന്തോഷപൂര്‍വം കീമോ തെറാപ്പി നിരസിക്കുകയായിരുന്നു.

തുടര്‍ന്ന്, രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നു ലൈഫ് സപ്പോര്‍ട്ടിലായിരുന്ന കാരിയെ സെപ്റ്റംബര്‍ ആറിന് സിസേറിയന് വിധേയയാക്കി. 24 ആഴ്ചയും അഞ്ചു ദിവസവും പ്രായമുള്ള കുഞ്ഞിനെ കണ്‍നിറയെ കാണാനുള്ള ഭാഗ്യം ഇവര്‍ക്കുണ്ടായില്ല.പതിനെട്ടു മുതല്‍ രണ്ടു വയസുള്ള അഞ്ചു മക്കളും നോക്കി നില്‍ക്കേ വീണ്ടും സ്വര്‍ഗത്തില്‍ കണ്ടുമുട്ടാം എന്ന യാത്രാമൊഴി നല്‍കി കാരിയുടെ ജീവിതത്തിനു താല്‍ക്കാലിക വിരാമമിട്ടതായി ഭര്‍ത്താവു നിറകണ്ണുകളോടെ പറഞ്ഞു.